Success Story

ലിബര്‍ട്ടി എന്ന കമ്പനിയും യൗവ്വന്‍ എന്ന ബ്രാന്‍ഡും, വളര്‍ച്ചയുടെ നാള്‍വഴികള്‍; “THERE IS NO SHOURTCUT TO SUCCESS’: സന്ധ്യാ റാണി

സ്ത്രീയോ പുരുഷനോ ആരുമായിക്കൊള്ളട്ടെ. വ്യക്തിക്ക് ഏതൊരു പ്രതിസന്ധിയേയും നേരിടാനുള്ള മനോഭാവം ഉണ്ടോ എന്നതാണ് വിജയത്തിലേക്കെത്താനുള്ള അളവുകോലായി കണക്കാക്കുന്നത്. ബിസിനസ് മേഖലയില്‍ ഒരു സ്ത്രീ വര്‍ഷങ്ങളായി നിലനില്‍ക്കുകയും ആ സംരംഭത്തെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമ്പോള്‍ പുരുഷനേക്കാള്‍ ഒരുപടി മുകളിലാണ് അവളുടെ സ്ഥാനം. കാരണം, പലപ്പോഴും സമൂഹത്തില്‍ പലയിടത്തും ഇപ്പോഴും സ്ത്രീകള്‍ പിന്‍ന്തള്ളപ്പെടുന്നു എന്നത് തന്നെ. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് കേവലം രണ്ട് ലക്ഷം ടേണ്‍ ഓവര്‍ ഉള്ള ഒരു ബ്രാന്‍ഡിനെ 25 വര്‍ഷത്തെ കഠിനപ്രയത്‌നം കൊണ്ടും ടീം വര്‍ക്കുകൊണ്ടും 25 കോടിയില്‍ എത്തിച്ച വ്യക്തിയാണ് സന്ധ്യാ റാണി.

ഒരു സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയിലാണ് സന്ധ്യ ജനിച്ചത്. അച്ഛന്‍, അമ്മ, രണ്ട് സഹോദരിമാര്‍. അച്ഛന്‍ ഒരു COIR FACTORY മാനേജറായി 35 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും നീക്കി മുന്നോട്ടു വന്നതുകൊണ്ട് തന്നെ മറ്റുള്ള സ്ത്രീകള്‍ക്ക് സന്ധ്യയുടെ ജീവിതം തികച്ചും ഒരു പ്രോത്സാഹനമാണ്. ഭര്‍ത്താവ് ബാലകൃഷ്ണന്‍, മകള്‍ പ്രിയങ്ക എന്നിവര്‍ എല്ലാ സപ്പോര്‍ട്ടുകളും നല്‍കി സന്ധ്യയ്‌ക്കൊപ്പം തന്നെയുണ്ട്. ബിസിനസ് മേഖലയില്‍ തന്നെ സജീവമായ വ്യക്തിയാണ് സന്ധ്യയുടെ ഭര്‍ത്താവ് ബാലകൃഷ്ണനും.

സ്വന്തം കുടുംബവും, തന്നെ താനാക്കിയ ”ലിബര്‍ട്ടി” കമ്പനിയും ഒരേ രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോവാനും അവ ഒരുപോലെ സമ്പന്നവും സമ്പുഷ്ടവുമാക്കാനും സന്ധ്യയ്ക്ക് ഇക്കാലം കൊണ്ട് സാധിച്ചു.

‘ലിബര്‍ട്ടി’ എന്ന ഗാര്‍മെന്റ് കമ്പനിയുടെ സോഴ്സിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ് സന്ധ്യയിപ്പോള്‍. ആദ്യം ‘കിറ്റക്‌സ്’ എന്ന കമ്പനിയില്‍ ഇന്‍ ഹൗസ് മാര്‍ക്കറ്റിംഗില്‍ ആറു വര്‍ഷത്തെ സേവനം. അതിനുശേഷം ലിബര്‍ട്ടിയിലേക്ക്. ‘ലിബര്‍ട്ടി’ എന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നതില്‍ പിന്നെയാണ് സന്ധ്യക്ക് തന്റെ ഉള്ളിലെ കഴിവുകള്‍ തിരിച്ചറിയാനും അത് കൃത്യമായി, വേണ്ട സ്ഥലങ്ങളില്‍ പ്രായോഗികമാക്കാനും സാധിച്ചത്. ഇത്തരമൊരു വളര്‍ച്ചക്ക് ലിബര്‍ട്ടിയുടെ മാനേജ്‌മെന്റ് സന്ധ്യയെ വളരെയധികം സഹായിച്ചു.

ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ ചെയ്യേണ്ടി വന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ അങ്ങോളം ഇങ്ങോളമുള്ള ഡീലേഴ്‌സിനെയും ഡിസ്ട്രിബ്യൂട്ടേഴ്സിനെയും റീട്ടെയിലേഴ്‌സിനെയും കാണുകയും അവരിലൂടെ തങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ വിജയകരമായി അവതരിപ്പിക്കുകയും കമ്പനിയിലേക്ക് ആവശ്യമായ പ്രോഡക്ടുകള്‍ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി പര്‍ച്ചേസ് ചെയ്യുകയും ചെയ്തു. അങ്ങനെ ആണ് യൗവ്വന്‍ എന്ന ബ്രാന്‍ഡ് ഇത്രയധികം വളര്‍ന്നത്. ഇന്ന് എല്ലാ റപ്യൂട്ടഡ് സ്റ്റോറുകളിലും യൗവ്വന്റെ പ്രോഡക്ടുകള്‍ ലഭ്യമാണ്.

പുരുഷാധിപത്യം നിറഞ്ഞ ഒരു മേഖലയില്‍ സജീവമായി നിലനിന്നുകൊണ്ട് നൂതന സാങ്കേതിക വിദ്യകളും ഫാഷന്‍ ട്രെന്‍ഡുകളും മനസ്സിലാക്കി തങ്ങളുടെ കമ്പനിയെയും ബ്രാന്റിനെയും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനും സന്ധ്യയ്ക്ക് കഴിഞ്ഞു. ജോലിയില്‍ പ്രവേശിച്ച സമയത്ത് ഫോക്‌സ് എന്ന ഷര്‍ട്ട് ബ്രാന്‍ന്റിന്റെ മാനേജിങ്ങിലായിരുന്നു സന്ധ്യ നിയമിതയായത്.അവിടെ നിന്ന് കൊണ്ട് തന്നെ യൗവ്വന്‍ എന്ന തന്റെ പുതിയ ആശയത്തെ കമ്പനിയുടെ മാനേജ്‌മെന്റ് മുന്‍മ്പാകെ അവതരിപ്പിക്കുകയും അതിനെ കമ്പനി പിന്നീട് അംഗീകരിക്കുകയുമായിരുന്നു. ‘യൗവ്വന്‍’ എന്നാല്‍ യുവത്വം എന്നാണ് അര്‍ത്ഥം. യൗവ്വന്‍ എന്ന ബ്രാന്‍ഡിന്റെ കോ ബ്രാന്റായി ‘ഹഗ്ഗി’ എന്ന മറ്റൊരു ബ്രാന്‍ഡ് കൂടിയുണ്ട്. യൗവ്വന്‍ എന്ന ബ്രാന്റില്‍ ചുരിദാര്‍ മെറ്റീരിയലുകള്‍, നൈറ്റികള്‍, ലെഗിന്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച് യൗവ്വന്റെ പാക്കിങ് വ്യത്യസ്തമാണ്. ഹാങ്ങിങ് രീതി ആദ്യമായി കൊണ്ടുവന്നത് യൗവനാണ്. ഹാങ്ങിങ് രീതിയില്‍ വസ്ത്രങ്ങള്‍ സെയില്‍സിനെത്തുമ്പോള്‍ ഓരോ കസ്റ്റമേഴ്‌സിനും സ്വന്തമായി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പര്‍ച്ചേസ് ചെയ്‌തെടുക്കാം. ഇതിനിടയില്‍ ഒരു സെയില്‍സ് പേഴ്‌സണിന്റെ ആവശ്യമില്ല. ”ഫിലിം സ്റ്റാര്‍സ് ഫേവറേറ്റ് ബ്രാന്‍ഡ് ” എന്നാണ് യൗവന്റെ ടാഗ് ലൈന്‍ തന്നെ.

ഒരുപാട് ബുദ്ധിമുട്ടുകള്‍ ഈ മേഖലയില്‍ സന്ധ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയെല്ലാം മറികടന്നുകൊണ്ടാണ് യൗവ്വന്‍ എന്ന ബ്രാന്‍ഡിനെ ഇന്ന് കാണുന്ന ഈ രീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ലിബര്‍ട്ടി ഇന്ന് മാനുഫാക്ചറിങ് കമ്പനി കൂടിയാണ്. തിരുപ്പൂരാണ് മാനുഫാക്ചറിംഗ് കമ്പനി വരുന്നത്. ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ഹെഡ് ഓഫീസ് എറണാകുളം കലൂരാണ്. കൂടാതെ കലൂര്‍, വടുതല എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മറ്റു യൗവ്വന്റെ രണ്ടു യൂണിറ്റുകള്‍ കൂടി സ്ഥിതി ചെയ്യുന്നു. യൗവ്വന്‍ എന്ന ലേഡീസ് ബ്രാന്‍ഡില്‍ വസ്ത്രങ്ങളുടെ പാക്കിംഗ്, ഡിസ്ട്രിബ്യൂഷന്‍ എന്നിവയില്‍ മുന്നൂറോളം സ്റ്റാഫുകള്‍ നിലവില്‍ വര്‍ക്ക് ചെയ്യുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ.

ഒരു ബിസിനസ് ഹെഡ് എന്ന നിലയില്‍ താന്‍ കൂടുതല്‍ സമയവും സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നു. എന്നിരുന്നാലും തന്റെ കുടുംബത്തിന് വേണ്ടി നിശ്ചിത സമയം കണ്ടെത്താനും ഇഷ്ടത്തിനനുസരിച്ച് നിരവധി യാത്രകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അങ്ങനെയാണ് 28 വിദേശ രാജ്യങ്ങളില്‍ ഇക്കാലയളവില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചതെന്നും സന്ധ്യ റാണി പറയുന്നു. കൂടാതെ ഡല്‍ഹിയില്‍ നടന്ന മിസ്സിസ് ഇന്ത്യ ക്വീന്‍ ഓഫ് ഹാര്‍ട്‌സ് ബ്യൂട്ടി പേജന്റ് മത്സരത്തില്‍ (2019) സന്ധ്യ പങ്കെടുക്കുകയും അയണ്‍ ലേഡി, മിസ്സിസ് സൗത്ത് ഇന്ത്യ എന്നീ കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഇത് വെറുതെ നേടിയെടുത്ത അംഗീകാരങ്ങളായിരുന്നില്ല, അര്‍പ്പണബോധത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണ്.

കൈ തൊട്ട മേഖലയിലെല്ലാം വിജയം കൈവരിച്ച ഒരാള്‍ എന്ന നിലയില്‍ മറ്റുള്ളവരോട് സന്ധ്യക്ക് പറയാനുള്ളത് ഇതാണ് : “success doesn’t come from what you do occasionally, it come from what you do consistently”.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button