Success Story

ചിത്രത്തുന്നലുകള്‍കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍മ്മിക

ആത്മസമര്‍പ്പണത്തില്‍ വിജയം കൊയ്‌തൊരാള്‍… സ്വന്തം വരുമാനം എന്താവണമെന്നും അതിനായി തന്റെ കഴിവുകളെ പരുവപ്പെടുത്തുകയും ചെയ്‌തൊരാള്‍…. സ്വന്തം ഇച്ഛാശക്തിയില്‍ അടിയുറച്ച് വിശ്വസിച്ചൊരാള്‍… അതെല്ലാമാണ് ഗായത്രിദേവിയെ സിവില്‍ എന്‍ജീനിയറിങ് അധ്യാപികയില്‍ നിന്നും ‘കാര്‍മ്മിക ഫാബ്‌സ്’ എന്ന വര്‍ണവിസ്മയത്തിന്റെ രാജ്ഞിയാക്കി മാറ്റിയത്..!

തിരുവനന്തപുരത്ത് പട്ടം പ്ലാമൂടാണ് ‘കാര്‍മ്മിക ഫാബ്‌സ്’ എന്ന തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഗായത്രി തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍മ്മിക ഫാബ്സ് നഗരത്തിനൊപ്പം വളരുന്നു. കോവിഡെന്ന മഹാമാരിയിലും മത്സരാധിഷ്ഠിതമായ വസ്ത്രനിര്‍മ്മാണമേഖലയില്‍ ഗായത്രി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ് കാര്‍മ്മികയുടെ ജനപ്രിയത.

കാര്‍മ്മിക എന്നാല്‍ ഒരു സംസ്‌കൃത വാക്കാണ്. അതിന് എംബ്രോയ്ഡഡ് എന്ന അര്‍ത്ഥമാണ് വരിക. എബ്രോയ്ഡറി ആര്‍ട്ട് ലോകവ്യാപകമായി എത്തിച്ചേരാന്‍ കാരണമായ ആദ്യകാല തയ്യല്‍ രീതികളിലൊന്നാണ് ചിത്രത്തുന്നലുകള്‍. അതിന് പേരുകേട്ട ലക്‌നൗ ചിത്രത്തുന്നലാണ് വസ്ത്രരൂപകല്പനയില്‍ ഗായത്രിയും കാര്‍മ്മികയും പിന്തുടരുന്നത്.

ലക്‌നൗ സന്ദര്‍ശനത്തില്‍ അവിടെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ സ്വയം കൈകള്‍കൊണ്ട് തുന്നിയെടുക്കുന്ന വസ്ത്രങ്ങളും അതിന്റെ ഭംഗിയും എല്ലാവരേയും പോലെ ഗായത്രി എന്ന വസ്ത്രപ്രേമിയേയും സ്വാധീനിച്ചു. അതാണ് ‘കാര്‍മ്മിക’ എന്ന ആശയത്തിലെത്തിയപ്പോള്‍ ലക്‌നൗ ചിക്കന്‍കാരി തന്നെ തിരഞ്ഞെടുക്കാന്‍ ഗായത്രിയെ പ്രേരിപ്പിച്ചതും.

സ്ത്രീകള്‍ക്കുള്ള അണ്ടര്‍ ഗാര്‍മെന്റസ് മുതല്‍ എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും കാര്‍മ്മികയില്‍ ലഭ്യമാണ്. ഒന്നിലും സ്പെഷ്യലൈസേഷന്‍ ഇല്ലെങ്കിലും ആവശ്യക്കാര്‍ക്ക് അവരുടെ രീതിയില്‍ ഡിസൈന്‍ ചെയ്ത് നല്കും. സ്റ്റിച്ചിങും മറ്റും പുറത്ത് നിന്ന് വരുന്നവര്‍ക്കും ചെയ്തു കൊടുക്കാറുണ്ട് കാര്‍മ്മിക. നല്ല ഗുണമേന്മയും സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന വിലയുമാണ് കാര്‍മ്മികയെ ജനപ്രിയമാക്കുന്നത്.

ലക്‌നൗ ചിക്കന്‍കാരി (ചിത്രത്തുന്നല്‍) ആണ് കാര്‍മ്മികയെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ സമ്പന്നമായ ചിത്രത്തുന്നല്‍, വൈവിധ്യമാര്‍ന്ന സംസ്‌കാരം എന്നിവ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്….. അത് നമ്മുടെ ആളുകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുക. അതില്‍ സന്തോഷമുണ്ടെന്ന് ഗായത്രി ദേവി പറയുന്നു.
ആദ്യം ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാര്‍മ്മിക പിന്നീട് ഓഫ്‌ലൈനിലേക്ക് മാറി. എബ്രോയിഡറി വര്‍ക്കിന്റെ ഭംഗി ഓണ്‍ലൈന്‍ വിപണനത്തില്‍ ഉപഭോക്താവിന് സംതൃപ്തി നല്‍കുന്നതില്‍ അത്ര വിജയമല്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയതോടെ, പറഞ്ഞും കണ്ടും അനുഭവിച്ചും അറിയുന്നതിന്റെ സംതൃപ്തി വസ്ത്രപ്രേമികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെയൊരു സ്ഥാപനത്തിലേക്ക് വഴിയൊരുക്കിയത്. അത് വിജയം കാണുകയും ചെയ്തു.

കാര്‍മ്മികയുടെ ആരംഭകാലത്തെ കസ്റ്റമേഴ്‌സ് ഇപ്പോഴും സ്ഥിരം കസ്റ്റമേഴ്സായി തുടരുന്നു എന്നതാണ് കാര്‍മ്മികയുടെ വലിയ പ്രത്യേകത. ഒരു കസ്റ്റമറിന് ലഭിക്കുന്ന സംതൃപ്തിയില്‍ നിന്നുമുണ്ടാകുന്ന ‘മൗത്ത് പബ്ലിസിറ്റി’ മറ്റൊരു പബ്ലിസിറ്റിയ്ക്കും നല്‍കാന്‍ കഴിയില്ല എന്ന് ഗായത്രി നിറപുഞ്ചിരിയോടെ പറയുന്നു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും ദിനംപ്രതി നിരവധി ആളുകള്‍ കാര്‍മ്മികയെ തേടി എത്തുന്നു എന്നതിനാല്‍ ഒരു ‘സംരംഭക’ എന്ന നിലയില്‍ താന്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നതെന്ന് ഗായത്രിദേവി സാക്ഷ്യപ്പെടുത്തുന്നു.

ലക്‌നൗ, ജയ്പൂര്‍, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് മെറ്റീരിയലുകള്‍ എത്തിക്കുന്നത്. മാറുന്ന ട്രെന്‍ഡുകള്‍ വളരെ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ഗായത്രിദേവി ശ്രദ്ധിക്കാറുമുണ്ട്.

ഒരു സ്ത്രീ സംരംഭകയ്ക്ക് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരും. എന്നാല്‍ അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാന്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്നത് ഭര്‍ത്താവും മക്കളുമടങ്ങുന്ന തന്റെ കുടുംബമാണന്ന് ഗായത്രിദേവി പറയുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ വര്‍ണങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന വിജയ നിമിഷത്തില്‍ കോവിഡ് മഹാമാരി കാര്‍മ്മികയേയും പിടിച്ചൊന്നുലച്ചു. എങ്കിലും ആത്മസമര്‍പ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പിന്‍ബലത്താല്‍, മുന്നോട്ട് പോകുവാന്‍ കാര്‍മ്മികയ്ക്ക് കഴിഞ്ഞു.

ഇനിയും വ്യത്യസ്തമായ ഡിസൈനുകള്‍ വസ്ത്രപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ ഗായത്രിദേവിക്ക് കഴിയട്ടെ. തലസ്ഥാന നഗരിയ്ക്ക് പുറമെ, മറ്റ് നഗരങ്ങളിലും ചിത്രത്തുന്നലുകള്‍കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കാര്‍മ്മികയ്ക്ക് കഴിയട്ടെ!!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button