നിശ്ചയദാര്‍ഡ്യത്തിന്റെ വിജയം
ജീവിതവിജയത്തിനു സ്വപ്‌നം കണ്ടാല്‍ മാത്രം പോരാ, അതിനെ തീവ്രാഭിലാഷമായി ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും ആവാഹിച്ചു കഠിനപ്രയത്‌നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നേടിയെടുക്കുകയാണ് വേണ്ടത്. വിജയം നേടുന്നത് വരെ പരിശ്രമിച്ചാല്‍ മാത്രമേ ലക്ഷ്യം പ്രാപ്തമാവുകയുള്ളൂ.
ബാല്യം മുതലേ നെഞ്ചിലേറ്റിയ സ്വപ്‌നമായിരുന്നു ഒരു സംരംഭകനാവുക എന്നത്. എല്ലാവരെയും പോലെ സ്വപ്‌നം കാണുക മാത്രമല്ല അദ്ദേഹം ചെയ്തത് കഠിനമായി പ്രയത്‌നിച്ചു. തുടക്കത്തില്‍ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചു മുന്നേറി. തനിക്കുണ്ടായ ഓരോ പ്രതിസന്ധികളെയും ഓരോ പാഠമാക്കി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സ്വന്തം കുടുംബ പേരായ ‘തോപ്പില്‍’ എന്ന ബ്രാന്‍ഡിന് കീഴില്‍ നിരവധി സ്ഥാപനങ്ങളും ഉപ സ്ഥാപനങ്ങളുമായി വ്യവസായ ലോകത്തു വിജയക്കൊടി പാറിച്ച വ്യക്തിയാണ് ഫസിലുദ്ദീന്‍.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശിയാണ് അദ്ദേഹം. പഠിക്കുമ്പോള്‍ തന്നെ സ്വന്തം ഭാവി സ്വന്തം കരങ്ങളാല്‍ നിശ്ചയിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്വന്തമായൊരു സ്ഥാപനത്തിന്റെ ഉടമയാകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പിന്നീട് തന്റെ ആഗ്രഹം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമമായിരുന്നു.
ഫസിലുദ്ദീന്‍ അടക്കം അഞ്ച് മക്കള്‍ അടങ്ങുന്ന കുടുംബം. സഹോദരങ്ങളും ബിസിനസ് മേഖലയോട് താല്പര്യം ഉള്ളവര്‍ ആയിരുന്നു. പഠനശേഷം തന്റെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാനായി അദ്ദേഹം വിദേശത്തേക്ക് യാത്രയായി. 1990 ലെ വിദേശയാത്ര അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കമായിരുന്നു.
പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ 2000-ല്‍ അദ്ദേഹം നാട്ടില്‍ ഒരു സിമന്റ് പ്രൊഡക്ട് മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിച്ചു. പിന്നീട് 2005 ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി. തോപ്പില്‍ കണ്‍സ്ട്രക്ഷന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ സഹോദരങ്ങള്‍ വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ അവരുടേതായ പ്രവര്‍ത്തനങ്ങളുമായി, പ്രത്യേകം ഓഫീസും പ്രത്യേകം രജിസ്‌ട്രേഷനുമായി സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗവണ്‍മെന്റിന്റെ ‘എ’ ക്ലാസ് ലൈസന്‍സ് നേടിയവരായിരുന്നു എല്ലാവരും. അതിന്റെ ചുവടുപിടിച്ചു ഫസിലുദ്ദീനും അതേ മേഖലയില്‍ പ്രവേശിച്ചു.
തോപ്പില്‍ കണ്‍സ്ട്രക്ഷന്‍ എന്ന ലേബലില്‍ത്തന്നെ സ്വന്തമായി കോണ്‍ട്രാക്ട് വര്‍ക്കുകളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു പ്രവര്‍ത്തനമാരംഭിച്ചു. കൂടുതലും ഗവണ്‍മെന്റ് വര്‍ക്കുകളാണ് അദ്ദേഹം ഏറ്റെടുത്തു ചെയ്തിരുന്നത്. ആത്മാര്‍ത്ഥതയോടൊപ്പം യഥാസമയം വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഫസിലുദ്ദീന്‍ ശ്രദ്ധ ചെലുത്തിയിരുന്നു.
മെച്ചപ്പെട്ട സേവനം ആ മേഖലയില്‍ കാഴ്ച വച്ചതോടെ വളരെ പെട്ടെന്ന് തന്നെ ഗവണ്‍മെന്റിന്റെ ‘എ’ ക്ലാസ് ലൈസന്‍സ് നേടിയ കോണ്‍ട്രാക്ടറാകാന്‍ അദ്ദേഹത്തിനും സാധിച്ചു.
തോപ്പില്‍ കണ്‍സ്ട്രക്ഷനു ശേഷം 2005 ല്‍ തന്നെ, തന്റെ സംരംഭ ജീവിതത്തെ മാറ്റിമറിച്ച ഒരു പുതിയ ആശയത്തിലേക്ക് ഫസിലുദ്ദീന്‍ വഴിമാറി. അങ്ങനെയാണ് ട്രാവന്‍കൂര്‍ ന്യൂ ടെക് ബ്രിക്‌സ് എന്ന സ്ഥാപനത്തിന് നാന്ദി കുറിക്കുന്നത്.
ഇന്റര്‍ലോക്ക് ബ്രിക്‌സുകളാണ് ഇതില്‍ പ്രധാനമായും നിര്‍മിക്കപ്പെടുന്നത്. മണ്ണ് കൊണ്ട് നിര്‍മിക്കുന്ന ഇത്തരത്തിലുള്ള ബ്രിക്‌സുകള്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞവയുമാണ്. ഇതില്‍ സിമന്റിന്റെ ഉപയോഗം താരതമ്യേന കുറവാണ്. കൂടാതെ ഇത്തരത്തിലുള്ള മണ്ണ് നിര്‍മിത ബ്രിക്സുകള്‍ ഉപയോഗിക്കുന്നതിലൂടെ ജോലി വളരെ വേഗം പൂര്‍ത്തിയാവുകയും ചെയ്യുന്നു.
ഇത്തരം ബ്രിക്‌സുകള്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളാണ് വീട്ടുടമയ്ക്കുണ്ടാകുക. താരതമ്യേന ചെലവ് കുറവാണ് ഇവയുടെ നിര്‍മാണത്തിന്. കൂടാതെ വീടു നിര്‍മാണത്തില്‍ ഇവയുടെ ഉപയോഗത്തിലൂടെ വീടിനുള്ളില്‍ എപ്പോഴും തണുത്ത അന്തരീക്ഷം നിലനിര്‍ത്താനും അതുവഴി വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്ക്കുവാനും സാധിക്കുന്നു. ട്രാവന്‍കൂര്‍ ന്യൂ ടെക് ബ്രിക്‌സ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം ഇത്തരമൊരു ആശയം നടപ്പിലാക്കുമ്പോള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ നിര്‍മാണം എന്നതായിരുന്നു ലക്ഷ്യം.
ഇന്റര്‍ലോക്ക് വിപണനത്തിനു സംരംഭക മേഖലയില്‍ നല്ല സ്വീകാര്യതയാണുണ്ടായത്. ഒരു സാധാരണക്കാരന് അവന്റെ സ്വപ്‌നത്തിനനുസരിച്ച് വീട് വയ്ക്കാന്‍ സഹായിക്കുന്ന രീതിയായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു. അങ്ങനെ ഈ മേഖലയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ക്രമേണ ഇന്റര്‍ലോക്ക് ബിസിനസ് ഒരു വന്‍നേട്ടമായി മാറി.
അതിനു ശേഷമാണ് അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം കുറച്ചുകൂടി വികസിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കിളിമാനൂരിലെ പുളിമാത്ത് ആസ്ഥാനമാക്കി തോപ്പില്‍ ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനം ആരംഭിച്ചു. മികച്ച ഗുണനിലവാരവും മിതമായ നിരക്കിലുള്ളതും ട്രെന്‍ഡിങായിട്ടുള്ളതുമായ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയലുകളാണ് ഇവിടെയുള്ളത്. ഈ സ്ഥാപനം ആരംഭിച്ചു കുറച്ചു നാളുകള്‍ക്കുള്ളില്‍ പാപ്പനംകോട്, പള്ളിപ്പുറം എന്നിവിടങ്ങളിലും ഷോറൂമുകള്‍ ആരംഭിച്ചു. ജനങ്ങള്‍ നല്‍കിയ സ്വീകാര്യത തന്നെയാണ് അദ്ദേഹത്തിന് പുതിയ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പ്രചോദനമായി മാറിയത്.
നിര്‍മാണ മേഖലയില്‍ മേന്മയുള്ള സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നത് അദ്ദേഹത്തിന് എന്നും താല്‍പര്യമുണ്ടായിരുന്നു. ഒരു നല്ല സംരംഭകന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. തന്റെ പ്രൊഫഷനിലെ നേട്ടങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം ചിലവഴിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
തിരക്കുകള്‍ക്കിടയിലും നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചെറുകിട വ്യവസായ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ട്രിക് ചെയര്‍പേഴ്‌സനായും തൊളിക്കുഴി എസ്.വി.എല്‍.പി സ്‌കൂളിന്റെ മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ വെഞ്ഞാറമൂട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി, പാവപ്പെട്ട രോഗികള്‍ക്കായി നടപ്പിലാക്കിയിരിക്കുന്ന സൗജന്യ ഡയാലിസിസിനു മേല്‍നോട്ടം വഹിക്കുന്നത് അദ്ദേഹമാണ്.
2016-ല്‍ അന്നത്തെ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായിരുന്ന അലക്‌സ് കുര്യാക്കോസാണ് മുന്‍കൈയെടുത്ത്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ഈ പ്രോജക്ട് ആരംഭിച്ചത്. ഡിസ്ട്രിക്റ്റ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത് ഫസിലുദ്ദീനാണ്. ഇതുവരെ നാലായിരത്തിലധികം ഡയാലിസിസ് രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം.
വ്യക്തമായ കാഴ്ചപ്പാടുകളോടെ ജീവിതത്തെ സമീപിച്ച വ്യക്തിയാണ് ഫസിലുദ്ദീന്‍. സ്വന്തം ജീവിതത്തില്‍ പയറ്റിത്തെളിഞ്ഞ പാഠങ്ങള്‍ തന്നെയാണ് വരും തലമുറയോടും പറയുന്നത്. ഗവണ്‍മെന്റ് ജോലി എന്ന ഒറ്റ സ്വപ്‌നത്തില്‍ ഒരിക്കലും സ്വന്തം കഴിവുകളെ തളച്ചിടരുത്. പകരം സ്വന്തം കഴിവുകളെയും ചിന്തകളെയും സ്വതന്ത്രമാക്കി വിടുക. അനന്തവിഹായസ്സിന് താഴെയുള്ള എന്തും നിങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. വിജയം നിങ്ങള്‍ക്കു സുനിശ്ചിതമാണ്.
വ്യവസായം നമ്മുടെ നാടിന്റെ നട്ടെല്ലാണ്. ഇന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസായ മേഖലയോടുള്ള സമീപനം ഒട്ടാകെ മാറിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തിരി പുതിയ പദ്ധതികള്‍ സംരംഭക മേഖലയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലൈസന്‍സ് എടുക്കാതെ മൂന്ന് വര്‍ഷത്തേക്ക് വ്യവസായം നടത്താനുള്ള അനുമതി സംരംഭക ലോകത്തോടുള്ള സര്‍ക്കാരിന്റെ കരുതലാണ് സൂചിപ്പിക്കുന്നത്. യുവതലമുറ വ്യവസായ മേഖലയിലേക്ക് വന്നാല്‍ മാത്രമേ സാമ്പത്തിക പുരോഗതി ഉണ്ടാവുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം.
കോവിഡ് 19 വേട്ടയാടിയ ദിനങ്ങളിലും ഫസിലുദ്ദീന്‍ നല്ല തിരക്കിലാണ്. പുസ്തക വായനയും വ്യവസായരംഗത്തെ പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനവും സൂം മീറ്റിങുകളും വെബിനാറുകളുമായി തിരക്കേറിയ ജീവിതം. പുതിയ ആശയങ്ങളും അറിവുകളും സ്വായത്തമാക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ലോക്ഡൗണിനെ. ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രവര്‍ത്തിക്കാന്‍ വേണ്ടി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയില്‍ മുന്നേറുകയാണ് ഈ സംരംഭകന്‍.
കുടുംബം:
ഭാര്യ: ഫെമിന
മക്കള്‍: ഫെബിന്‍ മുഹമ്മദ്(ആര്‍കിടെക്റ്റ്), ആദം അലി (പ്ലസ്ടൂ കഴിഞ്ഞ് ഉപരിപഠനം നടത്തുന്നു).
മക്കള്‍ രണ്ടു പേരും കമ്പനി ഡയറക്‌ടേഴ്‌സാണ്.