സെമിലോണ്‍ ടെക്‌നോളജീസ് ; സോളാര്‍ ഉത്പന്നങ്ങളിലൂടെ വിജയം എത്തിപ്പിടിച്ച സംരംഭം
ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കുത്തക കൈയടക്കിയ ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം കുറയ്ക്കാന്‍ നമ്മുടെ നാട്ടിലെ യുവതലമുറ മുന്നിട്ടുവരുന്നത് നാടിന്റെ പുരോഗതിയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. അത്തരം ഒരു സംരംഭമാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെമിലോണ്‍ ടെക്‌നോളജീസ്.
2010ല്‍ സ്ഥാപിതമായ സെമിലോണ്‍, സുഹൃത്തുക്കളായ വിദ്യര്‍ത്ഥികളുടെ ഒരു സംരംഭമാണ്. അമല്‍ രാജ്, അരുണ്‍രാജ് ആര്‍, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ കോളേജ് പഠനത്തിന് ശേഷം ഒത്തുചേര്‍ന്ന് രൂപം കൊടുത്തതാണ് സെമിലോണ്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം.
എല്‍ ഇ ഡി ലൈറ്റ്‌സ്, സോളാര്‍ പ്രോഡക്റ്റ്‌സ്, ലൈറ്റിങ് ഡിസൈനിങ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയാണ് സെമിലോണിന്റെ പ്രോഡക്ടുകളും സേവനങ്ങളും.
എനര്‍ജി സേവിങ്, എനര്‍ജി എഫിഷ്യന്‍സി ഉത്പന്നങ്ങളും അതുമായി ബന്ധപ്പെട്ട കമ്പനികളെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാനമായും സെമിലോണിന്റെ പ്രവര്‍ത്തന മേഖല. ഇപ്പോള്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഊര്‍ജ്ജ – കാര്യക്ഷമത ഉത്പന്നങ്ങളും സെമിലോണ്‍ വഴി ലഭ്യമാണ്. അഞ്ചുപേര്‍ ചേര്‍ന്ന് ആരംഭിച്ച സെമിലോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, ഇന്ന് 15 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ലേക്ക് എത്തിനില്ക്കുന്ന വിജയസംരംഭമാണ്.
യാതൊരു മൂലധനമോ, ബിസിനസ് പാരമ്പര്യമോ ഇല്ലാതെ തങ്ങളുടേതായ ഒരു സംരംഭം എന്ന സ്വപ്‌നത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സെമിലോണിനേയും അതിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. തുടര്‍ന്ന് ആന്ധ്രാ ബാങ്ക് അനുവദിച്ച ലോണ്‍ സെമിലോണിന് ആശ്വാസമായി മാറുകയായിരുന്നു. അവിടെ നിന്നാണ് സെമിലോണിന്റെ വിജയയാത്ര ആരംഭിക്കുന്നത്.
തിരുവനന്തപുരം കിംസില്‍ എല്‍ ഇ ഡി ലൈറ്റിങ് മേഖലയില്‍ ശ്രദ്ധേയമായ ഒരു പ്രോജക്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞത് സെമിലോണിന് നല്ലൊരു തുടക്കമായി. തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡിലുള്ള ഉല്പന്നങ്ങള്‍ റീട്ടെയില്‍ മേഖലയില്‍ ലോഞ്ച് ചെയ്യാനും സാധിച്ചു. 2012-ല്‍, എനര്‍ജി എഫീഷ്യന്റ് ഉത്പന്നങ്ങളുടെ നിര്‍മാണം എന്ന കാറ്റഗറിയില്‍ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ റെക്കഗ്നിഷന്‍ അവാര്‍ഡും സെമിലോണ്‍ നേടി.
വിപണിയില്‍ വില അടിസ്ഥാനമാക്കിയുള്ള യുദ്ധം നടക്കുന്നുവെന്നതാണ് സെമിലോണ്‍ നേരിടുന്ന വെല്ലുവിളി. മനുഷ്യവിഭവ ശേഷിയുടെ കുറവാണ് മറ്റൊരു പ്രശ്നം. വി.സി ഫണ്ടിങിന് പുറമേ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സെമിലോണ്‍ 2016 ല്‍ റീട്ടെയിലിങിലേക്ക് കടന്നു. ഉത്പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരത്തിന് പുറമേ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരണമായുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നുവെന്നതാണ് സെമിലോണിന്റെ പ്രത്യേകത. കേരളത്തിലും തമിഴ്‌നാട്ടിലും 250 ഓളം ഷോപ്പുകളില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
സോളാര്‍ ഉത്പന്നങ്ങളിലുള്ള വൈദഗ്ദ്യം സെമിലോണിനെ സംരംഭകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിക്കൊടുക്കാന്‍ സഹായിച്ചു. സോളാര്‍ പവര്‍ ഹാര്‍നെസിങിലും സംഭരണ രീതിയിലും പ്രയോഗിച്ച ലളിതവും നൂതനവുമായ സാങ്കേതികവിദ്യ നിമിത്തം സെമിലോണ്‍ വിശ്വസനീയമായ സോളാര്‍ ഇപിസിയായി പ്രവര്‍ത്തിക്കുന്നു. സോളാര്‍ ഉത്പന്നങ്ങളിലുള്ള ശ്രദ്ധ ഗുണനിലവാരവും, അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്ന ഒരു വിശ്വസനീയമായ ഉത്പന്ന ശ്രേണിയാക്കി സെമിലോണിനെ മാറ്റി.
മികച്ച നിക്ഷേപകരെ കണ്ടെത്തുക, ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക, അടുത്ത വര്‍ഷത്തോടെ കേരളത്തിലെ ആയിരം ഷോപ്പുകളില്‍ സാന്നിദ്ധ്യമുറപ്പാക്കുക എന്നിവയാണ് ഭാവി പദ്ധതികള്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ പ്രതിസന്ധി അതിജീവിച്ചുകൊണ്ട് വിപണന മാര്‍ക്കറ്റില്‍ ഊര്‍ജ്ജ – കാര്യക്ഷമ ഉത്പന്നങ്ങളുടെ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരാന്‍ സെമിലോണിനും അതിനു പിന്നിലുള്ള യുവതലമുറയ്ക്കും കഴിയട്ടെ..
Semilon Technologies: 81299 98126