പേപ്പര്‍ കാരിബാഗുകളില്‍ വിസ്മയ വിജയം നേടി മുല്ലശ്ശേരി
സംരംഭകത്വ മോഹം ഷഹാബിന്റെ മനസ്സില്‍ ഉദിച്ച സമയത്താണ് പൊതുവ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കവറുകള്‍ നിരോധിക്കപ്പെട്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണല്ലോ ഒരു സംരംഭകന്റെ പ്രസക്തിയും ധര്‍മവും. അതുകൊണ്ടുതന്നെ, പേപ്പര്‍ ബാഗുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന വന്‍ വിപണന സാധ്യത മുന്നില്‍ കാണാന്‍ ഷിഹാബിനു കഴിഞ്ഞു. ഷഹാബിനൊപ്പം അനൂപ്, സഫര്‍ എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ ‘മുല്ലശ്ശേരി’ എന്ന സ്ഥാപനം പിറവിയെടുത്തു. ഷഹാബിന്റെ മനസ്സില്‍ ഉദിച്ച ആ ആശയം അങ്ങനെ യാഥാര്‍ത്ഥ്യമായി.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരുവനന്തപുരത്ത് പേപ്പര്‍ കാരിബാഗുകളുടെ മേഖലയില്‍ ഒരു പ്രധാന സ്ഥാനം നേടിയെടുക്കാന്‍ മുല്ലശ്ശേരിയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. കേരളത്തിലുടനീളം തങ്ങളുടെ ഉത്പന്നം എത്തിക്കണമെന്നും പത്ത് ലക്ഷത്തോളം ബാഗുകള്‍ ഒരു മാസം ഉത്പാദിപ്പിക്കണമെന്നുമാണ് മുല്ലശ്ശേരിയുടെ സ്വപ്‌നവും ലക്ഷ്യവും. കൂടാതെ പ്ലാസ്റ്റിക്കില്‍ നിന്ന് പ്രകൃതിദത്തമായതിലേക്ക് വഴിമാറുന്ന പേപ്പര്‍ കപ്പുകള്‍, വുഡന്‍ സ്പൂണുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണവും മുല്ലശ്ശേരി ലക്ഷ്യമിടുന്നു.
നിയമം പ്രാബല്യത്തില്‍ വന്നിട്ടും പ്ലാസ്റ്റിക്കിനോട് വിട ചൊല്ലാന്‍ പല വ്യാപാര സ്ഥാപനങ്ങള്‍ക്കുമുള്ള മടി മുല്ലശ്ശേരിയുടെ ബിസിനസ്സിന് ഒരു ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ സാഹചര്യം വന്നതോടെ ഏതാണ്ട് പഴയതുപോലെ, പ്ലാസ്റ്റിക്ക് കവറുകളിലേക്ക് പല കടകളും ചേക്കേറിയതായി അനൂപ് പറഞ്ഞു. അതുകൊണ്ടുതന്നെ, കൊറോണ സാഹചര്യം മുല്ലശ്ശേരിയുടെ ബിസിനസ്സിനെ ആഘാതമായി ബാധിച്ചിട്ടുണ്ട്. കടകളിലെ തിരക്ക് കുറഞ്ഞപ്പോള്‍ സ്വാഭാവികമായും മുല്ലശ്ശേരിയ്ക്ക് ഓര്‍ഡറുകള്‍ കുറഞ്ഞു.
പ്രകൃതിദത്തമായ പല ഉത്പന്നങ്ങളും നിര്‍മിക്കാന്‍ താത്പര്യപ്പെടുന്ന വിവിധ കമ്പനികള്‍ക്ക് കഴിയുന്ന തരത്തിലുള്ള പിന്തുണ മുല്ലശ്ശേരി നല്‍കുന്നുണ്ട്. പ്രകൃതിയോട് പ്രതിപത്തി സൂക്ഷിച്ചുകൊണ്ട് സംരംഭകത്വ വിജയം കൈവരിക്കാന്‍ ഈ സുവര്‍ണാവസരം ഒരുപാടുപേരെ സഹായിക്കുന്നു. ഭൂമിയെ ശ്വാസം മുട്ടിക്കാതെയും ബിസിനസ്സ് നടത്താന്‍ കഴിയുമെന്ന തിരിച്ചറിവാണ് ഈ സഹായങ്ങളിലൂടെ മുല്ലശ്ശേരി പകര്‍ന്നു നല്‍കുന്നത്.
അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് മുല്ലശ്ശേരിയെ വിജയസോപാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പ്രാരംഭകാലത്ത് ജീവനക്കാരുടെ അപര്യാപ്തതയില്‍ നിര്‍മാണവും വിതരണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ജോലികള്‍ യാതൊരു മടിയും കൂടാതെ ഷഹാബും ഭാര്യയും സഫറും അനൂപും ഏറ്റെടുത്തു ചെയ്യുമായിരുന്നു. ആ മനോഭാവമായിരിക്കണം ഏതൊരു സംരംഭകനും പുലര്‍ത്തേണ്ടത്.
പ്രകൃതിയോട് ചേര്‍ന്നുനിന്ന് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന മുല്ലശ്ശേരിയ്ക്ക് ‘സക്‌സസ് കേരള’യുടെ വിജയാശംസകള്‍!