പ്രതിസന്ധികളില്‍ പ്രതീക്ഷയേകി Mindthraa
20 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് ഹണി Mindthraa എന്ന തന്റെ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിച്ചും അടുത്തറിഞ്ഞും മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹണിയെ കൗണ്‍സിലിങ് പ്രൊഫഷനിലേക്ക് നയിച്ചത്.
മികച്ച പഠന നിലവാരം പുലര്‍ത്തുന്ന, കലാകായിക മികവുകളില്‍ മുന്നിട്ടുനില്‍ക്കുന്ന കുട്ടികളെ മാത്രം ഉയര്‍ത്തികൊണ്ടുവന്നു പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പല കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വളരെ അധികമാണ്. ഇതില്‍ പലരും കുടുംബത്തില്‍ നിന്നുപോലും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടുന്നവരാണ്.
ഹയര്‍ സെക്കന്ററി കുട്ടികളെ പഠിപ്പിക്കവെയാണ്, കൗമാരപ്രായത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ ഹണിക്ക് സാധിച്ചത്. അധ്യാപനത്തില്‍ നിന്നുകൊണ്ട് ഈ കുട്ടികളെ സഹായിക്കുവാന്‍ പ്രതിസന്ധികള്‍ ഉണ്ടായതിനാല്‍, ജോലിചെയ്തുകൊണ്ട് തന്നെ MA, BEd (ഇക്കണോമിക്‌സ്) യോഗ്യതയുള്ള ഹണി M.Sc സൈക്കോളജിയും പിന്നീട് ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് & കൗണ്‍സിലിങ് ബിരുദങ്ങള്‍ കരസ്ഥമാക്കി. അതിനുശേഷം, ജോലി രാജിവച്ചു Mindthraa ആരംഭിച്ചു.
ഉപേക്ഷിക്കാന്‍ പറ്റാത്ത തരത്തില്‍ അധ്യാപനം ഹൃദയത്തോട് ചേര്‍ന്നതിനാല്‍, കൗണ്‍സിലിങ് സെന്ററിനോട് ചേര്‍ന്ന് ഒരു ട്യൂഷന്‍ സെന്റര്‍ കൂടി ഹണി ആരംഭിച്ചു. എല്ലാ പ്രായക്കാര്‍ക്കും Mindthraa കൗണ്‍സിലിങ് നല്‍കുന്നുണ്ട്. എന്നാല്‍ ടീനേജ് പ്രായത്തിലുള്ള ആണ്‍കുട്ടികളാണ് കൗണ്‍സിലിങിനു അധികവും എത്താറുള്ളത്. ഇവരില്‍ സ്വയം വരുന്നവരുമുണ്ട്; രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ചു കൊണ്ട് വരുന്നവരുമുണ്ട്. ഇവരുടെ പ്രശ്‌നം മനസിലാക്കി ട്രീറ്റ്‌മെന്റ്, തെറാപ്പി ആവശ്യമുള്ളവരെ അതിനു നിര്‍ദേശിക്കുകയും കൗണ്‍സിലിങ്, എഡ്യൂക്കേഷന്‍ സപ്പോര്‍ട്ട്, ടോക്ക് തെറാപ്പി എന്നിവയിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.
പുതിയൊരു അന്തരീക്ഷത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍, പഠിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ എന്നിവരെ അവര്‍ ആഗ്രഹിക്കുന്നത് വരെ ഹണി തന്റെ മേല്‍നോട്ടത്തില്‍ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കുന്നു. ഈ പഠനത്തിലൂടെ മികച്ച റിസള്‍ട്ട് നേടിയ നിരവധി കുട്ടികളാണുള്ളത്. ഈ കുട്ടികളില്‍ പലരും ഓണ്‍ലൈണ്‍ ഗെയിം തുടങ്ങിയവയോട് ‘അഡിക്ഷന്‍’ ഉള്ളവരാകും. ഇവര്‍ക്കുള്ള പുനരധിവാസവും ഹണി നല്കുന്നുണ്ട്. കുട്ടികള്‍ക്കു തന്റെ മുഴുവന്‍ സമയവും ‘കെയര്‍’ നല്‍കിയാണ് ഹണി Mindthraa മുന്നോട്ട് കൊണ്ട് പോകുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജെരിയാട്രിക്‌സില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയ ഹണി ഇപ്പോള്‍ എപിജെ അബ്ദള്‍കലാം യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വന്നുപോകാന്‍ കഴിയുന്ന കുറച്ച് കുട്ടികള്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആണ് ഇപ്പോള്‍ നല്‍കുന്നത്. സ്‌കൂളുകളിലും മറ്റും അവയര്‍നെസ്സ് പ്രോഗാമുകളും കൗണ്‍സിലിങ് സെഷനുകളും ഹണി കൈകാര്യം ചെയ്യാറുണ്ട്. അസ്ബിഎം എന്ന കോളേജിന്റെ ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ എല്ലാ ആഴ്ചയിലും ‘പാന്‍ഡെമിക്’ സമയത്തെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അഞ്ച് മിനിറ്റ് ടോക്കും ഹണി നടത്താറുണ്ട്.
പേരന്റിങ്
കുട്ടികളും രക്ഷകര്‍ത്താകളും തമ്മില്‍ സൗഹൃദപരമായ എന്തും തുറന്നു സംസാരിക്കാവുന്ന ഒരു ബന്ധം വളര്‍ത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തില്‍ പ്രധാനമാണെന്ന് ഹണി പറയുന്നു. കുട്ടികളുടെ വ്യക്തിസ്വാതന്ത്രത്തെ മാനിക്കുകയും അവരുടെ അക്കാദമിക്‌സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം.
ഡിജിറ്റല്‍ ഡിവൈഡ്
ഇന്നത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന പോരായ്മയാണ് ഡിജിറ്റല്‍ ഡിവൈസ്. നാളെ ഇതിന്റെ വെല്ലുവിളി എന്ന് പറയുന്നത് ഇത് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന മികച്ച വിദ്യഭ്യാസം കിട്ടിയവര്‍, കിട്ടാത്തവര്‍ എന്ന രണ്ട് ഗ്രൂപ്പുകളാണ്.
മെന്റല്‍ ഹെല്‍ത്ത്
ഈ പാന്‍ഡെമിക് സമയത്ത് നമ്മുടെ ശാരീരിക ആരോഗ്യത്തെ പോലെ പ്രാധാന്യമേറിയതാണ് മാനസികാരോഗ്യം. ഈ സമയത്ത് അനുഭവിക്കുന്ന സ്‌ട്രെസ്, ടെന്‍ഷന്‍ ഇവയൊക്കെ ശ്രീദ്ധക്കേണ്ടതും കൗണ്‍സിലിങ് വേണ്ടവര്‍ അത് എടുക്കുകയും വേണം.
സെക്‌സ് എഡ്യൂക്കേഷന്‍
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സെക്‌സ് എഡ്യൂക്കേഷന്റെ അഭാവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. എല്ലാ ജെന്‍ഡേഴ്‌സിനേയും തുല്യരായി കാണാനും മനസിലാക്കാനും നമ്മുടെ സമൂഹത്തിനു കഴിയാത്തതാണ് ഇവിടെ നടക്കുന്ന ജെന്‍ഡര്‍ ക്രൈമുകള്‍ക്കു പ്രധാന കാരണം.
തന്റെയടുത്ത് കൗണ്‍സിലിങിന് വരുന്നവര്‍ക്ക് ഓര്‍മയുള്ള സെക്‌സ് എഡ്യൂക്കേഷന്‍ എന്നത്, 9-ാം ക്ലാസ്സില്‍ ടീച്ചര്‍ സ്‌കിപ് ചെയ്തു കളഞ്ഞ പേജുകളാണെന്നും ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നും ഹണി അഭിപ്രായപ്പെട്ടു.