സംരംഭകര്‍ക്കിടയിലെ SHERO; ഇളവരശി ജയകാന്തിന്റെ പോരാട്ടകഥ
ഏതൊരു വിജയത്തിന് പിന്നിലും ഒരു പരാജയം ഉണ്ടായിരിരിക്കും എന്നു പറയുന്നതുപോലെ പരാജയത്തിന്റെ പിന്നില്‍ ഒരു വിജയവും ഉണ്ടാവും… ഇളവരശി ജയകാന്ത് എന്ന ധീരയായ സംരംഭകയുടെ കഥ ഇതിലും എളുപ്പത്തില്‍ പറയാനാകില്ല. പരിമിതമായ ജീവിത സാഹചര്യങ്ങളെ സ്വന്തം പരിശ്രമം കൊണ്ട് നേരിട്ട് വിജയം നേടിയ സംരംഭക, ആ വിജയത്തില്‍ നിന്നും കടക്കെണിയില്പെടുകയും വീഴ്ചകള്‍ അഭിമുഖീകരിക്കുകയും അതില്‍ തളരാതെ ദൃഢ നിശ്ചയവും കഠിന പ്രയത്നവും കൊണ്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തുകൊണ്ട് സംരംഭകര്‍ക്കെല്ലാം മാതൃക ആയവര്‍.
ഈ കൊറോണ – ലോക്ഡോണ്‍ സമയത്ത് എല്ലാവരും പകച്ചു നിന്നപ്പോഴും ഓണ്‍ലൈന്‍ വിപണിയിലൂടെ വിജയവഴിയില്‍ തുടരുകരാണ് ഇളവരശി. ലോക്ഡോണ്‍ കാരണം പ്രതിസന്ധിയിലായ ഒരുപാട് കച്ചവടക്കാരും സംരംഭകരും നമുക്ക് ചുറ്റുമുണ്ട്. പലരും ആത്മഹത്യയുടെ വരെ വക്കിലാണ്. ഇളവരശിയുടെ പോരാട്ടം ഇവര്‍ക്ക് മാതൃകയാണ്. ജീവിതത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഇവരില്‍ പലര്‍ക്കും ഇളവരശിയുടെ ജീവിതം പ്രതീക്ഷയാണ്.
തൃശ്ശൂരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ നടത്തുന്ന ‘അശ്വതി ഹോട്ട് ചിപ്സ്’ ഉടമ ഇളവരശിയുടെ സ്വദേശം തമിഴ്നാട് ഉസ്സലാംപെട്ടിയാണ്. മാതാപിതാക്കള്‍ കേരളത്തില്‍ എത്തി താമസക്കാരാക്കിയ പലഹാര കച്ചവടക്കാരായിരുന്നു. ‘ലൈവ് കിച്ചനു’ള്ള സ്ഥാപങ്ങളാണ് അശ്വതി ഹോട്ട് ചിപ്സിന്റേത്. തന്റെ 18-ാം വയസ്സിലാണ് ഇളവരശിയുടെ വിവാഹം നടന്നതും ബിസിനസ് ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നതും.
പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാതിരുന്നപ്പോള്‍, താന്‍ കണ്ടു വളര്‍ന്ന തന്റെ മാതാപിതാക്കളുടെ കച്ചവടം ആയിരുന്നു ബിസിനസ് തുടങ്ങാന്‍ ഇളവരശിക്ക് പ്രചോദനമായത്. ചെറിയ കടകളില്‍ തുടങ്ങി മാര്‍ജിന്‍ ഫ്രീ, വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പലഹാരങ്ങള്‍ ഉണ്ടാക്കി വില്ക്കാന് തുടങ്ങി. പിന്നീട് ലേബലിങ്, സെയില്‍സ് തുടങ്ങി ബിസിനസ് ഘട്ടം ഘട്ടമായി പഠിച്ച ഇളവരശി പതുക്കെ മികച്ച ജീവിത നിലവാരത്തില്‍ എത്തിച്ചേര്‍ന്നു. 2010 ലാണ് സ്വന്തമായി ഒരു സൂപ്പര്‍മാര്‍ക്കറ്റ് എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അവര്‍ എത്തിയത്.
ദിനവും നിരവധി സൂപ്പര്‍മാര്‍ക്കറ്റ്, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെടുന്ന ഇളവരശി ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ലൈവ് കിച്ചന് ഒക്കെ ഉള്‍പ്പെടുന്ന സൂപ്പര്‍ മാര്‍ക്കറ്റാണ് ആരഭിച്ചത്. ആ സൂപ്പര്‍മാര്‍ക്കറ്റ് വളരെ വിജയകരമായി തീര്‍ന്നു. വളരെ അധികം വില്പനയും മികച്ച ഡിസ്ട്രിബൂട്ടേഴ്സും വിപണനവും സൂപ്പര്‍മാര്‍ക്കറ്റിനു ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്, ഇളവരശിയുടെ ജീവിതത്തില്‍ ഒരു ട്രാജഡി പോലെ വീട്ടില്‍ തുടര്‍ച്ചയായി മോഷണം നടക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാകുകയും അതുവഴി ബിസിനസ് നഷ്ടത്തിലാവുകയും ചെയ്യുന്നത്. പിന്നെ ഇളവരശിയെ കാത്തിരുന്നത് വന്‍ കടക്കെണി ആയിരുന്നു.
അതോടെ, മാനസികമായും ശാരീരികമായും ഇളവരശി തകര്‍ന്നു. കടം ഇലവരശിയെ മോശമായി തന്നെ ബാധിച്ചു.
ആറ് മാസത്തോളം ഇളവരശി കിടപ്പിലായി. കുട്ടികളെയും അവരുടെ പഠനത്തേയും ഇത് ബാധിച്ചു. ഡിസ്ട്രിബൂഷന്‍ നടത്താന്‍ കഴിയാതെ അവസാനം സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടേണ്ടി വന്നു.
വിവിധ ഉത്പന്നങ്ങള്‍ വീട്ടില്‍ കെട്ടിക്കിടന്നു കടത്തിനു മേലെ കടമായി. മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടുന്നിടത്ത് നിന്നും ഒന്നുമല്ലാതായി മാറി അവര്‍. എന്നാല്‍ തോറ്റു കൊടുക്കാന്‍ ഇളവരശി തയ്യാറായിരുന്നില്ല. എവിടുന്നു തുടങ്ങിയോ അവിടെ നിന്നും വീണ്ടും ആരംഭിച്ചു.
കടക്കാരില്‍ നിന്നും ഒളിച്ചോടാതെ അവരുടെ മുന്നില്‍, മണ്ണുത്തി ടൗണില്‍ തട്ടുകടയിട്ട് പലഹാരം ഉണ്ടാക്കി വില്ക്കാന് തുടങ്ങി. കടം തിരിച്ച് നല്‍കും എന്ന് വിശ്വാസം അവര്‍ നല്കി. പിന്നീട് ശക്തന് സ്റ്റാന്റിനു മുന്നില്‍ വൈദ്യുതിയും വെള്ളവും പോലും കിട്ടാത്ത വാടക മുറിയില്‍ കച്ചവടം തുടങ്ങി, അതിനെ ചിപ്സ് ഉണ്ടാക്കുന്ന കടയിലേക്ക് വളര്‍ത്തി.
ബാങ്കുകള്‍ തോറും അവര്‍ ലോണിന് കയറിയിറങ്ങി. ജില്ലാ ബാങ്കില്‍ നിന്നും ലോണ്‍ കിട്ടും എന്നുറപ്പായി. അതിനിടയില്‍ വീട് ജപ്തിയിലെത്തി. ഒരു പൊങ്കലിന്റെയന്ന് പാലുകാച്ചിയ വീട് മറ്റൊരു പൊങ്കലിനു ജപ്തി ആവും എന്ന നിലയിലായി. ജപ്തിയുടെ വക്കില്‍ നിന്നും ജില്ലാ ബാങ്ക് മാനേജര്‍ കടമായി നല്കിയ 5 ലക്ഷം രൂപ കൊണ്ട് അവര്‍ വീട് തിരിച്ചെടുത്തു. ഇത് ഇളവരശിയുടെ ജീവിതത്തിലെ വഴിതിരിവായിരുന്നു.
ദൈവം നല്കിയ ഈ അവസരം വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല, കഠിന പ്രയത്നത്തിലൂടെ അവര്‍ ഒന്നൊന്നായി എല്ലാം തിരിച്ചു പിടിക്കാന്‍ തുടങ്ങി. 2017 ല്‍ അവര്‍ അശ്വതി ഹോട്ട് ചിപ്സിന്റെ ആദ്യത്തെ സ്ഥാപനം ആരംഭിച്ചു, അന്നത്തെ മന്ത്രി സുനില്‍കുമാര്‍ അത് ഉദ്ഘാടനം ചെയ്തു. താന്‍ എവിടെയും പോയിട്ടില്ലെന് അവര്‍ ലോകത്തെ അറിയിച്ചു. തന്റെ കടങ്ങളെല്ലാം അവര്‍ തീര്‍ത്തു.
2018 – ല്‍ രണ്ട് സ്ഥാപനങ്ങള്‍ കൂടി അവര്‍ ആരംഭിച്ചു. ഒരു സ്ഥാപനം കേക്കുകള്‍ക്ക് മാത്രം. ‘ലൈവ് കിച്ചന്’ ആണ് ഇവരുടെ പ്രധാന പ്രത്യേകത. കൊറോണ വന്നപ്പോള്‍ പോലും തളരാതെ തന്റെ പ്രധാന സ്ഥാപനം വിപുലീകരികരിക്കുകയും കേരളത്തിലും പുറത്തും ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുകയും ചെയ്തു.
വീഴ്ചകളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളുന്ന ഇളവരശി സംരംഭകര്‍ക്ക് ഒരു മാതൃകയാണ്. വിദേശത്ത് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന നാല് സ്ഥാപനങ്ങളാണ് അശ്വതി ഹോട്ട് ചിപ്സിന് ഇന്നുള്ളത്. തോല്ക്കാന് മനസ്സില്ലാത്ത ഇളവരശിക്ക് ഇന്ത്യയിലെ മികച്ച സംരഭകയ്ക്കുള്ള അമേരിക്കന്‍ പീസ് കൗണ്‍സില്‍ അവാര്‍ഡ്, ബ്രിട്ടനില്‍ നിന്നും ഡോക്ടറേറ്റ് തുടങ്ങി നിരവധി ബഹുമതികളും ലഭിച്ചു.