പ്രതിസന്ധികളില്‍ തളരാതെ…
ബിസിനസിലെ തകര്‍ച്ചകളും പരാജയങ്ങളും നമുക്ക് പരിചിതങ്ങളായ വാചകങ്ങളാണ്. ജീവിതത്തിലായാലും ബിസിനസിലായാലും ആദ്യ ശ്രമത്തില്‍തന്നെ വിജയിച്ചവര്‍ ചുരുക്കം ആണ്. വിജയത്തിനുശേഷം പരാജയത്തെ അഭിമുഖീകരിക്കേണ്ടിവന്നവരും ഉണ്ട്. മഹാനായ എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ആദ്യ വിജയത്തിനുശേഷം കഠിനമായി പരിശ്രമിക്കുക, കാരണം രണ്ടാമത് പരാജയപ്പെട്ടാല്‍ ആദ്യത്തേത് ഭാഗ്യമെന്നു പറഞ്ഞ് നിങ്ങള്‍ പിന്തള്ളപ്പെടും. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ വിജയത്തില്‍ നിന്നും പരാജയത്തിലേക്കും പരാജയത്തില്‍ നിന്നും വിജയത്തിലേക്കുമുള്ള ദൂരം വളരെ കുറവാണെന്നു നമുക്കു മുന്നില്‍ ചൂണ്ടിക്കാണിക്കുന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്.
കഷ്ടപ്പാടും പരിശ്രമവും കൊണ്ട് വിജയിച്ച് ബിസിനസ് രംഗത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ വനിതയാണ് ഇളവരശി പി ജയകാന്ത് എന്ന തമിഴ്നാട് സ്വദേശിനി. എന്നാല്‍ ആ വിജയത്തിന് അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ പെട്ടന്ന് ബിസിനസ് പൂര്‍ണമായി തകരുകയും കോടികളുടെ കടബാധ്യതയ്ക്ക് വിധേയമാവുകയും ചെയ്യേണ്ടിവന്നു അവര്‍ക്ക്. പക്ഷേ അപ്പോഴും തളരാത്ത ഒരു മനസ്സായിരുന്നു ഇളവരശ്ശി എന്ന ബിസിനസുകാരിക്കു കൂട്ടുണ്ടായിരുന്നത്. കോടികളുടെ ബാധ്യതയും, കേസുകളും അങ്ങനെ മനംമടുപ്പിക്കുന്ന ജീവിതസാഹചര്യമായിരുന്നിട്ടും അവര്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകതന്നെ ചെയ്തു.
പെരിയ കറുപ്പ തേവരുടെയും പാപ്പാത്തിയുടെയും ഏഴ് മക്കളില്‍ ഏഴാമത്തെ കുട്ടിയായിട്ടായിരുന്നു ജനനം. സ്വദേശം തമിഴ്നാടാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലായിരുന്നു. പെണ്‍കുട്ടികള്‍ അധികം വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ലെന്ന കാഴ്ചപ്പാടായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. എങ്കിലും പത്താംതരം പഠിച്ച് പരീക്ഷയെഴുതി വിജയിക്കുകയും പിന്നീട് പ്രീഡിഗ്രിക്ക് ചേരുകയും ചെയ്തു. പിതാവിന്റെ മരണശേഷം വിവാഹം കഴിച്ചു കുടുംബിനിയായി മാറി.
പാരമ്പര്യമായി പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയായിരുന്നു ഇളവരശ്ശിയുടെ കുടുംബത്തിന്റേത്. സ്വന്തമായി ചെറിയൊരു സംരംഭം തുടങ്ങണമെന്ന ചിന്ത ഉദിച്ചപ്പോള്‍ അതേ പാതതന്നെയാണ് ഇളവരശ്ശി പിന്തുടര്ന്നത്. യാതൊരു മായവും ചേര്‍ക്കാതെ നാടന്‍ വിഭവങ്ങള്‍ കൊണ്ടുള്ള ചിപ്സുകള്‍ ഉണ്ടാക്കി, വിപണനം ചെയ്താണ് തുടക്കം. തുടര്‍ന്ന്, 2004-ല്‍ അശ്വതി ഹോട്ട് ചിപ്സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. തുടക്കത്തില്‍ നല്ല രീതിയില്‍ കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കായി. പിന്നീട് മാര്‍ജിന്‍ ഫ്രീയിലും പ്രതീക്ഷ സ്റ്റോറുകളിലുമെല്ലാം സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കൂടാതെ മാര്‍ജിന്‍ ഫ്രീയുടെ പാക്കിംഗ് സെക്ഷന്‍ ഏറ്റെടുത്ത് സ്വന്തമായി ചെയ്തു കൊടുക്കാനും തുടങ്ങി. കുറച്ച് നാളുകള്‍ക്ക് ശേഷം 2009-ല്‍ തൃശൂരില്‍, ഒരു കോടി രൂപ ആസ്തി വരുന്ന പി.എന്‍.കെ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. 55 -ഓളം സ്റ്റാഫുകള്‍ ആണ് അവിടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് വളരെ നല്ല രീതിയിലുള്ള മുന്നേറ്റമായിരുന്നു അവര്‍ക്ക് ഉണ്ടായത്. എന്നാല്‍ അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു.
സ്ഥാപനത്തില്‍ തുടര്‍ച്ചയായി കളവുകള്‍ നടന്നു. അത് അവരെ കടക്കെണിയിലാക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടായി. മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നിട്ടും തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ബൈപാസ്സിന് അടുത്തായി, ഒരു ഉന്തുവണ്ടിയില്‍ പരിപ്പുവട ഉണ്ടാക്കി വില്ക്കാന് തുടങ്ങി. ശേഷം, ഒരു ചെറിയ പെട്ടിക്കട വാടകയ്ക്കെടുത്തു വീണ്ടും ചിപ്സ് കട ആരംഭിച്ചു. അവിടെനിന്നും ഒരു തിരിച്ചുവരവായിരുന്നു. ബിസിനസ് പച്ചപിടിച്ചു തുടങ്ങുകയും ഒരു പരിധിവരെ കട ബാധ്യത നിയന്ത്രിക്കുവാനുമായി.
നിലവിലുണ്ടായിരുന്ന കടയോടൊപ്പം നാല് കടമുറികള്‍ കൂടി വാടകയ്ക്ക് ഏറ്റെടുത്ത് 2017-ല്‍ ബിസിനസ് വിപുലീകരിച്ചു. ആ പ്രാരംഭത്തിനു തിരി തെളിച്ചത് കൃഷി വകുപ്പ് മന്ത്രിയായ വി.എസ് സുനില്‍ കുമാറായിരുന്നു. ചക്ക വറുത്തത്, കട ചക്ക, ചേമ്പ് തുടങ്ങിയ നിരവധി നാടന്‍ വിഭവങ്ങളുടെ ചിപ്സുകളും അച്ചാര്‍, ഹല്‍വ എന്നിവയും ഇവിടെ ലഭ്യമാണ്. കേക്കുകള്‍ ‘ലൈവ്’ ആയി നിര്‍മിച്ചു കൊടുക്കുന്ന ലൈവ് കിച്ചനും ഇവിടെയുണ്ട്്. ഇപ്പോള്‍ ജപ്തി ഭീഷണിയും കടവുമെല്ലാം ഒരു പരിധി വരെ നിയന്ത്രിക്കാനായിട്ടുണ്ട്.
പ്രതിസന്ധികളെ തോല്പിച്ച്, ആത്മവിശ്വാസത്തോടെ ബിസിനസിനെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ ഇളവരശ്ശിക്ക് കഴിയുന്നുണ്ട്. കേരളത്തിനു പുറത്ത് ചെന്നെ, ഗുജറാത്ത് എന്നിവിടങ്ങളിലും ഇവരുടെ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. അതുകൂടാതെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇളവരശ്ശി. ‘അശ്വതി ഹോട്ട് ചിപ്സി’നെ കമ്പനി നിലവാരത്തിലേക്ക് മാറ്റി ബിസിനസ് കുറച്ചുകൂടി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് ഭര്‍ത്താവ് ജയകാന്തും മക്കളായ അശ്വിന്, ഹൃദുല്‍ എന്നിവരടങ്ങുന്ന കുടുംബമാണ്. തോല്‍വി സമ്മതിക്കാതെ, പൂര്‍വാധികം ശക്തിയോടെ വെല്ലുവിളികളെ നേരിട്ട് തോല്പിച്ച ഇളവരശ്ശി ബിസിനസ് രംഗത്തെ ശക്തമായ വനിതാ സാന്നിധ്യം തന്നെയാണ്…