സ്വപ്നങ്ങള്‍ക്ക് ചിറക് നല്കുന്ന ക്രാന്‍ബെറി
നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു ‘ബ്രേക്ക്’ സംഭവിക്കുമ്പോള്‍ പലരും തളര്‍ന്നിരിക്കാറാണ് പതിവ്. ആ ബ്രേക്കിന് ശേഷം സംഭവിക്കുന്നത് നമ്മളേറെ ആഗ്രഹിച്ച ഒന്നായിരിക്കുമെന്ന് ആരും പ്രതീക്ഷിക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് പരിചയപ്പെടേണ്ട വ്യക്തിയാണ്, ക്രാന്‍ബെറി സ്ഥാപകയായ ശ്രുതി.
സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിനൊപ്പം മറ്റുള്ളവരെയും സ്വപ്നം കാണാന്‍ പഠിപ്പിക്കുകയാണ് ശ്രുതി എന്ന സംരംഭക. എറണാകുളത്ത് കടവന്ത്രയിലും ബാംഗ്ലൂരിലുമായി പ്രവര്‍ത്തിക്കുന്ന ക്രാന്‍ബെറി ഇന്റേണ്‍ഷിപ്പ് ആന്‍ഡ് ട്രെയിനിങ് സെന്ററിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
2019ലാണ് ചെറിയ ഒരു ഓഫീസുമായി ക്രാന്‍ബെറി തുടങ്ങുന്നത്. 10 പേര്‍ക്കിരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഓഫീസില്‍ അഞ്ച് സ്റ്റുഡന്‍സും അഞ്ച് സ്റ്റാഫുമായിരുന്നു അന്നുള്ളത്. അവിടെ നിന്നു തുടങ്ങിയ യാത്ര, രണ്ട് മാസത്തിനകം 2000 സ്റ്റുഡന്‍സിനെ ഇരുത്താന്‍ പറ്റുന്ന രീതിയില്‍ സ്വന്തം സ്ഥലത്ത് ഒരു ഓഫീസ് ഒരുക്കുന്ന ഘട്ടത്തിലെത്തി. തൊട്ടടുത്ത 9 മാസത്തിനകം അടുത്ത ഓഫീസുമാരംഭിച്ചു.
ഉപരിപഠനത്തിനു ശേഷം ഒരു ഫിനാന്‍സ് കമ്പനിയിലാണ് ശ്രുതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നിട് ഒരു പ്രൈവറ്റ് കമ്പനിയില്‍ എച്ച് ആര് സെക്ഷനില്‍ ജോയിന്‍ ചെയ്തു. അവിടെ നിന്നാണ് ശ്രുതിയുടെ സ്വപ്നങ്ങള്‍ ശരിക്കും തന്റെ പാത കണ്ടെത്തി തുടങ്ങിയത്. ഒരു കമ്പനിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതും അവിടെ വച്ചാണ്. പിന്നിട് ഒരിടവേളയായിരുന്നു ജീവിതത്തില്‍.
ആ ഇടവേളയ്ക്ക് ശേഷമാണ് ശ്രുതി സ്വപ്നത്തിന് പിന്നാലെ പറക്കാന്‍ തയ്യാറെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും ഗുണകരമാകുന്ന മികച്ച ഒരു സ്ഥാപനം ഇല്ലെന്ന തോന്നലാണ് ‘ക്രാന്‍ബെറി’ എന്ന ആശയത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
ആദ്യത്തെ ഓഫീസില്‍ നിന്നുള്ള ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.
സ്ഥാപനം തുടങ്ങി നല്ല ലാഭത്തിലേക്ക് വന്നപ്പോഴായിരുന്നു കോറോണ വന്നതും അവസ്ഥ മോശമാകുന്നതും. ഏതൊരു ബിസിനസിന്റെയും വളര്‍ച്ച അതിന്റെ ഗുണനിലവാരത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി ഘട്ടത്തിലും വിദ്യാര്‍ഥികള്‍ ക്രാന്ബെറിയ്ക്കൊപ്പമുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ വിജയകരമായി യാത്ര തുടരുകയാണ് ശ്രുതിയുടെ സ്വപ്ന സംരംഭം.