Special StorySuccess Story

ലയണ്‍ അബ്‌ദുള്‍ വഹാബ് ; സേവനം വ്രതമാക്കിയ കര്‍മയോഗി

ലയണ്‍സ് ക്ലബ്ബ് എന്നു കേല്ക്കുമ്പോള്‍, സമൂഹത്തിലെ ഉന്നതമാരുടെ ഒരു കൂട്ടായ്മ എന്ന് മാത്രമാണ് ഭൂരിഭാഗം ആള്‍ക്കാരും വിശ്വസിക്കുന്നത്. എന്നാല്‍, മറ്റ് പല സന്നദ്ധ സംഘടനകള്‍ക്കും അപ്രാപ്യമായ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത് എന്നതാണ് വാസ്തവം. കൃത്യമായ ദീര്‍ഘവീക്ഷണത്തോടെ, പൂര്‍ണമായും യോഗ്യരായവരിലേക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം എത്തുന്നുണ്ട്. കടലാസിലെ രേഖകള്‍ക്കപ്പുറം അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി, അവര്‍ക്ക് സാന്ത്വനമേകാന്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു !

അത്തരത്തില്‍, ‘ലയണിസം’ സഹജീവികളെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞ്, തന്റെ മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റിവെച്ച് മുഴുവന്‍സമയം സേവനത്തിനായി മാറ്റിവെച്ച നേതാവാണ് ലയണ്‍സ് ഡിസ്ട്രിക്ട് 318Aയുടെ ഗവര്‍ണര്‍ ലയണ്‍ അബ്ദുള്‍ വഹാബ്. എല്ലാ ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കും മാതൃകയും അഭിമാനവുമാണ് ലയണ്‍ അബ്ദുള്‍ വഹാബ്. രോഗികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആശ്വാസമേകുന്ന പ്രോജ്ക്ടുകള്‍ മുതല്‍ വീടില്ലാത്തവര്‍ക്ക് വീടും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലും നല്‍കുന്ന പദ്ധതികള്‍ വരെ ആസൂത്രണം ചെയ്ത്, വിജയിപ്പിച്ച അബ്ദുള്‍ വഹാബ് എന്ന കര്‍മയോഗിയുടെ ജീവിതവഴികളിലേക്ക് ഒരു എത്തിനോട്ടം….

തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തിലാണ് എം. അബ്ദുള്‍ വഹാബ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ദൃഢനിശ്ചയവും കഠിനാധ്വാനവും കൈമുതലാക്കിയിരുന്ന വഹാബ് തന്റെ വിദ്യാഭ്യാസ കാലത്തു തന്നെ വിജയം വരിച്ച സംരംഭകനായി വളര്‍ന്നു എന്നതാണ് സത്യം. നന്നെ ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവിനെ നഷ്ടപ്പെട്ടിട്ടും കുട്ടിക്കാലത്തെ തന്റെ ജീവിത യാതനകള്‍ ജീവിത വിജയത്തിലേക്കുള്ള തന്റെ പാതയില്‍ തടസ്സമാകാവുന്നതിനു പകരം വലിയ കരുത്തായാണ് വഹാബ് എന്നും കാണാന്‍ ശ്രമിച്ചത്. അഞ്ച് വയസ്സില്‍ തന്റെ മടിയില്‍ തല വെച്ച് തന്നെ വിട്ടു പിരിഞ്ഞ പിതാവ് തനിക്കു നല്‍കിയ, ജീവിതത്തില്‍ സത്യസന്ധതയും കഠിനാധ്വാനവും പുലര്‍ത്തണമെന്ന മന്ത്രം, എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ചാണ് അദ്ദേഹം തന്റെ ജീവിതത്തെ കെട്ടുപണി ചെയ്തത്.

പോത്തന്‍കോട് സ്‌കൂളിലും ചെമ്പഴന്തി എസ്.എന്‍. കോളേജിലുമായി നടത്തിയ വിദ്യാഭ്യാസ കാലത്തുതന്നെ സ്വയം വരുമാനം കണ്ടെത്താനായതും നിരന്തരവും നിര്‍വിഘ്‌നവുമായ അധ്വാനശീലം പരിശീലിക്കാനായതും വിദ്യാഭ്യാസ കാലത്തു തന്നെ ഒരു സംരംഭകനായി മാറാന്‍ അദ്ദേഹത്തെ സഹായിച്ചു. തിരുവനന്തപുരം എന്ന പുരാതന നഗരത്തോട് ചേര്‍ന്ന പോത്തന്‍കോട് നിന്ന് നഗരത്തില്‍ എത്തി വിവിധ കച്ചവടങ്ങളില്‍ അദ്ദേഹം അന്നേ വ്യാപൃതനായി.

ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാന്‍ എല്ലാറ്റിലും എവിടെയും വഴികള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന അദ്ദേഹം കൈവയ്ക്കാത്ത വ്യാപാരങ്ങളും വ്യവസായങ്ങളും വിരളമാണ്. പച്ചക്കറി വ്യാപാരം, റെസ്‌റ്റോറന്റ്, ഫാന്‍സി സ്‌റ്റോര്‍, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടിംഗ് എന്ന് തുടങ്ങി തന്റെ നാല്‍പതു വയസ്സിനുള്ളില്‍ ഫ്‌ലൈറ്റ് കാറ്ററിംഗ് വരെ വിജയകരമായി എത്തി നിന്നു അബ്ദുല്‍ വഹാബിന്റെ ബിസിനസ് സംരംഭങ്ങള്‍.

താന്‍ കൈവച്ച കച്ചവട മേഖലകളിലൊക്കെ വിജയക്കൊടി പാറിച്ചു നില്‍ക്കുമ്പോഴും വളരെ ചെറുപ്പം മുതല്‍ താന്‍ നേരിട്ടതും തന്റെ ചുറ്റുപാടുമുള്ളവര്‍ നേരിടുന്നതുമായ യാതനകള്‍ എന്നും അദ്ദേഹത്തിന്റെ മനസ്സിനെ വിഷമിപ്പിച്ചിരുന്നു. വ്യവസായിയായി വളര്‍ന്നു ആകാശം മുട്ടെ ഉയരുന്നതിലല്ല, തന്റെ ചുറ്റുപാടുമുള്ള സഹജീവികളോട് സഹവസിക്കുകയും അവരുടെ ജീവിത വ്യഥകളില്‍, വേദനകളില്‍ ഒപ്പം നില്‍ക്കുകയും തനിക്കു കഴിയുന്ന വിധത്തില്‍ അവര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത് എന്ന തിരിച്ചറിവിലേക്കാണ് വഹാബ് എത്തിയത്.

ജീവിതത്തില്‍ ഉടനീളം ഹൃദയത്തോട് ചേര്‍ത്ത് വച്ച തന്റെ സഹജീവി സേവനത്തിനുള്ള ത്വര പ്രായോഗികമാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ ലയണ്‍സ് ഇന്റര്‍നാഷണലിനെയാണ്. തന്റെ 43-ാം വയസ്സില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ട്രിവാന്‍ഡ്രം എലൈറ്റസ് എന്ന ക്ലബ്ബിന്റെ ചാര്‍ട്ടര്‍ മെംബറായി ‘ലയണിസ്റ്റ് ജീവിതം’ ആരംഭിച്ച വഹാബ് താമസിയാതെ തന്നെ തന്റെ ബിസിനസ് സംരംഭങ്ങള്‍ ഒക്കെ മതിയാക്കി പൂര്‍ണ സമയ സേവനം ജീവിത വഴിയായി തിരഞ്ഞെടുത്തു.

ലയണ്‍സ് പ്രസ്ഥാനത്തില്‍ അതിന്റെ ഓരോ പടവുകളും പടിപടിയായി കടന്നു ഡിസ്ട്രിക്ട് നേതൃത്വത്തിലേക്ക് ഉയര്‍ന്ന ലയണ്‍ അബ്ദുള്‍ വഹാബ് താന്‍ ഏറ്റെടുത്ത പദ്ധതികളൊക്കെ വ്യതിരിക്തവും വിജയകരമായും നടപ്പാക്കാന്‍ കഴിഞ്ഞ അപൂര്‍വതകളുള്ള ഒരു ലയണ്‍ നേതാവാണ്. ലയണ്‍സ് വിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയേറ്റ അദ്ദേഹം സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു 2,60,000 കുട്ടികളിലാണ് കാഴ്ച പരിശോധനകള്‍ നടത്തി കണ്ണടകള്‍ വിതരണം ചെയ്തത്.

‘സാന്ത്വനം സ്‌നേഹസ്പര്‍ശം’ എന്ന പേരില്‍ കാന്‍സര്‍ ബാധിതരായ 100 കുട്ടികള്‍ക്ക് മാസം 2000 രൂപ വീതം നല്‍കുന്ന വഹാബിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന മുഖ്യമന്ത്രി ആ പദ്ധതി സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ച് ഏറ്റെടുക്കുകയുണ്ടായി. 100ല്‍ അധികം കരള്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന ‘സാന്ത്വനം കരള്‍ സ്പര്‍ശം’ എന്ന ഒരു പദ്ധതിയും അബ്ദുല്‍ വഹാബിന്റേതായി തിളക്കമാര്‍ന്നു നില്‍ക്കുന്നു, കോവിഡ് ബാധിത കാലത്ത് രണ്ടു കോടിയിലധികം രൂപയ്ക്കുള്ള ഭക്ഷ്യധാന്യങ്ങളും ഭക്ഷണവുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.

2024 – 25 വര്‍ഷത്തെ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയി ചുമതല ഏറ്റ ലയണ്‍ അബ്ദുള്‍ വഹാബ് തന്റെ പ്രവര്‍ത്തനത്തിനായി ‘Serve with Passion’ എന്ന മുദ്രാവാക്യം തിരഞ്ഞെടുക്കുകയും ഒരു വര്‍ഷം നടപ്പില്‍ വരുത്താനായി മിഷന്‍ 25 എന്ന ഒരു സമഗ്ര പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മിഷന്‍ 25 എന്ന പദ്ധതിയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി ഒരു പരിപാടിയെങ്കിലും ഉള്‍പ്പെടുന്നുണ്ട്. അത് മാത്രമല്ല പ്രകൃതി സംരക്ഷണത്തിനും പരിപാലനത്തിനും പരിപോഷണത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികളും ഇതില്‍ പെടുന്നുണ്ട്. കുട്ടികള്‍, യുവതീ യുവാക്കള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, രോഗികള്‍, കിടപ്പുരോഗികള്‍ തുടങ്ങി എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷികള്‍ക്ക് കൂടു മുതല്‍ മനുഷ്യര്‍ക്ക് വീട് വരെയും കുഞ്ഞുങ്ങള്‍ക്ക് കരുതല്‍ മുതല്‍ കിടപ്പു രോഗികള്‍ക്ക് കൈത്താങ്ങല്‍ വരെയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കേരള സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന ഏജന്‍സിയായ ASAP-മായി സഹകരിച്ചു യുവതീ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന കെയറിംഗ് ഹാന്‍ഡ്‌സ്, സ്‌കില്‍ ടു സര്‍വൈവ് എന്നീ രണ്ടു പദ്ധതികള്‍ ഇതില്‍ വേറിട്ട് നില്ക്കുന്നു. യുവതികള്‍ക്ക് വൃദ്ധജന പരിപാലനവും രോഗീപരിചരണവുമാണ് കെയറിംഗ് ഹാന്‍ഡ്‌സ് എന്ന പദ്ധതി. ഈ പരിശീലനങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നോര്‍ക്ക അറ്റസ്‌റ്റേഷനുള്ള ലയണ്‍സ് അസാപ്പ് സംയുക്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കപ്പെടും എന്നു മാത്രമല്ല അവരുടെ തൊഴില്‍ ലഭ്യതയും ലയണ്‍സ് ഉറപ്പാക്കും.

മിഷന്‍ 25 പദ്ധതിയിലെ ഏറ്റവും ആകര്‍ഷകമായ പ്രൊജക്ടാണ് ‘ഹോം മൈ ഡ്രീം’ എന്നത്. കേരള സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത 100 കുടുംബങ്ങള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 25 വീടുകള്‍ വീതം ഉള്‍പ്പെടുന്ന നാല് ലയണ്‍സ് ലൈഫ് വില്ലേജുകള്‍ നിര്‍മിക്കുക എന്നതാണ് ഈ പദ്ധതി. കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 5 ഏക്കറിലധികം സ്ഥലം തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍, മുദാക്കല്‍ എന്നിവിടെയും കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പറവൂര്‍ എന്നിവിടങ്ങളിലുമായി നല്‍കുകയുണ്ടായി. അതില്‍ ആദ്യ വില്ലേജിന്റെ നിര്‍മാണം കടയ്ക്കല്‍ പഞ്ചായത്തിലെ കോട്ടപ്പുറത്ത് ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്.

500 ചതുരശ്ര അടിയോളം വലിപ്പമുള്ളതും ദീര്‍ഘകാലം നിലനില്‍ക്കത്തക്കവിധം ആര്‍.സി.സി ഫൗണ്ടേഷനോടും കൂടി എട്ട് ലക്ഷത്തോളം രൂപ മുതല്‍മുടക്കില്‍ കെട്ടുറപ്പുള്ള വീടുകളാണ് ലയണ്‍സ് ലൈഫ് വില്ലേജുകളില്‍ നിര്‍മിക്കുന്നത്. ഓരോ വില്ലേജിലും ലയണ്‍സിന്റെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ ലയണ്‍സ് അമിനിറ്റി സെന്ററും നിര്‍മിക്കും.

ലയണ്‍സ് അമിനിറ്റി സെന്ററുകളില്‍ വൈദ്യ പരിശോധനകള്‍, വിദ്യാഭ്യാസ തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങിയവ അവിടെയും ചുറ്റുപാടുകളിലും വസിക്കുന്നവര്‍ക്ക് ലഭ്യമാക്കും. കിളിമാനൂര്‍ പഞ്ചായത്തിലെ തെന്നൂരിലും, മുദാക്കല്‍ പഞ്ചായത്തില്‍ ചിറയിന്‍കീഴ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരവൂര്‍ മുനിസിപ്പാലിറ്റിയിലും ലയണ്‍സ് ലൈഫ് വില്ലേജുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

200-ല്‍ അധികം രാജ്യങ്ങളില്‍ ഏകദേശം 50,000 ക്ലബ്ബുകളുമായി സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ലയണ്‍സ് ഇന്റര്‍നാഷണലിന്റെ സേവന പാതയിലെ ഒരു പൊന്‍തൂവലായി ലയണ്‍സ് ഡിസ്ട്രിക്ട് 318 A-യുടെ ഗവര്‍ണര്‍ ലയണ്‍ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ലയണ്‍സ് ലൈഫ് വില്ലേജുകള്‍ മാറും എന്നതില്‍ തര്‍ക്കമില്ല. പാറശാലമുതല്‍ ഹരിപ്പാട് വരെ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക് 318 A- യിലെ ക്ലബ്ബുകള്‍ ലയണ്‍ അബ്ദുള്‍ വഹാബിന്റെ മിഷന്‍ 25 പദ്ധതികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

തണലിലേക്ക് മാറാന്‍ പലര്‍ക്കും കഴിയും, എന്നാല്‍ മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍ കഴിയുന്നവരാണ് പുണ്യം ചെയ്യുന്നവര്‍ എന്ന് ലയണ്‍ വഹാബ് ആവര്‍ത്തിക്കുന്ന പല്ലവി തന്റെ ജീവിതവഴിയില്‍ എന്നും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഈ പദ്ധതികള്‍ വെളിവാക്കുന്നു. ഏറ്റെടുക്കുന്ന ഏതു ചുമതലകളിലും തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുന്നതിനും വ്യത്യസ്തവും വിജയകരവുമായി നടപ്പാക്കുന്നതിനും ഏവര്‍ക്കും മാതൃക സൃഷ്ടിക്കുന്ന വ്യക്തിത്വമാണ് അബ്ദുള്‍ വഹാബിന്റേത്.

ലയണ്‍സ് ഇന്റര്‍നാഷണലിന്റേതിന് പുറമെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള അനേക അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അബ്ദുള്‍ വഹാബ് അര്‍ഹനായിട്ടുണ്ട്. കേരള കൗമുദിയുടെ ഫ്രണ്ട് റണ്ണര്‍ അവാര്‍ഡ്, കേരള ഹെല്‍ത്ത് ആന്‍ഡ് ടൂറിസം എക്‌സ്‌സലന്‍സ് അവാര്‍ഡ്, അനാസിയുടെ സേവനരത്‌ന, തിങ്ക് നെക്സ്റ്റ് അവാര്‍ഡ്, സക്‌സസ് കേരള ഗോള്‍ഡന്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രമാണ്.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് നോര്‍ത്തില്‍ സൗമ്യയും സേവന തല്‍പരയുമായ പത്‌നി റജില വഹാബിനും എഞ്ചിനീയറിംഗ് പ്രഫഷണലുകളായ ഷെജിമോള്‍, ഷെറിമോള്‍, അജ്മല്‍ എന്നീ മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം താമസിക്കുന്ന ലയണ്‍ അബ്ദുള്‍ വഹാബ്, ലയണ്‍സ് ഇന്റര്‍നാഷണലിന് പുറമെ ശ്രീമൂലം ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സൊസൈറ്റി, എം. ഇ. എസ്. യത്തീം ഖാന, കേരള ഹോട്ടലിയേഴ്‌സ് ഫോറം തുടങ്ങി സമൂഹത്തിലെ വിവിധ സാമൂഹിക സേവന സംഘടനകളിലും പ്രസ്ഥാനങ്ങളിലും അബ്ദുള്‍ വഹാബ് ഒരു സജീവ സാന്നിധ്യമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button