മകള്‍ക്കായി ഹെയര്‍ അക്‌സസറീസ് നിര്‍മിച്ചുതുടങ്ങി… നൗഫിയ അജ്മലിന്റെ ഓണ്‍ലൈന്‍ ബിസിനസ്സ് ഇന്ന് ഇന്ത്യ മുഴുവന്‍!
സഹ്യന്‍ ആര്‍.
കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഒരു ‘ലക്ഷ്വറി ബ്രാന്‍ഡ്’ എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഈ യുവസംരംഭക ഇന്ന് നിരവധി സ്ത്രീകളുടെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ്…
എറണാകുളം സ്വദേശി മാഹീന്റെ മകള്‍ നൗഫിയ അജ്മല്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് കുഞ്ഞുമകള്‍ അമേലിയയ്ക്കു വേണ്ടി ഹെയര്‍ ആക്‌സസറീസ് നിര്‍മാണം പരീക്ഷിച്ചു നോക്കി. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലഭിക്കുന്ന നിരവധി ഓര്‍ഡറുകള്‍ അനുസരിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം ഹെയര്‍ ആക്‌സസറീസുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണ് അവര്‍!
സ്വയം ആര്‍ജിച്ചെടുത്ത വൈദഗ്ധ്യം കൊണ്ട് ആത്മാര്‍ത്ഥമായി നിങ്ങളുണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് നിലവാരമുള്ളതാണെങ്കില്‍ നവമാധ്യമങ്ങളാല്‍ ‘കണക്ടഡ്’ ആയ ഈ ലോകത്ത് ആവശ്യക്കാര്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. ചിലപ്പോള്‍ ഒന്നിലധികം പരിശ്രമങ്ങള്‍ക്ക് ശേഷമാകും നമ്മുടെ സംരംഭങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുക. സ്ത്രീകളുടെ കാര്യമെടുക്കുകയാണെങ്കില്‍ ഒപ്പമുള്ള കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും ചേര്‍ന്നാലേ സംരംഭ വിജയത്തിന്റെ പടവുകള്‍ കയറാനാകൂ.
ഫാഷന്‍ ഡിസൈനിങ് പഠിച്ച നൗഫിയ അജ്മലിന് ആ മേഖലയില്‍ ഒരു സംരംഭകയാകാന്‍ സാധിച്ചത് സ്വന്തം പരിശ്രമവും ഒപ്പം കുടുംബത്തിന്റെ പിന്തുണയും കൊണ്ടായിരുന്നു. പെന്‍സില്‍ ആര്‍ട്ട് ഉള്‍പ്പെടെ പലതും പരീക്ഷിച്ചെങ്കിലും മകള്‍ക്ക് വേണ്ടി നിര്‍മിചിച്ചു തുടങ്ങിയ ഹെയര്‍ ആക്‌സസറീസ് ആണ് നൗഫിയ അജ്മലിന് ഒരു സംരംഭത്തിലേക്കുള്ള വഴിതുറന്നത്.
ഒരു വയസ്സുകാരിയായ മകളുടെ വസ്ത്രത്തിനിണങ്ങുന്ന തരത്തില്‍ വളരെ ഭംഗിയായി തയ്യാറാക്കിയ ഹെയര്‍ ബാന്‍ഡുകളൊക്കെ ശ്രദ്ധയില്‍പ്പെട്ട പലരും സ്വന്തമായി സംരംഭം ആരംഭിക്കുവാന്‍ നൗഫിയയോട് നിര്‍ദേശിച്ചു. തുടക്കസമയത്ത് വരുമാനമൊന്നും ലഭിക്കാതിരുന്നപ്പോള്‍ വിദേശത്തുള്ള ഭര്‍ത്താവ് അജ്മലാണ് തളരാതെ മുന്നോട്ടുപോകാനുള്ള ധൈര്യം പകര്‍ന്നത്. ഒപ്പം ഭര്‍തൃപിതാവായ സലീമിന്റെ പിന്തുണയും ഉണ്ടായിരുന്നു. പ്രോഡക്ടുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ മെറ്റീരിയലുകളെല്ലാം ഹോള്‍സെയില്‍ ഷോപ്പില്‍ പോയി വാങ്ങി നല്‍കുന്നത് അദ്ദേഹമാണ്. കുടുംബത്തില്‍ നിന്നും ലഭിച്ച ഈ പിന്തുണയോടെ ക്രമേണ ഇന്ത്യ മുഴുവനും തന്റെ പ്രോഡക്ടുകള്‍ എത്തിക്കാന്‍ നൗഫിയ അജ്മലിന് സാധിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഹെയര്‍ ബാന്‍ഡുകള്‍, ക്ലിപ്പുകള്‍ തുടങ്ങി എല്ലാതരം ഹെയര്‍ ആക്‌സസറീസുകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇപ്പോള്‍ വിപ്‌നന നടത്തുന്നു. ഇതുകൂടാതെ സ്വന്തമായി ഹെയര്‍ ആക്‌സസറീസ് നിര്‍മിക്കുന്നവര്‍ക്കുവേണ്ടിയുള്ള എല്ലാ മെറ്റീരിയലുകളും നല്‍കുന്നുണ്ട്.
ഒരു വയസ്സുള്ള തന്റെ കുഞ്ഞിനെ വളര്‍ത്തുന്നതിനോടൊപ്പം ഇത്തരത്തില്‍ ഒരു സംരംഭവും മുന്നോട്ടു കൊണ്ടുപോകുന്ന നൗഫിയ അജ്മല്‍ നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാണ്. വാട്‌സ്ആപ്പ് വഴി ഇരുപതോളം പേര്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട് നൗഫിയ. കുട്ടികളുടെ വസ്ത്രങ്ങള്‍ക്കായി ഒരു ‘ലക്ഷ്വറി ബ്രാന്‍ഡ്’ എന്നതാണ് ഈ യുവ സംരംഭകയുടെ ഇനിയുള്ള ലക്ഷ്യം. സ്ത്രീസംരംഭകരുടെ സ്വപ്‌നങ്ങള്‍ക്ക് വിശാലമായ മാനം നല്‍കുന്നതാണ് നൗഫിയ അജ്മല്‍ എന്ന ഫാഷന്‍ ഡിസൈനറുടെ മുന്നോട്ടുളള ലക്ഷ്യങ്ങള്‍.