ചിത്രകലയുടെ അതിസൂഷ്മതകളിലെ ആവിഷ്‌കരണവുമായി ശ്രീനിവാസന്‍
കലാകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ എന്നും ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെയാകണം ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലില്‍ ദസ്തയേവിസ്‌കി എന്ന സാഹിത്യകാരനെ ‘ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരന്‍’ എന്ന് പെരുമ്പടവം വിശേഷിപ്പിച്ചത്. സംഭവം എത്ര സത്യമാണല്ലേ?
എഴുത്ത്, വര, നൃത്തം, സംഗീതം അതൊക്കെ അങ്ങേയറ്റം പൂര്‍ണതയില്‍ എത്തിക്കാന്‍ അത്രമേല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ… നമ്മുടെയൊക്കെ പാരമ്പര്യത്തോടും പൂര്‍വകാല ചരിത്രത്തോടും ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന ചിത്രകലയെ ജീവിതത്തിന്റെ ഭാഗമായി കണ്ട്, അതിലെ സൂക്ഷ്മ വശങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ ഇരട്ടി സ്വദേശി ശ്രീനിവാസന്‍.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ചിത്രകലാ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ശ്രീനിവാസന്‍ കളര്‍ പെന്‍സില്‍, വാട്ടര്‍ കളര്‍ എന്നിവയുടെ സഹായത്തോടെ പ്രകൃതി ലാവണ്യത്തെയും മനോഹാരിതയെയും ക്യാന്‍വാസില്‍ പകര്‍ത്തിയാണ് ശ്രദ്ധ നേടിയിട്ടുള്ളത്. ‘വരകള്‍ക്കിടയിലെ വായന’ എന്ന് പറയും പോലെയാണ് ഇദ്ദേഹത്തിന്റെ ഓരോ രചനകളും. നിത്യവും നമ്മള്‍ കാണുന്ന പ്രകൃതി ഭാവങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് അവയ്ക്ക് വര്‍ണങ്ങളുടെ ജീവന്‍ നല്‍കുകയാണ് ഈ കലാകാരന്‍.
വെള്ളത്തിന്റെ അടിത്തട്ടിലെ ചെടികളുടെയും ഇലകളുടെയും നിറം, ആകൃതി, മാറ്റം എന്നിവ ക്യാന്‍വാസില്‍ പകര്‍ത്തി, ജനങ്ങളുടെ മനം കവര്‍ന്ന ഈ കലാകാരന്റെ മറ്റൊരു ശ്രദ്ധേയമായ രചനയാണ് ‘ഒരു നീഗ്രോ കുട്ടി തന്റെ അമ്മയുടെ മടിയിലിരുന്ന് മുലപ്പാല്‍ നുണയുന്നത്’.
വ്യക്തിജീവിതവുമായി ഇഴചേര്‍ന്നതും ബന്ധമുള്ളതുമായ രചനകള്‍ക്കാണ് ശ്രീനിവാസന്‍ കൂടുതലും പ്രാധാന്യം നല്‍കുന്നത്. അത്തരത്തിലുള്ളവയ്ക്ക് ജീവന്‍ നല്‍കുമ്പോഴാണ് തനിക്ക് ആത്മസംതൃപ്തി ഉണ്ടാകുന്നതെന്ന് ഇദ്ദേഹം പറയുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ വരകളോട് പ്രിയം തോന്നിയ ഇദ്ദേഹത്തിന്റെ കഴിവ് വളര്‍ത്തിയതിനും വികസിപ്പിച്ചതിനും കുടുംബത്തിനും അധ്യാപകര്‍ക്കും ചുറ്റുപാടിനും വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്.
ഇന്ന് സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ കൂടിയായി ജോലി ചെയ്യുന്ന ശ്രീനിവാസന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സ്വന്തമായി ഒരു ഗ്യാലറി തുടങ്ങുക എന്നതു തന്നെയാണ്. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് ചിത്രകലയുടെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുവാനും ശ്രമിക്കുന്ന ഇദ്ദേഹം തന്റെ പുതിയ സൃഷ്ടികള്‍ക്കു വേണ്ടിയുള്ള സൂക്ഷ്മ നിരീക്ഷണത്തിലാണ്.