ചില ഇഷ്ടങ്ങള്‍ വലിയ സാധ്യതകള്‍ കൂടിയാണ് : വീണാ മുരളി
അതെ. ‘വീണാ മുരളി ഡെക്കെര്‍സ്’ ഇപ്പോള്‍ വീണയുടേത് മാത്രമല്ല. അത് ആഗോളതലത്തില്‍ നിരവധി കുടുംബങ്ങളുടെ കൂടി ഇഷ്ടങ്ങളാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഐറ്റി പ്രൊഫഷണല്‍ ആയിരുന്നു വീണ. ‘അന്ന് ഞാന്‍ എന്റെ വീടിന്റെ ഇന്റീരിയര്‍ എന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യാനായി ചില യാത്രകളും ഓണ്‍ലൈന്‍ സേര്‍ച്ചുകളും നടത്തി. മനസ്സിന്റെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്ന ചില സങ്കല്പങ്ങള് കൂടുതല്‍ മികവേടെ തെളിഞ്ഞു വന്നു. അതനുസരിച്ചുള്ള വസ്തുക്കള്‍ കണ്ടെത്തുക, അതില്‍ മികച്ചത്, എന്നാല്‍ വില കുറഞ്ഞത്, കൂടുതല്‍ വ്യത്യസ്തമായത്, അസാധാരണമായ കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നത്…. അങ്ങനെ… അങ്ങനെ… അതൊരു ആവേശമായി.
വീട് അതിമനോഹരമായി. കണ്ടവര്‍ കണ്ടവര്‍ അഭിനന്ദിച്ചു. ആരാ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത് എന്ന് ചോദിച്ചു. ഞാനാ ഞാന്‍ തന്നെയാ എന്ന ഉത്തരം ‘വീണാ മുരളി ഡെക്കെര്‍സ്’ എന്ന പേരിലേക്ക് പതിയെ പതിയെ മാറി…. മാറ്റി’, വീണ ചിരിച്ചു.
യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയിക്കുന്നത് സന്തോഷവാനായി ജീവിക്കുമ്പോഴാണ്. അതിന് ആ വ്യക്തി ചെയ്യേണ്ടതോ? തന്റെ പാഷന് വഴിയുള്ള സ്വപ്നങ്ങള്‍ സഫലമാക്കുക എന്നതാണ്. ഇന്റീരിയര്‍ ഡെക്കറേഷനും ഫോട്ടോഗ്രാഫിയുമായിരുന്നു എന്നും വീണയുടെ ഇഷ്ട വിനോദങ്ങള്‍. അത് പക്ഷേ, ഒരു പ്രൊഫഷനായി മാറിയത് സ്വന്തം വീടിന്റെ കാര്യം വന്നപ്പോഴാണ്.
ഇന്ത്യന്‍ ട്രഡീഷണല്‍ ആര്‍ട്ടുകള്‍ ഉപയോഗിച്ച് വീടിനെ എങ്ങനെയെല്ലാം മോടി പിടിപ്പിക്കാം എന്ന് വീണ ഘട്ടം ഘട്ടമായാണ് പരീക്ഷിച്ചറിഞ്ഞത്. അത് ഒരു ‘കോണ്‍ഫിഡന്‍സാ’യി. ജോലി തന്നെ ഉപേക്ഷിച്ച് തന്റെ പാഷനു പിന്നാലെയായി വീണയുടെ ഓട്ടം. പിന്നീട് വീണ പോലും അറിയാതെയാണ് അത് ഒരു ബിസിനസ് സംരംഭമായി വളര്‍ന്നത്.
Veena Murali Decors
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരെ നേരിട്ട് കണ്ടും അവര്‍ ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ എങ്ങനെയാണെന്ന് മനസ്സിലാക്കിയുമാണ് ഓരോ ആര്‍ട്ടുകളും വീണ തന്റെ വീട്ടില്‍ എത്തിച്ചത്. ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കാരും ഇതൊക്കെ എവിടെനിന്നുമാണ് എന്ന അന്വേഷണമാണ് തന്റെ മേഖല ഇതാണ് എന്ന തിരിച്ചറിവ് വീണയില്‍ ഉളവാക്കിയത്.
പൗലോ കോയിലോ പറഞ്ഞതു പോലെ നമുക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അത് സാധിക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്ക്കും എന്നത് വീണയില്‍ 100 ശതമാനം ശരിയായി. യാദൃശ്ചികമാണെങ്കിലും ഇതിന്റെ പിന്നിലെ കഠിനാധ്വാനമാണ് ഈ സംരംഭത്തിന്റെ വിജയ രഹസ്യം. പ്രൊഡക്റ്റിന്റെ ക്വാളിറ്റി നിലനിര്‍ത്തിയാണ് വീണ തന്റെ സംരംഭത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആത്മാര്‍ത്ഥമായി പരിശ്രമിച്ചാണ് അവര്‍ വിജയം കൈവരിച്ചത്.
ഇന്ത്യയിലെ കരകൗശല വിദഗ്ധരില്‍ നിന്നുള്ള അലങ്കാരവസ്തുക്കളുടെയും കലകളുടെയും നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ ആറ് വര്‍ഷം മുമ്പാണ് ചെന്നൈയില്‍ വീണാ മുരളി ഡെക്കെര്‍സ് സ്ഥാപിതമായത്. ഓണ്‍ലൈനായി സാധനങ്ങള്‍ ആളുകള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനു പുറമേ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്മാരുമായും സ്വയം സഹായ സംഘങ്ങളുമായും ഈ സംരംഭം കൈകോര്‍ക്കുന്നു.
Religious, Lamps, Hard ware, Decors, Wooden Carvings, Metal utensils തുടങ്ങിയ വിഭാഗത്തിലുള്ള ആര്‍ട്ട് വര്‍ക്കുകളാണ് വീണാ മുരളി ഡെക്കെര്‍സ് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാച്ചിയാര്‍ കോയില്‍ വിളക്ക്, ആട്ട വിളക്ക്, ഓട്ടൂരുളി, ചങ്ങലവട്ടം, അഷ്ടമംഗല്യ തട്ട്, നെട്ടൂര്‍പെട്ടി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
വീണ തന്റെ സംരംഭം ആരംഭിച്ചത് ഇന്ത്യയിലെ വിവിധ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും അവരുടെ വര്‍ക്കുകള്‍ ശേഖരിച്ച് ആളുകളില്‍ എത്തിച്ചാണ്. എന്നാല്‍ ഇന്ന് തന്റെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും രണ്ട് മാനുഫാക്ച്ചറിംഗ് യൂണിറ്റുകള്‍ വീണക്ക് സ്വന്തമായുണ്ട്. അവിടെ സ്വന്തം അഭിരുചിക്കും കസ്റ്റമേഴ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അനുസൃതമായി മെറ്റീരിയലുകള്‍ സ്വന്തമായി നിര്‍മിച്ച് ആളുകളില്‍ എത്തിക്കുവാന്‍ വീണക്ക് സാധിക്കുന്നു.
‘പാഷന് കം ബിസിനസ്സ്. അതാണ് ശരിക്കും വീണാ മുരളി ഡെക്കെര്‍സ്’, അതാണ് തന്റെ സംരംഭത്തെ കുറിച്ച് വീണയുടെ നിര്‍വചനം.