Special StorySuccess Story

വിജയത്തിന്റെ താക്കോലുമായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിക്ക് പ്രത്യേക ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി സ്റ്റാര്‍ എന്ന ലോകോത്തര ബ്രാന്‍ഡിനെ സൃഷ്ടിക്കുകയും, അതിനെ വളര്‍ച്ചയുടെ വഴികളിലേക്ക് നീങ്ങാന്‍ പ്രാപ്തമാക്കുകയും ചെയ്ത പരിശ്രമത്തിന്റെ പേര് കൂടിയാണത്. സ്വന്തം സംരംഭത്തില്‍ നൂറുമേനി കൊയ്യുകയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മികച്ച സംരംഭകന് സകല പിന്തുണയും നല്‍കി പ്രവര്‍ത്തിച്ചു വരികയും ചെയുന്ന വ്യക്തി കൂടിയാണ്.

ഒരു സംരംഭത്തെ വിജയ വഴിയിലെത്തിക്കുന്നതിനെ സംബന്ധിച്ചുള്ള അറിവുകളും അനുഭവങ്ങളും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ‘ചീഫ് ഗസ്റ്റ് ‘ എന്ന പംക്തിയില്‍ സക്‌സസ് കേരളയുടെ വായനക്കാരോട് സംവദിക്കുന്നു.

നിരവധി സംരംഭങ്ങള്‍ ഓരോ ദിവസവും ആരംഭിക്കുന്നുണ്ട്. പക്ഷേ അവയെല്ലാം ലക്ഷ്യസ്ഥാനം കാണുന്നുമില്ല. തുടക്കക്കാരായി എത്തുന്ന സംരംഭകര്‍ക്ക് ഒരു വനിത സംരംഭക എന്ന നിലയില്‍ നല്‍കാനുള്ള സന്ദേശം എന്താണ്?

ഒരു സംരംഭം വിജയിക്കാതെ പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി എല്ലാവരും തന്നെ സംരംഭകരാവണം എന്നില്ല. ഒരു സംരംഭത്തെ വിജയകരമാക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്. വിപണിയെക്കുറിച്ചും ഉത്പന്നത്തെ കുറിച്ചുമുള്ള അറിവും വളരെ പ്രധാനമാണ്. അതായത്, ഉത്പന്നത്തെക്കുറിച്ച് ശരിയായ അറിവില്ല എങ്കില്‍ നിലവില്‍ വിപണിയിലുള്ള ഉല്‍പന്നങ്ങളുമായി കിടപിടിക്കാനാവില്ല. ഇതൊക്കെയാണ് പ്രധാനമായും തോല്‍വിയിലേക്ക് നയിക്കുന്നത്. ഏറ്റവും അനുയോജ്യമായ സമയത്ത് ശരിയായ തീരുമാനമെടുക്കുക എന്നതും വളരെ പ്രധാനമാണ്.

ഉത്പന്നത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുക എന്നതും സുപ്രധാനമാണ്. കുറഞ്ഞ വിലയില്‍ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുക, ഉത്പാദനക്ഷമതയ്ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുക എന്നതും പ്രധാനം തന്നെയാണ്.

സൂക്ഷ്മതയോടുകൂടി പണം ചെലവഴിക്കുന്നതും ഇടപാടുകാരുടെ കയ്യില്‍ നിന്നും പണം ശേഖരിക്കുക എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. മാത്രമല്ല സമയനിഷ്ടയോടൊപ്പം തന്നെ എല്ലാ മാസവും പണം ലാഭിക്കാനും ശ്രമിക്കേണ്ടതുണ്ട്. അതായത് ആകെ ചെലവ്, വരുമാനം, ലാഭം, ഉത്പന്നത്തിന് ചിലവായ തുക, മറ്റ് അനുബന്ധ ചെലവുകള്‍ തുടങ്ങിയവയുടെ കണക്ക് എല്ലാ മാസവും സൂക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഒരു സംരംഭക എന്ന നിലയില്‍, ലോകം ഒട്ടാകെ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡിനെ കെട്ടിപ്പടുത്തപ്പോള്‍ സ്വന്തം ബിസിനസ്സില്‍ താങ്കള്‍ സ്വീകരിച്ച നയങ്ങള്‍ എന്തൊക്കെയാണ്?

ജാഗ്രത, കൃത്യനിഷ്ഠത, കഠിനാധ്വാനം, സമയബന്ധിതമായ ഇടപെടല്‍, വിപണിയെ കുറിച്ചും എതിരാളികളെ കുറിച്ചുമുള്ള കൃത്യമായ പഠനം എന്നിവ ഒരു സംരംഭകന്‍/സംരംഭകയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു പുതിയ ഉത്പന്നം വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മറ്റു ഉത്പന്നങ്ങളെ കുറിച്ചുള്ള പഠനവും, തന്റെ ഉത്പന്നത്തെ സമയമാസമയങ്ങളില്‍ മെച്ചപ്പെടുത്താനുള്ള ശ്രമവും സംരംഭത്തിന്റെ വിജയത്തിന് കാരണമാകും.

മാത്രമല്ല, നിങ്ങളുടെ എതിരാളികള്‍ അന്നുവരെ എത്തിപ്പെടാത്ത പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് വഴി കൂടുതല്‍ ഉപഭോക്താക്കളെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ സന്തുഷ്ടരാക്കുക. ഇതെല്ലാം തന്നെയാണ് വി സ്റ്റാറിനെ ഒരു ബ്രാന്‍ഡാക്കി മാറ്റാന്‍ എന്നെ സഹായിച്ചത്.

‘വിജയിക്കാന്‍ കുറുക്കുവഴികളില്ല’ എന്ന് പലപ്പോഴും നാം പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ്. ഒരു സംരംഭം മുന്നോട്ട് കൊണ്ടുപോകുക എന്നതിന്റെ പ്രായോഗികതയെ കുറിച്ച് താങ്കളുടെ അഭിപ്രായം?

വിജയത്തിലേക്ക് എത്തിപ്പെടാന്‍ കുറുക്കുവഴികളില്ല എന്നത് നൂറുശതമാനം ശരിയാണ്. കാരണം നിങ്ങള്‍ ഉപഭോക്താക്കളെ വഞ്ചിച്ച് ലാഭമുണ്ടാക്കിയാല്‍ അത് വലിയ തോല്‍വിയായി മാറുമെന്ന് തീര്‍ച്ചയാണ്. നിങ്ങള്‍ ഉപഭോക്താക്കളെ ബഹുമാനിക്കുക, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം.

നീണ്ട വര്‍ഷങ്ങളുടെ സംരംഭക ജീവിതത്തെക്കുറിച്ചും ഇതിനിടെ സ്വായത്തമാക്കിയ അനുഭവങ്ങളെയും പാഠങ്ങളെയും കുറിച്ച് പുതുതലമുറയ്ക്കായി എങ്ങനെ സംഗ്രഹിച്ച് പറയാനാവും?

വിജയിപ്പിച്ചെടുക്കാനുള്ള മനസും ധൈര്യവും ശരിയായ ചേരുവകളായി ഉണ്ടെങ്കില്‍ ഏത് സംരംഭവും വിജയിക്കും. ഭാഗ്യമെന്ന ഒരു ഘടകം അതിലില്ല. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളോ പ്രകൃതിക്ഷോഭങ്ങളോ നമ്മുടെ നിയന്ത്രണത്തിലുള്ളതുമല്ല. ശരിയായ രീതിയിലാണ് നിങ്ങള്‍ പദ്ധതിയിടുന്നതെങ്കിലും, എല്ലാ സാഹചര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാവുകയും സുഗമമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button