വലിഞ്ഞു മുറുകിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; വനിതാ സംരംഭകര്‍ക്ക് മാതൃകയായി ആയിഷ
പിന്നോട്ട് വലിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായിട്ടും ചങ്ങലകളൊക്കെ പൊട്ടിച്ചെറിഞ്ഞ മുന്നോട്ട് ചുവട് വയ്ക്കാന്‍ ശ്രമിക്കുന്ന വനിതാ സംരംഭകര്‍ ഇന്ന് നമുക്കിടയിലുണ്ട്. എന്നാല്‍ പോലും തളച്ചിടപ്പെടുന്നവര്‍ക്കിടയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്ത്തെഴുന്നേല്ക്കാന് ശ്രമിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അത്തരക്കാര്‍ക്കൊരു മാതൃകയാവുകയാണ് ആയിഷ എന്ന സംരംഭക.
ഓര്മ വച്ച നാള് മുതല്‍ നിരവധി പ്രതിബന്ധങ്ങള്ക്കിടയില് ജനിച്ചുവളര്‍ന്നവളാണ് ആയിഷ. പഠിക്കാനും സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താനും മനസ്സ് ഏറെ കൊതിച്ചപ്പോഴും മുസ്ലിം സമുദായത്തിന്റെ നിയന്ത്രിത രേഖക്കുള്ളില്‍ ഒതുങ്ങിക്കൂടുവാനായിരുന്നു ആയിഷയുടെയും വിധി. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണം എന്ന ആഗ്രഹം ജീവിതത്തില്‍ മറ്റെല്ലാത്തിനെക്കാളും ആയിഷ വിലമതിക്കുന്ന തന്റെ ഉപ്പയോട് പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തന്റെ നല്ല പാതിയോട് ഉള്ളിലെ ആഗ്രഹം വീണ്ടും ആവര്‍ത്തിച്ചു. അവിടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയുകയായിരുന്നു.
കൂട്ടുകുടുംബത്തില്‍ നിന്നാല്‍ ആയിഷയുടെ ആഗ്രഹങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ ശോഭ പരത്തില്ലെന്ന് മനസ്സിലാക്കിയ ആയിഷയുടെ ഭര്‍ത്താവ് അതിനാവശ്യമായ സാഹചര്യങ്ങള്‍ അവര്‍ക്ക് ഒരുക്കി. അങ്ങനെ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തവളപ്പാറയില്‍ ‘ചിഞ്ചുസ് ഗാര്‍മെന്റ്സ്’ എന്ന യൂണിറ്റിന് മലപ്പുറംകാരി ആയിഷ രൂപം നല്കി.
കഠിനപ്രയത്നവും സംരംഭക ആകാനുള്ള അടങ്ങാത്ത ആഗ്രഹവും ചേര്‍ത്തു വച്ചപ്പോള്‍ ബിസിനസിന്റെ ഓരോ പടവും ആയിഷ ചവിട്ടിക്കയറി. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സന്തോഷകരമായ ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോഴാണ് ഒരു വില്ലനെ പോലെ ബ്രെയിന്‍ ട്യൂമര്‍ ഭര്‍ത്താവിന് പിടിപെട്ടത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി തവളപ്പാറയിലെ അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന റിട്ടെയ്ല്‍ ഷോപ്പായ ചിഞ്ചുസ് ഗാര്മെന്റ്സിന്റെയടക്കം പ്രവര്‍ത്തനങ്ങള്‍ ആയിഷയ്ക്ക് താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.
ഒരു വര്‍ഷങ്ങള്‍ക്കപ്പുറം ഭര്‍ത്താവ് ജീവിതത്തില്‍ നിന്ന് വേര്‍പെട്ടു മാറിയപ്പോഴാകട്ടെ ഈ സംരംഭകയ്ക്ക് നേരിടേണ്ടിവന്നത് പരീക്ഷണങ്ങളുടെ നാളുകള്‍ ആയിരുന്നു. ഒരു മുസ്ലിം സ്ത്രീയായി പിറന്നതിനെ പഴിച്ച നാളുകള്‍… ആത്മഹത്യയെ കുറിച്ച് ചിന്തിച്ചപ്പോഴും വിധവയായ ഒരു മുസ്ലിം സ്ത്രീക്ക് അതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ‘സതി’യാണെന്ന് ചിന്തിച്ച ദിവസങ്ങള്‍.
മാനസികമായി തളര്‍ന്ന അവസ്ഥയില്‍ നിന്ന് കരകയറി വന്നപ്പോഴും ഒരു സ്ത്രീയെന്ന നിലയില്‍ പിന്നെയും ഒരുപാട് പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു ഈ സംരംഭകയ്ക്ക്. താങ്ങായി നില്‍ക്കേണ്ട വ്യാപാരി വ്യവസായികളുടെ അടക്കം അവഗണനയ്ക്കും ഒറ്റപ്പെടുത്തലിനും ഒടുവില്‍ തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും അവര്‍ക്ക് നല്ലൊരു ജീവിതമാര്‍ഗം നേടിക്കൊടുക്കുവാനും ആയിഷയ്ക്ക് സാധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539608112