മേക്കപ്പ് എന്ന കലയില്‍ വിസ്മയം സൃഷ്ടിച്ച് സനിക സുകേശ്
മേക്കപ്പ് എന്ന വിസ്മയ ലോകത്ത് തന്റേതായ മികവ് തെളിയിക്കണമെന്ന പാഷനാണ് സനികയെ ഇന്ന് ഒരു സംരംഭകയാക്കി മാറ്റിയത്. GET GLAM MAKE OVER എന്ന സംരംഭം, സ്ഥാപനമായി തുടങ്ങിയിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും സനിക തന്റെ പ്രവര്‍ത്തനമേഖലയില്‍ നാല് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ തന്റെ മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്ത് വളരെ വിജയകരമായി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍.
ഒരു ചെറിയ സംരംഭം കൊണ്ട് ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കുള്ള ഈ യാത്രയില്‍ തന്റെ കഴിവിനോടുള്ള വിശ്വാസത്തിന് മുതല്‍ക്കൂട്ടായി പോലീസുകാരനായ ഭര്‍ത്താവ് അരുണും മൂന്നര വയസുകാരി മകള്‍ സാന്‍വികയും ഒപ്പമുണ്ട്. വലിയ ലോകത്തില്‍ ഒരു ചെറിയ മുറിയില്‍ ഒതുങ്ങേണ്ട ഈ സംരംഭത്തെ വിജയപടികളില് എത്തിക്കാന്‍ നടത്തിയ പോരാട്ട വിജയങ്ങളാണ് സനികയെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നയാക്കുന്നത്.
HD മേക്കപ്പ് രീതിയാണ് സനിക ചെയ്യുന്നതെങ്കിലും ഉപഭോക്താവിന്റെ കൂടി താല്പര്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് ഇതില്‍ മാറ്റം വരുത്താറുമുണ്ട്. Mac, Sugar, Nyka, Revolution, Krylon, Imagic എന്നീ ബ്രാന്‍ഡ് ഉല്പന്നങ്ങളാണ് പ്രധാനമായും തന്റെ മേക്കപ്പിനായി ഉപയോഗിക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ക്കുള്ള മേക്ക് ഓവര്‍ (Bridal), ഫങ്ഷന് മേക്കപ്പ് എന്നിവയെല്ലാം ഏറ്റെടുത്ത് വിജയകരമായി ചെയ്തു മുന്നേറുകയാണ് സനികയും സനികയുടെ സംരംഭവും.
ആയൂര്‍വേദത്തില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സനിക എന്ന സംരംഭക ഇന്ന് തിരക്കുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. തന്റെ പാഷനില്ത്തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നതില്‍ പരിപൂര്‍ണ തൃപ്തയാണ് സനിക. തന്നെ തേടിയെത്തുന്ന കസ്റ്റമറുടെ സംതൃപ്തിക്കുവേണ്ടി സനിക സ്വീകരിക്കുന്ന ‘എഫര്‍ട്ട്’ തന്നെയാണ് ഇന്ന് ഒരു തിരക്കുള്ള പ്രൊഫഷണലാക്കി അവരെ മാറ്റിയതും.
വിവാഹ സീസണ് സമയങ്ങളില്‍ കസ്റ്റമേഴ്സിന്റെ എണ്ണം കൂടുതലാണെങ്കിലും ഇവയെല്ലാം ഒരുപോലെ ഹാന്‍ഡില്‍ ചെയ്തു കൊണ്ടുപോകാനും ഇന്ന് ഇവര്‍ക്ക് കഴിയുന്നത് കുടുംബത്തിന്റെയും സഹോദരി സരികയുടേയും പിന്‍ബലം കൂടെയുള്ളതുകൊണ്ടാണെന്ന് സനിക എടുത്തു പറയുന്നു.
കോട്ടയം കടുത്തുരുത്തി ആയാംകുടിയിലെ സനികയുടെ വീടിനു മുകളിലത്തെ നിലയിലാണ് ഇപ്പോള്‍ Get Glam Make Over എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത് കുറച്ചു കൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ സംരംഭക ഇപ്പോള്‍.
‘മൗത്ത് പബ്ലിസിറ്റി’ തന്നെയാണ് സനികയുടെ ഈ സംരംഭത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നതും. പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ വിവാഹത്തിന് വളരെ ചെലവ് കുറഞ്ഞ രീതിയില്‍ മേക്കപ്പ് വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതും ശാന്തിഭവനിലെ കുട്ടികളുടെ വിവാഹത്തില്‍ തന്റെ സേവനം ലഭ്യമാക്കിയും സനിക ഇതിനോടകം പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഈ മേഖലയിലേക്ക് കടന്നുവരുന്ന പുതുസംരംഭകരോട് ഒരു ഓര്‍മപ്പെടുത്തലാണ് സനിക നല്‍കുന്നത്. ‘പണം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം ഒരു മേഖലയില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ അവിടെ പുരോഗതി ഉണ്ടാകില്ല. ഏതു കാര്യവും പാഷനോടെ പഠിച്ചെടുക്കുന്നിടത്താണ് സംരംഭത്തിന്റെ യഥാര്‍ത്ഥ വിജയ’മെന്നും ഈ സംരംഭക പറയുന്നു.