‘സംപ്രീതം’ : ഡോ. ഇന്റീരിയറിന്റെ ആഗ്രഹങ്ങള്‍, ആശയങ്ങള്‍, ആവിഷ്കരണം

ഹോം ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരാണ് ‘ഡോ. ഇന്റീരിയര്‍’ എന്ന സോഷ്യല്‍ മീഡിയ നാമത്തില്‍ അറിയപ്പെടുന്ന എസ് അജയ് ശങ്കര്‍. ഈ മേഖലയില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അജയ് ശങ്കര്‍, ഒരു ഹോം & ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ്, ഹോം ഡെക്കര്‍, സ്പീക്കര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ‘ഡോ. ഇന്റീരിയര്‍’ എന്ന യൂട്യൂബ് ചാനല്‍, ഇന്നത്തെ ഗൃഹനിര്‍മാണ മേഖലയിലെ ഒരു നവതരംഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത വീടുകളുടെ വിശേഷങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ പുതുമകള്‍, സുസ്ഥിര നിര്‍മാണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിദഗ്ധ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കിടുന്നു. അജയ് ശങ്കറിന്റെ അനുഭവപരിചയവും സമഗ്രമായ പഠനവും സംയോജിപ്പിച്ചാണ് ഈ വിവരങ്ങള്‍ ആളുകളിലേക്ക് എത്തുന്നത്.

ആളുകളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുക എന്ന തന്റെ ഉദ്ദേശ്യത്തിന് എസ് അജയ് ശങ്കര്‍ ഇപ്പോള്‍ പുതിയൊരു മാനം കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ഡോ. ഇന്റീരിയര്‍ തുടങ്ങിവച്ചിരിക്കുന്ന ‘സംപ്രീതം’ എന്ന പ്രോജക്ട്, സാമൂഹിക ഉത്തരവാദിത്വത്തോടുള്ള അജയ് ശങ്കറിന്റെ സമര്‍പ്പണത്തിന്റെ തെളിവാണ്. വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയിലൂടെ വീട് നേടാന്‍ കഴിയാതെ പോയ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു വീട് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യഘട്ടമായി, അജയ് ശങ്കറും സംഘവും അര്‍ഹരായ 21 കുടുംബങ്ങളെ കണ്ടെത്തുകയും, ഈ വര്‍ഷം കോട്ടയത്തെ തിരുവഞ്ചൂരില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിനായി 707 ചതുരശ്ര അടിയുള്ള വീട് നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

15 ലക്ഷം രൂപ ബജറ്റിലുള്ള ഈ പദ്ധതിയില്‍, വീടിന്റെ നിര്‍മാണം മാത്രമല്ല, ഇന്റീരിയര്‍ ഡിസൈന്‍, ലാന്‍ഡ്സ്കേപ്പിംഗ്, അത്യാവശ്യ വീട്ടുപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. ഡോ. ഇന്റീരിയറിന്റെ ഈ ദൗത്യം ഇവിടെ അവസാനിക്കുന്നില്ല. വരുന്ന ഓരോ വര്‍ഷവും ഓരോ കുടുംബത്തിന്, ജനുവരി 26ന് നിര്‍മാണം ആരംഭിച്ച് ഓണത്തിന് താക്കോല്‍ കൈമാറ്റം നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ദൗത്യം മുന്നോട്ട് പോകും. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ആശാവര്‍ക്കര്‍മാരുടെയും പഞ്ചായത്തുകളുടെയും സഹായം ഉള്‍പ്പെടുത്തിയിരിക്കുന്നു.

വീടുകളെക്കുറിച്ചുള്ള അറിവ് കൂടുതല്‍ ആളുകളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ആര്ക്കിഫൈ ടോക്സ്’ എന്ന പുതിയ സെമിനാര്‍ പരമ്പര അജയ് ശങ്കര്‍ അവതരിപ്പിക്കുന്നു. ഒരു വീട് നിര്‍മിക്കാനും പരിപാലിക്കാനും എന്തൊക്കെ അറിയണമെന്നതിനെക്കുറിച്ച് യുവ ഉപഭോക്താക്കളെയും എന്ജിനീയര്മാരെയും ഉള്‍പ്പെടുത്തിയുള്ള സംവേദനാത്മക സെഷനുകള്‍ ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. വര്‍ഷത്തില്‍ നാലു തവണ, ഓരോ മൂന്ന് മാസത്തിലുമൊരിക്കല്‍, ഈ സെമിനാറുകള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, സൗരോര്‍ജ സാങ്കേതികവിദ്യ വീടുകളില്‍ എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു മനസ്സിലാക്കാന്‍ വേണ്ടി, ‘സൂര്യശക്തി’ എന്ന വാര്‍ഷിക വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നു.

അജയ് ശങ്കര്‍ പരിചയപ്പെടുത്തുന്ന ഈ നവീന പദ്ധതികള്‍ വീട്ടുശില്പ ശാസ്ത്രത്തെയും സാമൂഹിക സേവനത്തെയും സമന്വയിപ്പിക്കുന്നതിലൂടെ, വീടുകളെക്കുറിച്ചുള്ള പൊതുജന മനോഭാവത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. വ്യത്യസ്ത ഹോം ഡിസൈന്‍ കാഴ്ചപ്പാടുകളും, വീടുകളുടെ ഭാവിയെ കുറിച്ചുള്ള പുതിയ ചിന്താഗതികളും ഡോ. ഇന്റീരിയര്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നു. സ്വന്തമായി വീട് സ്വപ്നം കാണുന്നവര്‍ക്ക് മാത്രമല്ല, അവരിലേക്ക് പ്രതീക്ഷയുടെ പ്രകാശം പകര്ന്നുനല്കാന് ആഗ്രഹിക്കുന്നവര്‍ക്കും അജയ് ശങ്കറിന്റെ ഈ പ്രോജക്ടുകള്‍ ഒരു പ്രചോദനമായിത്തീരുന്നു.