EntreprenuershipSpecial StorySuccess Story

റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’

സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച പങ്കജമെന്ന സംരംഭക

അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കുന്നത്. ഭര്‍ത്താവ് ടി. ആര്‍ മണിലാല്‍, മകള്‍ അമൃത പി ലാല്‍ എന്നിവര്‍ പൂര്‍ണ പിന്തുണയുമായി പങ്കജത്തിനൊപ്പം തന്നെയുണ്ട്. ഭര്‍ത്താവ് ടി ആര്‍ മണിലാല്‍ വിനായക കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമസ്ഥനാണ്. മകള്‍ അമൃതയാകട്ടെ ജനറല്‍ കോസ്‌മെറ്റോളജിസ്റ്റും. അമൃതയുടെ ഭര്‍ത്താവ് നിശ്ചിതന്‍ വി.എസ് ആണ് റോസ് കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തുന്നത്. ഇവര്‍ക്ക് ഒരു മകന്‍; ഗുരുദത്ത്.

തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോടും ശ്രീകാര്യത്തുമാണ് പങ്കജത്തിന്റെ നിലവിലുള്ള രണ്ട് ബ്യൂട്ടി സലൂണുകള്‍. അതില്‍ പോത്തന്‍കോട് സലൂണ്‍ പൂര്‍ണമായും നടത്തിക്കൊണ്ടു പോകുന്നത് പങ്കജവും ശ്രീകാര്യത്തുള്ള സലൂണ്‍ മകള്‍ അമൃതയുമാണ്. 2002ല്‍ ആരംഭിച്ച ഈ സംരംഭം വിജയകരമായി 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഏതൊരു വ്യക്തിയും പുതിയൊരു മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോള്‍ എതിര്‍പ്പുകള്‍ സര്‍വസാധാരണമാണ്. അതുപോലെ തന്നെ പങ്കജത്തിനും നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തില്‍ നിന്നും പരിചയമുള്ള വ്യക്തികളുമെല്ലാം എതിര്‍ത്തിരുന്നു. എല്ലാകാലത്തും തുണയായി കൂടെയുണ്ടായിരുന്നത് സുഹൃത്തുക്കളാണ്. അവര്‍ സാമ്പത്തികമായും മാനസികമായും ഒപ്പം നിന്നു.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് ഇംഗ്ലീഷില്‍ അത്രതന്നെ പ്രാവിണ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ മേഖലയില്‍ ഇംഗ്ലീഷ് പരിജ്ഞാനം വളരെയധികം അനിവാര്യമാണ്. ആവശ്യമായ കാര്യങ്ങള്‍ ഓരോന്നും പഠിപ്പിക്കുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മുന്നോട്ടു നയിച്ചത് പങ്കജത്തിന്റെ അധ്യാപകരായിരുന്നു.
ഇന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി ബ്രൈഡല്‍ മേക്കപ്പുകള്‍ പങ്കജം ചെയ്തു വരുന്നു. കേരളത്തിനകത്തു നിന്നുമാണ് കൂടുതല്‍ വര്‍ക്കുകളെങ്കിലും പുറത്തുപോയി വര്‍ക്ക് ചെയ്യാന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും അവര്‍ പറയുന്നു. ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സഹോദര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ് റോസ് കളക്ഷന്‍സും റോസ് ക്രാഫ്റ്റ് വില്ലയും.

ഇങ്ങനെയൊരു മേഖല തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പങ്കജത്തിന് പറയാനുള്ളത് ഇതാണ്. തന്റെ ഭര്‍ത്താവിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് വരുമാനം നിലക്കുകയും ചെയ്തപ്പോള്‍ മകളുടെ പഠനത്തിനും മറ്റുമായി വളരെയധികം ചെലവ് വന്നിരുന്നു. ഒരു പത്താം ക്ലാസുകാരി എന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന ആലോചനയിലാണ് ബ്യൂട്ടീഷ്യന്‍ കോഴ്‌സ് എന്ന ചിന്താഗതി മനസ്സിലേക്ക് വരുന്നത്. ഒരു സുഹൃത്ത് വഴി ഈ മേഖലയെ കുറിച്ച് അറിഞ്ഞപ്പോള്‍ താല്പര്യം തോന്നുകയും ചെയ്തു. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൂടുതല്‍ പഠിച്ച് ഷഹനാസിന്റെ ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്തു. തുടക്കത്തില്‍ മറ്റൊരു സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ തന്നെപ്പോലെ നിരവധി സ്ത്രീകള്‍ ഉണ്ടെന്നും,അവര്‍ക്ക് താന്‍ കാരണം ഒരു ജോലി ലഭിക്കണം എന്നുള്ള ചിന്തയില്‍ നിന്നുമാണ് ഇപ്പോഴുള്ള തന്റെ’ റോസ് ഷാനാസ് ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍’ പിറവിയെടുക്കുന്നത്.

നിലവില്‍ ഇവിടെ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരാണ് കൂടുതലും എത്തുന്നത്. ഇവര്‍ക്കായുള്ള എല്ലാതരം ട്രീറ്റ്‌മെന്റുകളും സര്‍വീസുകളും ഇവിടെ ലഭ്യമാണ്. എല്ലാവിധ സ്‌കിന്‍, ഹെയര്‍ ട്രീറ്റ്‌മെന്റുകളും ബ്രൈഡല്‍ മേക്കപ്പുകളും ചെയ്തു വരുന്നു. അതില്‍ ഫേഷ്യല്‍, ബ്രൈഡല്‍ ഫേഷ്യല്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, ഹെയര്‍ റിമൂവല്‍, ഹെയര്‍ സ്പാ, ബി ബി ഗ്ലോ, ഹെയര്‍ കളറിംഗ്, ഹൈഡ്ര ഫേഷ്യല്‍, എച്ച് ഡി വാട്ടര്‍പ്രൂഫ് മേക്കപ്പ്, കൂടാതെ സ്‌പെഷ്യല്‍ ബ്രൈഡല്‍ പാക്കേജുകളും ഇവിടുത്തെ സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു..

ഇത്തരം സര്‍വീസുകളെല്ലാം കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം ചെയ്തു കൊടുക്കുന്നതുകൊണ്ട് തന്നെ വളരെ നല്ല ‘ഫീഡ്ബാക്ക്’ ആണ് 20 വര്‍ഷക്കാലത്തോളമായി തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് പങ്കജം പറയുന്നു. പുതിയകാലത്തെ മേക്കപ്പ് രീതികള്‍ പഴയകാലത്തെ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി എളുപ്പമാണ്. അതിനു കാരണം ടെക്‌നോളജിയില്‍ ഉണ്ടായ വളര്‍ച്ച തന്നെ.

പണ്ട് ക്വാളിറ്റിയുള്ള പ്രൊഡക്ടുകള്‍ തിരഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന ഒന്നായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സജീവമായ ഈ കാലത്ത് ഓരോ പ്രോഡക്റ്റും തിരഞ്ഞെടുക്കുകയും അവ ഓര്‍ഡര്‍ ചെയ്ത് എത്തിക്കാനും കഴിയുന്നു എന്നത് ഈ മേഖലയില്‍ ഉണ്ടായ വലിയൊരു നേട്ടമാണ്. ഇപ്പോള്‍ ആളുകള്‍ അധികവും വേണമെന്ന് ആവശ്യപ്പെടുന്നത് നാച്ചുറല്‍ മേക്കപ്പുകളാണ്. അതായത് മേക്കപ്പ് ചെയ്തു എന്ന് തോന്നിക്കാത്ത തരത്തിലുള്ള വളരെ നോര്‍മല്‍ ആയിട്ടുള്ളവ. ‘സീറോ മേക്കപ്പ്’ എന്നാണ് ഇതിനെ പറയുന്നത്.
ഭാഷ കൈകാര്യം ചെയ്യാനുള്ള ആദ്യകാലങ്ങളിലെ ബുദ്ധിമുട്ട് പങ്കജത്തെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു. അത് പിന്നീട് പ്രാക്ടീസിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചു. പിന്നീട് സ്ഥാപനത്തില്‍, മികച്ച സ്റ്റാഫുകളെ മറ്റുള്ള സ്ഥാപനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കി അവരെ നിലനിര്‍ത്തി പോരുകയാണ് പങ്കജത്തിന്റെ പോളിസി. ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഏതൊരു പ്രതിബന്ധങ്ങളെയും നേരിടാം എന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ് മുന്നോട്ട് സഞ്ചരിക്കാനുള്ള കരുത്തായി മാറുന്നത്.

ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ വളരെ വിഷമകരമായ ചില സാഹചര്യങ്ങള്‍ പങ്കജത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായും ഈ മേഖല വളരെ മോശപ്പെട്ട ഒരു തൊഴിലായി കാണുന്നവരായിരുന്നു പണ്ട് ഉണ്ടായിരുന്നത് എന്നതാണ്. പ്രൊഡക്ടുകള്‍ വാങ്ങുന്നതിനും ആളുകളെ മേക്കപ്പ് ചെയ്യുന്നതിനും മറ്റും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുമ്പോള്‍ അതിനെ വളരെ നെഗറ്റീവ് ആയിട്ടായിരുന്നു അന്ന് ആളുകള്‍ കണ്ടിരുന്നത്. ഇത് തന്നെ ഒത്തിരി വിഷമിപ്പിച്ചിരുന്നുവെന്ന് പങ്കജം പറയുന്നു. എന്നാല്‍ ഈ കാഴ്ചപ്പാടെല്ലാം ഇപ്പോള്‍ വളരെയധികം മാറിയിട്ടുണ്ടെന്നും അന്ന് തന്നെ തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ തന്നെ ചേര്‍ത്തു പിടിക്കുന്നുണ്ടെന്നും പങ്കജം പറയുന്നു.

തന്റെ റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലറിന്റെ വളര്‍ച്ച മുന്നില്‍ കണ്ടു തന്നെയാണ് പങ്കജം മുന്നോട്ടു സഞ്ചരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിട്ടുള്ള തന്റെ സലൂണില്‍ പുരുഷ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു കൂടി ഉതകുന്ന തരത്തില്‍ വിപുലീകരിക്കണം എന്നതാണ് പങ്കജത്തിന്റെ ആഗ്രഹം. അതിനായി റോസ് ഹെര്‍ബല്‍ ക്ലിനിക് ഇനിമുതല്‍ ‘മെലുഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’ ആയി മാറുകയാണ്. രണ്ടുമാസത്തിനകം തന്നെ ‘മെലുഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’ ഉദ്ഘാടനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ എന്റെ സലൂണ്‍ ഉപകാരപ്പെടണം’ എന്ന ചിന്താഗതിയാണ് ഇത്തരമൊരു മാറ്റത്തിലേക്ക് പങ്കജത്തെ പ്രേരിപ്പിക്കുന്നത്. നിരവധി ആളുകളുടെ ആവശ്യപ്രകാരം കൂടിയാണ് ഈ മാറ്റം. തന്റെ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്കോവര്‍ ഭാവിയിലേക്ക് ഒരു ബ്യൂട്ടി അക്കാദമിയാക്കി മാറ്റാനും ഇനിയും കൂടുതല്‍ ക്വാളിറ്റി ട്രീറ്റ്‌മെന്റുകളും സര്‍വീസുകളും ലഭ്യമാക്കാനും നിരവധി ആളുകള്‍ക്കായി തനിക്ക് കഴിയും വിധത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്‍കാനും താന്‍ ആഗ്രഹിക്കുന്നു എന്നും പങ്കജം പറയുന്നു. പോത്തന്‍കോട് ആസ്ഥാനമായാണ് ബ്യൂട്ടി അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുക.

ഈ മേഖലയില്‍ ധാരാളം വ്യക്തികള്‍ ജോലി ചെയ്യുന്നുവെങ്കിലും പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകളുടെ ലഭ്യതക്കുറവ് വളരെയധികമാണ്. ഈ കുറവ് നികത്തി കൂടുതല്‍ ‘ട്രെയിന്‍ഡ്’ ആയിട്ടുള്ള ആളുകളെ സൃഷ്ടിക്കുക എന്നത് കൂടിയാണ് ബ്യൂട്ടി അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്.

ഒരു സ്ത്രീ സംരംഭക എന്ന നിലയില്‍ പങ്കജത്തിന് പറയാനുള്ളത് ഇതാണ് :
”സ്ത്രീകള്‍ ആയതുകൊണ്ട് തന്നെ നിരവധി പരിമിതികള്‍ ഉണ്ട്. കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ജീവിതത്തിന്റെ ഭാഗമായി ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടന്ന് മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് വിജയത്തില്‍ എത്തുന്നത്. ഒരുപക്ഷേ ആദ്യം തള്ളിപ്പറഞ്ഞവരെല്ലാം പിന്നീട് ചേര്‍ത്തുനിര്‍ത്തിയേക്കാം. ഒന്നിനും മടിച്ചു മാറി നില്‍ക്കരുത്. ഏതൊരു പ്രതിബന്ധത്തെയും മറികടന്ന് മുന്നോട്ടു സഞ്ചരിക്കുക തന്നെ വേണം.”

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button