അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥ പറയുന്ന റംഷീന

സ്വപ്‌നങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും സാധിക്കും, എന്നാല്‍ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് ആ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. പട്ടാമ്പി താനാംപുള്ളി എന്ന ഗ്രാമത്തില്‍ നിന്നും പ്രവാസത്തിന്റെ മണ്ണായ യുഎഇയില്‍ എത്തിയ റംഷീന എന്ന 28കാരി ഇന്ന് അത്തരത്തില്‍ ഒരു വലിയ മാതൃകയാണ്. മൂന്ന് മക്കളുടെ അമ്മ എന്ന വലിയ ഉത്തരവാദിത്വത്തോടൊപ്പം തന്നെ, തന്റെ സര്‍ഗാത്മകതയെ ഒരു വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റിയ റംഷീനയുടെ കഥ ഏതൊരു സ്ത്രീയ്ക്കും ഊര്‍ജം പകരുന്നതാണ്.
പുറത്ത് ലഭിച്ച ഒരു ജോലി, തന്റെ മൂന്ന് മക്കളെ പിരിഞ്ഞു നില്‍ക്കാനുള്ള പ്രയാസം കാരണം വേണ്ടെന്ന് വെക്കേണ്ടി വന്നപ്പോഴാണ് റംഷീന സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനമെടുത്തത്. തന്റെ സര്‍ഗാത്മകതയും കഠിനാധ്വാനവും കൈമുതലാക്കി ഗിഫ്റ്റ് ഹാംപറുകളുടെ ലോകത്തേക്ക് അവര്‍ ചുവടുവെച്ചു. വെറും ആറുമാസം കൊണ്ട് ഒരു വലിയ ഉപഭോക്തൃ ശൃംഖലയെ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് റംഷീനയുടെ അര്‍പ്പണബോധത്തിന്റെ തെളിവാണ്.

”ഇന്ന് കാണുന്ന ഈ വിജയത്തിന് പിന്നില്‍ ഉറക്കമില്ലാത്ത രാത്രികളുണ്ട്”, റംഷീന പറയുന്നു. പുലര്‍ച്ചെ വരെ ഹെന്ന വര്‍ക്കുകള്‍ ചെയ്തും, ഓരോ ഗിഫ്റ്റ് ഹാംപറുകളും കസ്റ്റമറുടെ താത്പര്യത്തിനനുസരിച്ച് ഒരുക്കിയും റംഷീന തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റി. ലാഭത്തെക്കാള്‍ കൂടുതല്‍ ഗുണമേന്മയ്ക്കും ഉപഭോക്താക്കളുടെ സംതൃപ്തിക്കുമാണ് റംഷീന മുന്‍ഗണന നല്‍കുന്നത്. saz_crafty_creations എന്ന ബ്രാന്‍ഡിന് കീഴില്‍ ബര്‍ത്ത്‌ഡേ, ആനിവേഴ്‌സറി, വെഡിങ് തുടങ്ങി ഏതൊരു വിശേഷത്തിനും അനുയോജ്യമായ രീതിയിലുള്ള കസ്റ്റമൈസ്ഡ് ഗിഫ്റ്റുകളും അവര്‍ തയ്യാറാക്കി നല്‍കുന്നുണ്ട്.

തുടക്കത്തില്‍ പരിഹാസം നിറഞ്ഞ ചോദ്യങ്ങളായിരുന്നു ചുറ്റുമുള്ളവരില്‍ നിന്നുണ്ടായത്. എന്നാല്‍ ആ പരിഹാസങ്ങളെയെല്ലാം റംഷീന തന്റെ വിജയത്തിനുള്ള ഇന്ധനമാക്കി മാറ്റി. ഭര്‍ത്താവിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണ കൂടിയായപ്പോള്‍ റംഷീനയുടെ ആത്മവിശ്വാസം ഇരട്ടിയായി. ഇന്ന് വിപണിയിലെ മത്സരങ്ങളെ ഭയപ്പെടാതെ, തന്റെ വര്‍ക്കിലെ പെര്‍ഫെക്ഷന്‍ കൊണ്ട് നിരവധി ഓര്‍ഡറുകളാണ് റംഷീനയെ തേടിയെത്തുന്നത്.
ഓരോ വര്‍ക്കും എന്റെ സ്വന്തം വീട്ടിലെ ഒരാള്‍ക്ക് നല്‍കുന്നത് പോലെയാണ് ചെയ്യുന്നതെന്ന് റംഷീന പറയുന്നു. അവരുടെ മുഖത്തെ സന്തോഷമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും റംഷീന കൂട്ടിച്ചേര്‍ക്കുന്നു. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ഏതൊരു വീട്ടമ്മയ്ക്കും വിജയിക്കാം എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുക കൂടിയാണ് റംഷീന ഇന്ന്.



