ജീവിത വിജയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിട്ടാണ് ശരിയായ ഡിസൈന്റെ രൂപീകരണത്തെ കണക്കാക്കുന്നത്. ഇവിടെ ഡിസൈന്‍ എന്നത് തെറ്റിദ്ധരിക്കപ്പെട്ടതോ വിവിധ അര്‍ത്ഥ തലങ്ങളുള്ളതോ ആയ ഒരു പ്രയോഗമാണ്. എന്താണ് ഡിസൈന്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നതെന്ന് വിശദമായിത്തന്നെ പ്രതിപാദിച്ചു തുടങ്ങാം.
പുതിയ മാതൃകകളെയോ ഉപയോഗ സാദ്ധ്യതകളെയോ ജീവിതത്തിലേക്ക് സ്വാംശീകരിക്കുക എന്നതാണ് ഇവിടെ ഡിസൈന്‍ എന്നതുകൊണ്ട് പ്രാഥമികമായി അര്‍ത്ഥമാക്കുന്നത്. ജീവിതത്തിന് ആത്മീയവും ഭൗതികവുമായ രണ്ട് തലങ്ങളുള്ളത് അറിയാമല്ലോ. ഭൗതിക ജീവിതത്തില്‍ നാം പരിചയപ്പെടുന്നതോ ഉപയോഗിക്കുന്നതോ ആയ വസ്തുക്കളും ഉല്പന്നങ്ങളും കാര്യക്ഷമമായി നിര്‍മ്മിക്കുന്നതിലാണ് ഡിസൈന്റെ പ്രാധാന്യം.
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ ടെലിഫോണിന്റെ രൂപാന്തരണം ഒരുദാഹരണമായെടുക്കാം. 1877-ലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യ ടെലിഫോണ്‍ മാതൃക അവതരിപ്പിച്ചത്. തുടര്‍ന്നുള്ള ഓരോ ദശകങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഫോണിന്റെ രൂപത്തിലും ധര്‍മത്തിലും സംഭവിച്ചിട്ടുണ്ട്. ഇന്നത് ശരീരത്തിന്റെ ഒരവയവമെന്നപോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.
ജീവിതത്തിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യുന്നതില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങള്‍ ദര്‍ശിക്കാം.
1. അനിഷ്ടം നിറഞ്ഞ ഒരു തുടക്കം.
2. വാഞ്ജ നിറഞ്ഞ ഒരു ലക്ഷ്യസ്ഥാനം.
3. അനിഷ്ടത്തില് നിന്ന് വാഞ്ജയിലേക്കുള്ള പരിവര്‍ത്തനത്തില്‍ തടസ്സം നില്ക്കുന്ന ചില ഘടകങ്ങള്‍.
ഈ മൂന്ന് ഘട്ടങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രശ്ന പരിഹാരത്തിനായി തുനിഞ്ഞിറങ്ങുന്ന ഒരു വ്യക്തിയെ പോസിറ്റീവായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
1. ബൗദ്ധികനിലവാരവും (Intelligence) സര്‍ഗ്ഗാത്മകതയും (Creativity)
2. തീരുമാനമെടുക്കാനുള്ള കഴിവ്.
നല്ല ഒരു തീരുമാനത്തിലെക്കെത്തണമെങ്കില് അടിയന്തിര പ്രാധാന്യമുള്ള വസ്തുക്കളെ കണ്ടെത്താനും തിരിച്ചറിയാനും തെറ്റുകളെ അംഗീകരിക്കാനുമുള്ള മനസ്സുണ്ടാവണം.
ഒരു പുതിയ ചിന്താധാര എങ്ങനെ ജീവിതത്തില്‍ ഇഴുകിച്ചേരും? ഒരു പുതിയ ഉല്പന്നം എങ്ങനെ വിപണിയില്‍ എത്തിച്ചേരും? ഈ ഉത്തരത്തിനുമുണ്ട് മൂന്ന് ഘടകങ്ങള്‍. ഒന്ന്, സാധ്യതകളെ തിരിച്ചറിയുന്ന ഘട്ടം. രണ്ട്, സാധ്യതകളില്‍ നിന്ന് ഒരു പ്രക്രിയയെ രൂപപ്പെടുത്തുന്ന ഘട്ടം. മൂന്നാമത്തേത് പ്രക്രിയയെ പ്രവൃത്തിപഥത്തിലാക്കുന്നത്.
സാധ്യതകളെ തിരിച്ചറിയുന്നത് നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെയാണ്. പ്രകൃതി അപാരമായ സാധ്യതകളുടെ ഒടുങ്ങാത്ത കലവറയാണ്. പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തിലൂടെയുള്ള പ്രകൃതിപഠനം, ബൗദ്ധികവും നൂതനവും പരമ്പാരാഗത രീതികളെ തകര്‍ക്കുന്ന വിധത്തിലേക്ക് മാറുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരും. ഇവിടെ ”ബ്രെയിന്‍സ്റ്റോര്‍മിംഗ്” എന്ന പുതിയൊരു പഠനമാര്ഗ്ഗത്തെപ്പറ്റി വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇവിടെ ‘ശരിയായ’ ഉത്തരങ്ങള്‍ക്ക് സ്ഥാനമില്ല. തെറ്റ് മനുഷ്യസഹജമാണ്. ഇന്നത്തെ ‘ശരി’ നാളത്തെ ‘തെറ്റാ’യി മാറാം. ഇവിടെ ‘യുക്തിരഹിത’മെന്നോ ‘യുക്തിപൂര്വ്വ’മെന്നോ ഉള്ള വിവേചനത്തിന് സ്ഥാനമില്ല. ഭാവനയെയും യുക്തിയെയും കൂട്ടിക്കുഴക്കേണ്ടതിന്റെ ആവശ്യവുമില്ല.
പുതിയ സാധ്യതകളെയോ ആശയങ്ങളെയോ കണ്ടെത്താന്‍ എങ്ങനെ Brainstorming Method പ്രയോജനപ്പെടുത്താം എന്ന് പരിശോധിക്കാം. ഒരു ‘കൂട്ടം’ ആളുകള്‍ കൂടിയിരുന്ന് ചിന്തിക്കുന്നതായി സങ്കല്‍പ്പിക്കുക. ഇവിടെ ‘ടീ’മിന് ഒരു ‘ലീഡര്‍’ ഉണ്ടാകണം. മുന്‍വിധികളെ ഉപേക്ഷിക്കുന്ന നയമാകണം ടീമിന് ഉണ്ടാകേണ്ടത്. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ലീഡര്‍ അവസരമൊരുക്കണം. കുറഞ്ഞത് 30-40 മിനിട്ടെങ്കിലും ഈ ‘ചര്‍ച്ച’ തുടരട്ടെ.
ആദ്യ 10 മിനിട്ട് വിഷയാവതരണത്തിനായെടുക്കാം. എല്ലാ ആശയങ്ങളെയും രേഖപ്പെടുത്തേണ്ടതുണ്ട്. ഒന്നിന്റെയും ‘ശരി-തെറ്റുകള്‍’ അപ്പപ്പോള്‍ നിര്‍ണയിക്കരുത്. പുതിയ സാധ്യതകളും ആശയങ്ങളും പതിയെ രൂപം കൊള്ളട്ടെ.
മാനേജ്മെന്റ് വിദഗ്ധര്‍ പലപ്പോഴും ഉപയോഗിക്കാറുള്ള ‘ ‘6-3-5 method’ ’ ഇവിടെ പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഒരു മേശയ്ക്ക് ചുറ്റും 6 പേര് ഇരിക്കുക. മൂന്ന് പുതിയ ആശയങ്ങള്‍ അവര്‍ പേപ്പറില്‍ കുറിക്കട്ടെ. കുറച്ചുസമയം കഴിഞ്ഞ് ഓരോരുത്തരും അവരുടെ ആശയങ്ങള്‍ തങ്ങളുടെ വലതുഭാഗത്തിരിക്കുന്നവര്‍ക്ക് കൈമാറുക. വീണ്ടും പുതിയ ആശയങ്ങള്‍ ഓരോരുത്തരും കിട്ടിയ പേപ്പറില്‍ കൂട്ടിച്ചേര്‍ക്കട്ടെ. ഓരോരുത്തരും കൈമാറുന്ന പേപ്പറുകള്‍ അവരവരുടെ കൈയ്യില്‍ എത്തിച്ചേരുന്നതുവരെ ഈ പ്രക്രിയ തുടരുക. ഇങ്ങനെ 5 റൗണ്ടുകള്‍ ചെയ്യാം. കിട്ടിയ ആശയങ്ങളെ ഒടുവില്‍ ക്രോഡീകരിക്കുക. സാധ്യതകളുടെ പുതിയ ലോകത്തിലേക്കാണ് ഇവ നമ്മെ എത്തിക്കുന്നത്.
- Y Johnson
- email: j_yohannan2000@yahoo.com