രുചി വൈവിധ്യങ്ങളുടെ കൂട്ടുകാരിയായി പ്രിയ മേരി ആന്റണി
കണ്ണെഴുതി, പൊട്ട് തൊട്ട് അച്ചടക്കത്തോടെ കുടുംബത്തിന് ‘വെച്ചു വിളമ്പി’ കൊടുക്കുന്നവരാണ് യഥാര്‍ത്ഥ സ്ത്രീകള്‍ എന്ന് വിശ്വസിക്കുന്ന ഒരു കാലവും സമൂഹവും ഇതേ മണ്ണില്‍ നമുക്ക് മുന്‍പ് ജീവിച്ചിരുന്നു. അതിന്റെ തെളിവ് പലയിടങ്ങളിലും ഇപ്പോഴും സ്പഷ്ടമായി കാണുകയും ചെയ്യാം.
ആഗ്രഹങ്ങളെ പൊതിഞ്ഞുകെട്ടി അടുക്കളയുടെ മൂലയില്‍ ഒതുക്കിവച്ചിരിക്കുന്നവരും അതിനു കാരണമാകുന്നവരുമുള്ള അതേ സമൂഹത്തില്‍, ആഗ്രഹങ്ങള്‍ക്ക് ചിറകുവെച്ച് പതിയെ പറന്നു തുടങ്ങിയവരും ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് കൊച്ചി കാക്കനാടുകാരി പ്രിയ മേരി ആന്റണി.
തന്റെയുള്ളില്‍ ഉണ്ടായിരുന്ന ഒരു പാചകക്കാരിയെ പൊടിതട്ടിയെടുക്കാനും അതിലൂടെ സ്വന്തമായൊരു സംരംഭം തുടങ്ങാനും പ്രിയ മടിച്ചുനിന്നില്ല. എല്ലാതരം ഭക്ഷണവും രുചിയോടെ ഉണ്ടാക്കാന്‍ ഒരാള്‍ക്ക് കഴിയുന്നുവെങ്കില്‍ അവരെ നമുക്ക് എങ്ങനെ വിളിക്കാം? പാചകറാണി, കൈപ്പുണ്യം ഉള്ളവര്‍ തുടങ്ങി വ്യത്യസ്തമായ നാമങ്ങള്‍ ചാര്‍ത്തി നാം അവരെ അഭിസംബോധന ചെയ്യാറില്ലേ….!
ലോകം ചുറ്റി വ്യത്യസ്ത രുചികള്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹത്തില്‍ പ്രിയയെ പോലെ വൈവിധ്യമായ പാചകം ചെയ്യാന്‍ അറിയുന്നവരെ എങ്ങനെ ഒഴിവാക്കാനാകും? പാചകം ഒരു കലയാണ്. തോന്നുന്നതെല്ലാം ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്താല്‍ അതിന് രുചി ഉണ്ടാകണമെന്നില്ല.
നാം എന്തു കാര്യം ചെയ്യുകയാണെങ്കിലും അത് പരിപൂര്‍ണമായ ആത്മാര്‍ത്ഥതയോടെ ചെയ്താല്‍ മാത്രമേ, അതിനു തക്കതായ ഫലം ലഭിക്കുകയുള്ളൂ. അതിന് ആദ്യം തന്നെ വേണ്ടത് ആഗ്രഹവും ആഗ്രഹത്തിനായി പരിശ്രമിക്കാനുള്ള ഒരു മനസ്സുമാണ്. ഇത് രണ്ടും ഉള്ളതിനാല്‍ പാചക ലോകം ഇന്ന് പ്രിയയ്ക്ക് സ്വന്തം. നല്ലൊരു പാചകക്കാരി ആകാന്‍ പാചകത്തില്‍ ഡിഗ്രി എടുക്കേണ്ട ആവശ്യം ഒന്നുമില്ലെന്ന് തെളിയിച്ച വ്യക്തിയാണ് പ്രിയ. അമ്മ നല്ലൊരു പാചകക്കാരി ആയിരുന്നുവെന്നും അമ്മയില്‍ നിന്നും പഠിച്ചതാണ് പാചകത്തിലെ പൊടിക്കൈകളെന്നും പ്രിയ അഭിമാനത്തോടെ പറയുന്നു.
ഇന്ന് priya’s kitchen എന്ന പേരില്‍ സ്വന്തമായി കേറ്ററിംഗ് യൂണിറ്റ് നടത്തുകയാണ് ഈ പെണ്‍കരുത്ത്. ജഡ്ജ്‌മെന്റ് പാനലുകളില്‍ പോകുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. ഫ്‌ളവഴ്‌സ് ടിവിയിലെ ‘മേളം മറക്കാത്ത സ്വാദ്’ എന്ന റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനവും മഴവില്‍മനോരമയുടെ ഈസ്റ്റര്‍ രുചിയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ പ്രിയ ഇന്ന് പാചക വിദ്യയിലെ മജീഷ്യയാണ്.
കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസക്ക് കീഴിലുള്ള കേരള റസ്റ്റോറന്റ് Trilogyയില്‍ മൂന്ന് വര്‍ഷം മുന്‍പ് നടന്ന, 500 ആളുകള്‍ രജിസ്റ്റര്‍ ചെയ്ത കോമ്പറ്റീഷനില്‍ വിജയിച്ചത് താന്‍ ആയിരുന്നുവെന്നു പ്രിയ പറയുമ്പോള്‍ കുക്കിംഗിനോടുള്ള താല്‍പര്യം എത്രത്തോളം ആണെന്ന കാര്യം സ്പഷ്ടമാണ്. അന്ന് അവിടെയുണ്ടാക്കിയ പ്രിയയുടെ സ്‌പെഷല്‍ ഐറ്റം ‘താറാവ് പെരട്ട്’ പിന്നീട് ട്രിലോളജി റസ്റ്റോറന്റിലെ ഒരു ഐറ്റം ആവുകയും സിനിമ – സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ‘ഫേവറേറ്റ് ഡിഷാ’യി മാറുകയും ചെയ്തിട്ടുണ്ടെന്നും ആവേശത്തോടെ പ്രിയ പറയുന്നു.
പ്രിയയുടെ മറ്റൊരു സ്‌പെഷ്യല്‍ ഐറ്റം ‘ഫോര്‍ട്ട് കൊച്ചി ഒലത്ത് ഇറച്ചി’യാണ്. ഇത്തരത്തില്‍ വളരെ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം ഉണ്ടാക്കുകയാണ് പ്രിയയുടെ ലക്ഷ്യം.