Success Story

Precious Pictures; തന്റെ കുഞ്ഞിന്റെ ആദ്യ പുഞ്ചിരിയില്‍ തുടങ്ങിയ സ്വപ്‌നം, ഒരു ബ്രാന്‍ഡായി മാറിയ വിജയകഥ

ഓരോ സ്ത്രീയുടെ ഉള്ളിലും ഒരുപാട് സ്വപ്‌നങ്ങള്‍ ഉറങ്ങിക്കിടക്കുന്നു. ചിലപ്പോള്‍ അവയ്ക്ക് വലിയ വേദികള്‍ ആവശ്യമില്ല, മറിച്ച് ചെറിയൊരു അവസരം മതി. കോഴിക്കോട് സ്വദേശിനി റിന്‍ഷ റഹീമിന്റെ ജീവിതം അത്തരത്തിലൊരു ചെറിയ നിമിഷത്തില്‍ നിന്നാണ് മാറിത്തുടങ്ങിയത്. ഇന്ന് Precious Pictures എന്ന ബ്രാന്‍ഡ് കേരളത്തിലും ഒമാനിലും വിശ്വാസത്തിന്റെ പേരായി മാറുമ്പോള്‍, അതിന്റെ അടിത്തറ ഒരു അമ്മയുടെ ഹൃദയവും, ഒരു സ്ത്രീയുടെ തളരാത്ത മനസ്സുമാണ്.

2018ല്‍ സ്വന്തം മകളുടെ ന്യൂബോണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ റിന്‍ഷക്ക് അതൊരു പ്രൊഫഷന്റെ തുടക്കമാകുമെന്ന് തോന്നിയില്ല. അത് തന്റെ കുഞ്ഞിന്റെ ആദ്യ നിമിഷങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു അമ്മയുടെ സ്വാഭാവികമായൊരു ആഗ്രഹം മാത്രമായിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച അഭിനന്ദനങ്ങള്‍ റിന്‍ഷക്ക് സ്വന്തം സംരംഭം ആരംഭിക്കാനുള്ള ആത്മവിശ്വാസമായി മാറി.

ഫോട്ടോഗ്രഫിയില്‍ യാതൊരു പശ്ചാത്തലവുമില്ലായിരുന്നെങ്കിലും സ്വപ്‌നം ഉണ്ടായിരുന്നു. അതിനൊപ്പം കൈപിടിച്ചുനിന്നത് ഭര്‍ത്താവ് ഷക്കീല്‍ അഹ്മദായിരുന്നു. റിന്‍ഷ ആദ്യമായി ക്യാമറ വാങ്ങിയപ്പോള്‍, അതിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിച്ച് ആത്മവിശ്വാസം നല്‍കിയതും ഭര്‍ത്താവായിരുന്നു. ഓരോ ബട്ടണും, ഓരോ സെറ്റിങ്ങും, ഓരോ ഫ്രെയിമും, അങ്ങനെ പഠനമൊരു പങ്കാളിത്തമായി മാറി.

തുക്കത്തില്‍ സ്റ്റുഡിയോ ഇല്ല, ടീം ഇല്ല, വലിയ നിക്ഷേപമൊന്നും തന്നെയുണ്ടായിരുന്നില്ല. പക്ഷേ ഒരു ദൃഢനിശ്ചയമുണ്ടായിരുന്നു. ‘ന്യൂബോണ്‍ ഫോട്ടോഗ്രഫി’ എന്ന ഉത്തരവാദിത്വമുള്ള മേഖലയിലേക്ക് കടക്കാന്‍ റിന്‍ഷ അതീവ ശ്രദ്ധയോടെ പഠിച്ചു. കുഞ്ഞുങ്ങളുടെ സുരക്ഷ, അവരുടെ സൗകര്യം, ഓരോ ചെറിയ വിശദാംശവും മനസ്സിലാക്കി. കുടുംബത്തിലെ ന്യൂബോണ്‍ ബേബികളുടെ ഫോട്ടോകളെടുത്ത് ആത്മവിശ്വാസം നേടിയ ശേഷം, 2020 ലാണ് Precious Pictures എന്ന തന്റെ സ്വപ്‌ന ബ്രാന്‍ഡിന് തുടക്കമിട്ടത്.

ആ തുടക്കം ഒരു സ്ത്രീയുടെ തനിച്ചുള്ള സംരംഭക യാത്രയായിരുന്നു. എന്നാല്‍ ഇന്നത്, അഞ്ചംഗ വനിതാ ടീമിന്റെ കരുത്തോടെ മുന്നേറുന്ന സംരംഭമായി വളര്‍ന്നു. കൊടുവള്ളിയില്‍ എക്‌സ്‌ക്ലൂസീവ് ഫാമിലി സ്റ്റുഡിയോ ആരംഭിച്ച്, വിവിധ തീമുകളോടെ ഷൂട്ടുകള്‍ സംഘടിപ്പിച്ച്, കേരളത്തിലെ വിവിധ ജില്ലകളില്‍ സേവനമെത്തിച്ച് ബ്രാന്‍ഡ് വിശ്വാസം നേടി. കുടുംബം ഒമാനിലേക്ക് മാറിയത് ഒരു വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ബ്രാന്‍ഡിനെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ ഒരു ടീമിനെ പരിശീലിപ്പിച്ച് ഉത്തരവാദിത്വം കൈമാറി. ഇന്ന് രണ്ട് രാജ്യങ്ങളിലായി ബ്രാന്‍ഡ് മുന്നോട്ട് കൊണ്ടുപോകാനുള്ള ധൈര്യവും കാണിച്ചു.

ന്യൂബോണ്‍ ഷൂട്ടാണ് Precious Pictures ന്റെ മുഖച്ഛായ. അതിനൊപ്പം മെറ്റേണിറ്റി, പ്രീ ബര്‍ത്ത്‌ഡേ, ഫാമിലി, ലൈഫ്‌സ്‌റ്റൈല്‍ ഷൂട്ടുകള്‍ എന്നീ സര്‍വീസുകളാണ് നല്‍കുന്നത്. ഒരിക്കല്‍ വന്നവര്‍ വീണ്ടും തിരികെ എത്തുന്നത്, അവര്‍ നല്‍കുന്ന സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണ്.

മത്സരം നിറഞ്ഞ ഈ രംഗത്ത് നിലനില്‍ക്കാന്‍ റിന്‍ഷ തിരഞ്ഞെടുത്ത വഴി ഗുണമേന്മയും ഹൃദയസ്പര്‍ശിയായ സമീപനവുമായിരുന്നു. സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ വര്‍ക്കുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, അതിന്റെ പിന്നില്‍ ഉറച്ച അധ്വാനവും ഉറക്കമില്ലാത്ത രാത്രികളുമാണ്. ഒരു സ്ത്രീക്ക് ഒരേ സമയം അമ്മയാകാനും, ഭാര്യയാകാനും, സംരംഭകയാകാനും കഴിയുമോയെന്ന ചോദ്യത്തിന് റിന്‍ഷയുടെ ജീവിതം തന്നെ മറുപടിയാണ്.

തുടക്കം എത്ര ചെറുതായാലും, അതിന് പിന്നില്‍ ഉറച്ച വിശ്വാസവും പിന്തുണയുമുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതിന്റെ തെളിവാണ് റിന്‍ഷയുടെ യാത്ര. ഒരു അമ്മയുടെ ഹൃദയത്തില്‍ പിറന്ന ചെറിയൊരു സ്വപ്‌നം ഇന്ന് അനേകം കുടുംബങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെ സൂക്ഷിക്കുന്ന വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.

പക്ഷേ റിന്‍ഷയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. Precious Pictures എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക, പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുക ഇവയാണ് റിന്‍ഷയുടെ അടുത്ത ലക്ഷ്യം. ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ക്കായി വര്‍ക്ക്‌ഷോപ്പുകളും മെന്ററിങ് സെഷനുകളും സംഘടിപ്പിച്ച്, താന്‍ പഠിച്ച അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കും കൈമാറണമെന്നതാണ് അവരുടെ വലിയ സ്വപ്‌നം.

സ്വന്തം കുടുംബവും ബിസിനസും ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസമാണ് ഇന്ന് ഈ ബ്രാന്‍ഡിന്റെ അടിത്തറ. തന്റെ കുഞ്ഞിന്റെ ആദ്യ പുഞ്ചിരിയില്‍ തുടങ്ങി, ഇന്ന് അനേകം സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രചോദനമായി റിന്‍ഷ മാറിയിരിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button