വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കം; ‘പെപ്കാര്‍ട്ട്’ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
കോഴിക്കോട്: വന്‍കിട ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവര്‍ത്തനവും കോവിഡും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെപ്പ്കാര്‍ട്ട് (Pepkart) എന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കി.
ഇഷോപ്പിംഗ്, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഡിജിറ്റല്‍ വാലറ്റ്, ജിയോ സേര്‍ച്ചിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്കില്‍ ഡവലപ്മെന്റ് ട്രെയിനിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന് മാനേജ്മെന്റ് എല്ലാത്തിനുമുപരി വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പെപ്പ്കാര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
രാജ്യവ്യാപകമായി ഒരു പുതുമാറ്റത്തിന് ഇത് തുടക്കം കുറിക്കും. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരാള്‍ക്കും തങ്ങളുടെ ഷോപ്പ് പെപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്യുന്നതു വഴി, അവരവരുടെ ഷോപ്പിനെ ഡിജിറ്റലൈസ് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് അവര്ക്കടുത്തുള്ളതാ ഇഷ്ടമുള്ളതോ ആയ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാനും ആവശ്യമെങ്കില്‍ കടക്കാരനോട് ചാറ്റ് വഴി ആശയ വിനിമയം ചെയ്യുവാനും ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സിസ്റ്റം വഴി അപ്പോള്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കുവാനും സാധിക്കും.
സേവന പരിധിയില്‍ വരുന്ന അര്‍ഹരായ വ്യാപാരി വ്യവസായികള്‍ക്ക് സ്കില്‍ ഡവലപ്മെന്റ് ട്രെയിനിംഗും വ്യാപാര വികസനത്തിനനുയോജ്യമായ ഉപാധികളും പെപ്പ്കാര്‍ട്ട് വഴി നല്‍കാനും ലക്ഷ്യമിടുന്നു. അങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ വ്യാപാര സമൂഹത്തിന്റെ പങ്കിനെ ഊട്ടിയുറപ്പിക്കാനും സാധിക്കും. ഇതിനായി പരമാവധി കച്ചവട സ്ഥാപനങ്ങളും പെപ്പ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ടി നസിറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.