പാഷന്‍ സംരംഭമാക്കി മാറ്റാം, അബിന്‍ഷയുടെ പരിശീലനത്തിലൂടെ
കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പുറത്ത് ജോലിക്ക് പോകാതെ വീട്ടിലിരുന്ന് തന്നെ എങ്ങനെ പണം സമ്പാദിക്കാം എന്നത്. ഇന്നത്തെ കാലത്ത് അതിന് പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അതിനോട് ഒരു പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ അത് വിജയിപ്പിക്കാന്‍ സാധിക്കൂ.
ഇന്ന് മിക്ക സ്ത്രീകളും തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് എംബ്രോയിഡറി. അതുകൊണ്ടുതന്നെ എംബ്രോയിഡറി പഠനത്തിലൂടെ സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് തിരൂര്‍ സ്വദേശിനി അബിന്‍ഷ ‘ഷാര്‍പ് സ്റ്റെപ്പര്‍’ എന്ന തന്റെ സംരംഭം തുടങ്ങുന്നത്. നാലു മക്കളുള്ള അബിന്‍ഷ വീട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ ആയിട്ടാണ് പരിശീലനം നല്‍കുന്നത്.
വസ്ത്രങ്ങള്‍ മനോഹരമാക്കാന്‍ എംബ്രോയിഡറി വര്‍ക്കുകള്‍ ഇന്ന് ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, ഹാന്‍ഡ് എംബ്രോയ്ഡറിക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് അബിന്‍ഷ ഈ മേഖല തിരഞ്ഞെടുത്തത്. വെറും 500 രൂപ മാത്രമാണ് മൂന്നുമാസത്തേക്ക് ഫീസായി അബിന്‍ഷ വാങ്ങുന്നത്. വരുമാനമുണ്ടാക്കുക എന്നതിലുപരി, മറ്റ് സ്ത്രീകളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് അബിന്‍ഷയുടെ ആഗ്രഹം.
ഒരു ബാച്ചില്‍ തന്നെ ഏകദേശം 100 സ്ത്രീകളാണ് അഡ്മിഷന്‍ എടുക്കുന്നതും ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നതും. ഓണ്‍ലൈന്‍ ക്ലാസിന് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് റെക്കോര്‍ഡഡ് വീഡിയോകളും അയച്ചു നല്‍കുന്നു. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങളും പഠനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നു. ആരി വര്‍ക്ക്, ഹെയര്‍ ആക്‌സസറീസ് തുടങ്ങി എല്ലാ വര്‍ക്കുകള്‍ക്കും പരിശീലനം നല്‍കുന്നു. ആരി വര്‍ക്ക് പഠിപ്പിക്കുന്നതിനായി രണ്ട് പരിശീലകരാണ് ഇവിടെയുള്ളത്. മറ്റുള്ള കോഴ്‌സുകളെല്ലാം അബിന്‍ഷ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
തുടക്കം
ഷാര്‍പ് സ്റ്റെപ്പര്‍ എന്ന കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ട്യൂഷന്‍ക്ലാസിലൂടെയായിരുന്നു അബിന്‍ഷയുടെ തുടക്കം. അവിടെനിന്ന് താന്‍ ചെയ്ത ഹാന്‍ഡ് എംബ്രോയ്ഡറി വര്‍ക്കുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ഇത് കണ്ട പലരും ഇങ്ങോട്ട് ക്ലാസുകള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് എന്തുകൊണ്ട് തന്റെ അറിവുകള്‍ മറ്റുള്ള സ്ത്രീകള്‍ക്ക് പറഞ്ഞുകൊടുത്തൂടേ എന്ന ആലോചന വന്നത്. അങ്ങനെയാണ് ഒരു വര്‍ഷം മുന്‍പ് സംരംഭം തുടങ്ങുന്നത്. ഇതുവരെ 1500 ഓളം പേരാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
തന്റെ ശിഷ്യര്‍, പരിശീലിച്ച കാര്യങ്ങള്‍ അവിടെ കളയാതെ സ്വന്തമായി വര്‍ക്കുകള്‍ ചെയ്തു ധനം സമ്പാദിക്കുന്നു എന്നറിയുന്നതിലാണ് അബിന്‍ഷ ഏറ്റവും സന്തോഷിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് അകത്തും പുറത്തും തന്റെ ക്ലാസുകള്‍ ലഭ്യമാക്കുക എന്നതാണ് അബിന്‍ഷയുടെ മുന്നോട്ടുള്ള ലക്ഷ്യം. അതിനുവേണ്ടിയുള്ള പരിശ്രമത്തിന് കൂട്ടായി അബിന്‍ഷയുടെ ഭര്‍ത്താവ് ഹസ്സൈനാര്‍ ഷര്‍ജിദും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.