‘പടം വരയും ചുമരെഴുത്തും’ വെറും കലയല്ല, വിനോദിന്റെ സന്തോഷങ്ങളാണ്
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളില്‍ ഒന്ന് മനസ്സിന് ഇഷ്ടപ്പെട്ട മേഖലയില്‍ അത്രയേറെ ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണ്. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരില്‍ ഒരുകൂട്ടര്‍ കലാകാരന്മാരാവും. ദൈവികമായ ഒരു കഴിവിനൊപ്പം അത് പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും അംഗീകാരങ്ങളും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. മറ്റെല്ലാം ഒഴിവാക്കി തന്റെ ഇഷ്ട കലയെ പൂര്‍ണതയില്‍ എത്തിച്ചു കാണുമ്പോഴുള്ള തൃപ്തിയും സന്തോഷത്തിനും വിലയിടാനും കഴിയില്ല. ഇത്തരത്തില്‍ കുഞ്ഞുനാള് മുതല്‍ ഇഷ്ടം കൊണ്ട് ഒപ്പം കൂട്ടിയ പടം വരയും ചുമരെഴുത്തുമായി മുന്നേറുന്ന കലാകാരനാണ് Pallavi Arts and Publicity യുടെ ഉടമ വിനോദ്.
പിതാവിന്റെ കരം പിടിച്ചു കലയുടെ ലോകത്തേക്ക്
എയര്‍ഫോഴ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത് മടങ്ങിയെത്തിയ പിതാവ് ചിത്രരചനയിലേക്ക് നീങ്ങുന്നു. വരയോടും സര്‍വോപരി മഹത്തരമായ കലയോടുമുള്ള ഇഷ്ടത്താല്‍, അദ്ദേഹം തന്റെ മൂന്ന് മക്കളുടെ കൈകളിലേക്കും ബ്രഷും ചായവും മുറുകെ പിടിപ്പിക്കുന്നു. ഗുരുവായി മുന്നില്‍ നടന്നും കൈ ചേര്‍ത്തുപിടിച്ചുമുള്ള അധ്യാപനവും ആ മക്കള്‍ ആശിര്‍വാദം പോലെ ഏറ്റുവാങ്ങുന്നു. തുടര്‍ന്ന് പടം വരയും ചുമരെഴുത്തും പരസ്യം വരയുമായുമെല്ലാം ഹൃദയത്തിലേക്ക് ആവാഹിച്ച് മൂവരും തൊഴില്‍ മേഖലയിലേക്ക് ഇറങ്ങുന്നു.
1990 കാലങ്ങളില്‍, ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വിനോദ് ആര്‍ട്ടിസ്റ്റായി ഈ മേഖലയില്‍ എത്തുന്നത്. വലിയൊരു ജോലിയുടെ ഭാഗമായി, ക്ലാസ്സ് മുടക്കി, മുള കെട്ടി അതിന് മുകളില്‍ കയറി നിന്ന് ജോലി ചെയ്യവേ അച്ഛന് അന്വേഷിച്ചെത്തി പഠനം മുടക്കിയതിന് നല്ല അടി നല്കിയതും വിനോദ് ഇന്നും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വരയിലെ ഇഷ്ടം പരിഗണിച്ച് അച്ഛന് പിന്നീട് അതിന് സമ്മതിക്കുകയായിരുന്നു. ഇതോടെ അധികം വൈകാതെ 1998 ല്‍ Pallavi Arts and Publicity എന്ന സ്ഥാപനം വിനോദ് ആരംഭിച്ചു.
പടം വരയും ചുമരെഴുത്തുമായി നല്ല രീതിയില്‍ മുന്നോട്ടുപോകവെയാണ് ഫ്ളെക്സ് പ്രിന്റിങ്ങുകള്‍ കളം പിടിക്കുന്നത്. കാലികമായ മാറ്റത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ വരയുടെയും ബാനറിന്റെയും കൂട്ടത്തിലേക്ക് ഫ്ളെക്സുകളും എത്തി. ഒപ്പം ഇലക്ഷന് പ്രചാരണത്തിനായുള്ള ഭീമന് വര്‍ക്കുകളും ഇവരെ അന്വേഷിച്ചെത്തി.
വിനോദ് ഒറ്റയ്ക്ക് തുടങ്ങിയ സ്ഥാപനത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഏഴുപേര്‍ സഹായികളായി അദ്ദേഹത്തിനൊപ്പമുണ്ട്. ഈ തിരക്കുകള്‍ക്കിടയിലും അച്ഛന് പഠിപ്പിച്ച പടം വരയും ചുമരെഴുത്തും വിനോദ് ഒഴിവാക്കിയില്ല. ചുമര് പരസ്യ എഴുത്തുകളിലെ ഈ വിരുത് ഇന്ത്യയിലെ തന്നെ പല എണ്ണം പറഞ്ഞ കമ്പനികളുടെ കേരളം മുഴുവനായുള്ള ചുമരെഴുത്ത് ജോലികള്‍ Pallavi Arts and Publicity യുടെ കരങ്ങളെ തേടിയെത്തിച്ചു.
വെറും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നതില്‍ നിന്ന് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ അംഗന്‍വാടികളിലും സ്കൂളുകളിലും ചുമരെഴുതും ചിത്രം വരകളും പരിഗണിച്ച് തുടങ്ങിയതോടെ ഇത്തരം ജോലികളും വിനോദിനായി ഒഴിച്ചിടപ്പെട്ടു. ഇത്തരത്തില്‍ മലയന്‍കീഴ് അംഗന്‍വാടിയില്‍ ഒരുക്കിയ വരയും ചുമരെഴുതും വിനോദിന് ഏറെ കൈയ്യടിയും ജനശ്രദ്ധയും നേടിക്കൊടുത്തു.
ഇഷ്ടം ഇഴുകിച്ചേര്‍ന്ന തൊഴിലായതുകൊണ്ട് തന്നെ ചുമരെഴുത്തിനും പടം വരയ്ക്കുമിടയില് വിനോദ് സമയത്തെക്കുറിച്ച് ചിന്തിക്കാറില്ല. എത്ര വരച്ചാലും എഴുതിയാലും കൊതി തീരാത്തത് കൊണ്ടും, പൂര്‍ണതയ്ക്കും കൂടുതല്‍ മനോഹരമാക്കാനും പരിശ്രമിക്കാന്‍ തയ്യാറാകുന്നതുമാണ് വിനോദിനെയും Pallavi Arts and Publicity യെയും ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ വ്യത്യസ്തനാക്കുന്നത്.
അതേസമയം, കലയെ ജീവനോളം ചേര്‍ത്തുവയ്ക്കുന്ന ഒരാളെ തേടി വലിയ പുരസ്കാരങ്ങളോ ബഹുമതികളോ എത്തിയില്ലല്ലോ എന്ന് സഹതപിക്കുന്നവര്ക്കിടയില്, താന്‍ പൂര്‍ത്തിയാക്കുന്ന ജോലികള്‍ കണ്ട് തന്നെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരെക്കാള്‍ വലിയ അംഗീകാരങ്ങള്‍ വേറെയില്ല എന്നതാണ് വിനോദിന്റെ മറുപടി.