പ്രതിസന്ധികളെ തോല്പിച്ചു വിജയപഥത്തിലേക്ക്…
ഒരുപാട് അവഗണനകളിലൂടെയും തോല്‍വികളിലൂടെയും യാത്ര ചെയ്തവരാണ് ഇന്ന് ഉയരങ്ങളില്‍ എത്തി നില്ക്കുന്ന പലരും. അത്തരത്തില്‍ സ്വന്തം പരിശ്രമത്തിലൂടെ, കഠിനാധ്വാനത്തിലൂടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന്, ഇന്ന് വിജയകരമായ ഒരു ജീവിതം നയിക്കുന്ന വനിതാരത്നമാണ് രാജലക്ഷ്മി.
മനാരുള് ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നു ഹൈസ്കൂള്‍ വിദ്യഭ്യാസവും നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യഭ്യാസവും പൂര്‍ത്തിയാക്കിയ രാജലക്ഷ്മി ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും കരസ്ഥമാക്കിയ വ്യക്തിയാണ്. നെടുമങ്ങാട് പുത്തന്‍പാലം എന്ന സ്ഥലത്താണ് ഇവര്‍ ജനിച്ചത്. അച്ഛന്: കൃഷ്ണകുട്ടി, അമ്മ: വസന്ത. രാജലക്ഷ്മിക്ക് ജാനകി എന്ന് പേരുള്ള മകള്‍ ഉണ്ട്.
ശ്രീകാര്യം Hdb ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ സെയില്‍സ് ഓഫീസര്‍ ആയാണ് രാജലക്ഷ്മി തന്റെ കരിയര്‍ ജീവിതം ആരംഭിച്ചത്. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്ത നിഴല്‍ പോലെ പിന്തുടരുന്നതിനാല് തന്റെ ആദ്യ ജോലിയില്‍ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞു. തുടര്‍ന്നും ബാങ്കിങ് മേഖലയില്‍ തന്നെയാണ് രാജലക്ഷ്മി പ്രവര്‍ത്തിച്ചത് .
ഒരു ബിസ്സിനസ്സുകാരന്റെ മകളായിരുന്നതു കൊണ്ട് തന്നെ ചെറുപ്പം മുതലേ സ്വന്തമായി ഒരു ബിസ്സിനസ്സ് തുടങ്ങണം എന്ന ആഗ്രഹം രാജലക്ഷ്മിക്ക് ഉണ്ടായിരുന്നു. അച്ഛന്റെ ബിസിനസ്സില്‍ ഉണ്ടായ വിജയവും അച്ഛന്റെ ബിസ്സിനസ്സ് ശൈലികളോടുള്ള ഇഷ്ടവും ഒക്കെയാണ് ബിസ്സിനസ്സുകാരി ആകണം എന്ന പ്രചോദനം തനിക്ക് നല്‍കിയതെന്ന് രാജലക്ഷ്മി തന്നെ പറയുന്നു.
മറ്റുള്ളവരെ ആശ്രയിക്കാതെ നമ്മുടെ കഴിവുകളെ മനസിലാക്കി അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ വിജയവും സ്വയം അഭിമാനിക്കാനുള്ള വിശ്വാസവും ഉണ്ടാകുന്നത് എന്ന ചിന്തയാണ് ബിസ്സിനസ്സ് മേഖല തിരഞ്ഞെടുക്കാന്‍ രാജലക്ഷ്മിയെ പ്രേരിപ്പിച്ചത്.
പലപ്പോഴും ഒരു വ്യക്തിയെ വിലയിരുത്തുന്നത് അവരുടെ വസ്ത്രധാരണത്തിന്റെയും വ്യക്തിയുടെ രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും. ഈയൊരു ആശയം മനസ്സില്‍ വച്ച് സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ നല്ല വസ്ത്രങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യവുമായി രാജലക്ഷ്മി ആരംഭിച്ച സ്ഥാപനമാണ് Azura Fashion Hub. വഴുതക്കാടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
ഈ സ്ഥാപനത്തിന്റെ വിജയത്തെ തുടര്‍ന്ന് കേശവാദസപുരം കേദാരം കോംപ്ലക്സില്‍ Azura mens and ladies wear എന്ന പേരില്‍ മറ്റൊരു സ്ഥാപനം തുടങ്ങുകയും ചെയ്തു. രണ്ട് സ്ഥാപനങ്ങളുടെയും കസ്റ്റമേഴ്സില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മിതമായ നിരക്കില്‍ ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്ത് സ്റ്റിച്ച് ചെയ്യാനുള്ള സൗകര്യവും Azuraയില്‍ ലഭ്യമാണ്.
Azura എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ‘ബ്ലൂ സ്കൈ’ എന്നാണ്. ആകാശം എന്നത് ഈ ലോകത്താകമാനം അനന്തമായി വ്യാപിച്ചിരിക്കുന്ന ഒന്നാണ്. അത് പോലെ തന്നെ Azura എന്ന സ്ഥാപനവും അതിന്റെ ഫാഷനും ലോകമൊട്ടാകെ ഉയരത്തില്‍ വളരണം എന്നാണ് രാജലക്ഷ്മിയുടെ ആഗ്രഹം. ആ ആഗ്രഹം സഫലമാക്കാനുള്ള പ്രയത്നം അക്ഷീണം തുടരുന്നു.
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം എന്നാഗ്രഹിച്ച്, സ്വന്തമായി ഒരു ലക്ഷ്യം നിശ്ചയിച്ചു അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഓരോ സ്ത്രീകള്‍ക്കുമുള്ള മാതൃകയാണ് രാജലക്ഷ്മിയെ പോലുള്ള വനിതാ സംരംഭകര്‍.