ഒറ്റ ക്ലിക്കില്‍ ഒതുങ്ങില്ല,ജിക്സണ്‍ താണ്ടിയ വിജയവീഥി
കേരള ഫീഡ്സിലെ ജോലി ഉപേക്ഷിച്ച് ഫുള്‍ടൈം ഫോട്ടോഗ്രാഫറാകാന്‍ തീരുമാനിച്ച ജിക്സണെ വീട്ടുകാര്‍ പോലും പിന്തിരിപ്പിക്കുവാന് ശ്രമിച്ചതാണ്. ജിക്സന്റെ അച്ഛനും അച്ഛന്റെ സഹോദരങ്ങളും മുത്തച്ഛനും ഫോട്ടോഗ്രാഫര്‍മാരായിരുന്നു. എങ്കിലും എന്‍ജിനീയറിങ് കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ജിക്സണ്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു.
2013-ല്‍ സ്വന്തമായി സ്റ്റുഡിയോ തുറക്കുമ്പോള്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ജിക്സണ്‍ പക്ഷേ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ആരും കാണാത്തത് കാണാനുള്ള കണ്ണും കാഴ്ചകള്‍ തേടിപ്പോകാനുള്ള മനസ്സും കൈയിലൊരു ക്യാമറയുമുണ്ടെങ്കില്‍ ഈ ലോകത്തില്‍ തന്റേതായ ഒരു അടയാളം പതിപ്പിക്കാനാകുമെന്ന് ജിക്സണ്‍ ഉറച്ചു വിശ്വസിച്ചു. ഇന്ന് ഇതേ വിശ്വാസത്തോടെ ക്യാമറ കയ്യിലെടുക്കുന്ന അനേകം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തൊഴില്‍ നല്കുന്ന കേരളത്തിലെ തന്നെ മുന്‍നിരയിലുള്ള സ്റ്റുഡിയോയാണ് ജിക്സണ്‍ ഫ്രാന്‍സിസ്, സുഹൃത്തായ വിവിനോടൊപ്പം നേതൃത്വം നല്കുന്ന ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ്.
പിന്നിട്ട പാതകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ജിക്സണ്‍ പങ്കുവയ്ക്കാനുണ്ട്. എല്‍ഒസിയ്ക്ക് ഭദ്രദീപം കൊളുത്തിയ സിനിമാതാരം സിജു വില്‍സണ്‍ ഒരു സഹോദരനെപ്പോലെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെയുണ്ടായിരുന്നു. അങ്ങനെ പല ചിത്രങ്ങളുടെയും ഇന്റര്‍വ്യൂ പ്രൊമോയും ഷൂട്ട് ചെയ്യാന്‍ എല്‍ഒസി സ്റ്റുഡിയോയ്ക്ക് അവസരം ലഭിച്ചു. അപ്പോഴേക്കും ജിക്സണ്‍ പകര്‍ത്തിയ വിവാഹങ്ങളുടെയും വിശേഷാവസരങ്ങളുടെയും ‘ക്ലിക്കുകള്‍’ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു.
എങ്കിലും നടി പേളി മാണിയുടെയുടെയും ശ്രീനിഷിന്റെയും വിവാഹത്തിന് പേഴ്സണല്‍ ഫോട്ടോഗ്രാഫറായി പകര്‍ത്തിയ നിമിഷങ്ങളാണ് ജിക്സണെ വൈറലാക്കിയത്. ശേഷം ഒരുപാട് സെലിബ്രിറ്റികളോടൊപ്പം ഫോട്ടോഷൂട്ട് നടത്താന്‍ ജിക്സണു കഴിഞ്ഞു. തന്റെ സിഗ്നേച്ചര്‍ ഷോട്ടുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ജിക്സണ്‍ തിരിച്ചറിയപ്പെട്ടു തുടങ്ങി. ജിക്സണോടൊപ്പം കളമശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉയര്‍ന്നുവരുന്ന ബ്രാന്‍ഡായി അറിയപ്പെട്ടു തുടങ്ങി. ജിക്സന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത താരങ്ങളില്‍ ഹോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസും സൂപ്പര്‍ മോഡല്‍ അര്‍ച്ചന അനില്‍കുമാര്‍ വരെ ഉള്‍പ്പെടുന്നു.
കോവിഡ് കാലത്ത് നടന്ന കല്യാണവും വൈറലായ നിമിഷങ്ങള്‍ ജിക്സണ്‍ സമ്മാനിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ജിക്സന്റെ സംരംഭവും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്നു. വെഡിങ് ഫോട്ടോഗ്രാഫിയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെങ്കിലും പ്രൊഡക്ട് ഫോട്ടോഗ്രഫി, മോഡല്‍ ഫോട്ടോഗ്രാഫി, ഇവന്റ് ഫോട്ടോഗ്രഫി, മൂവി പോസ്റ്റര്‍ ഫോട്ടോഗ്രഫി ഇങ്ങനെ ഛായാഗ്രഹണത്തിന്റെ എല്ലാ മേഖലകളിലും ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ സാന്നിധ്യമുണ്ട്. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ വിജയത്തോടെ ലൈഫ് ഓഫ് കളര്‍ എന്ന പേരില്‍ ക്ലോത്തിങ് സ്റ്റോറും ഹാപ്പിനസ് പ്രോജക്ട് എന്ന ഇവന്റ് മാനേജ്മെന്റും ഫോറസ്റ്റ് കൗണ്ടി എന്ന റിസോര്‍ട്ടും ജിക്സണ്‍ ആരംഭിക്കാനായി.
രണ്ടായിരത്തിലധികം യുവ ദമ്പതിമാരുടെ മംഗല്യമുഹൂര്ത്തങ്ങള് ജിക്സണ്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. വെഡിങ് സൂത്ര പോലെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രൈഡല്‍ മീഡിയ ബ്രാന്‍ഡുകള്‍ ജിക്സന്റെ ചിത്രങ്ങള്‍ ഇന്ത്യ ഒട്ടാകെയുള്ള ഉപഭോക്താക്കള്‍ക്ക് പങ്കുവച്ചിട്ടുമുണ്ട്. എങ്കിലും ഓരോ തവണ ക്യാമറ കയ്യിലെടുക്കുമ്പോഴും ഒരു പുതിയ ചലഞ്ച് ഏറ്റെടുക്കുന്ന പ്രതീതിയാണെന്ന് ജിക്സണ്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് വ്യൂ ഫൈന്‍ഡറിലൂടെ കാണുന്ന ഓരോ കാഴ്ചയും അതുല്യവും അപൂര്‍വമാക്കി മാറ്റാന്‍ ജിക്സണ്‍ കഴിയുന്നതും.