ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി തന്നെ
മുംബായ്: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പല്ലോന്‍ജി മിസ്ത്രിയെന്ന് ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി. 2016ല്‍ തന്നെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മിസ്ത്രി സമര്‍പ്പിച്ച അപ്പീല്‍ രണ്ടംഗ ട്രിബ്യൂണല്‍ അംഗീകരിച്ചു. ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന എന്‍.ചന്ദ്രശേഖരന്റെ നിയമനം അസാധുവാക്കുകയും ചെയ്തു. മിസ്ത്രിയെ പുറത്താക്കിയത് ചട്ടലംഘനവും ഓഹരി പങ്കാളിയെ ഒതുക്കലുമാണെന്ന് വിധിയില്‍ പറയുന്നു. ടാറ്റാ സണ്‍സിനെ പ്രൈവറ്റ് കമ്പനിയാക്കാന്‍ എടുത്ത ഡയറക്ടര്‍ ബോര്‍ഡ് തീരുമാനവും റദ്ദാക്കിയിട്ടുണ്ട്.
ഒരു മാസത്തിന് ശേഷമേ വിധി പ്രാബല്യത്തില്‍ വരൂ. ഇതിനുള്ളില്‍ സുപ്രീം കോടതിയില്‍ ടാറ്റാ സണ്‍സിന് അപ്പീല്‍ സമര്‍പ്പിക്കാം. ക്രിസ്മസ് അവധിക്ക് മുമ്പ് തന്നെ സുപ്രീം കോടതിയെ ഗ്രൂപ്പ് സമീപിക്കുമെന്നാണ് സൂചന. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ജനുവരിയില്‍ ടാറ്റയില്‍ മിസ്ത്രിയുടെ യുഗം വീണ്ടും പിറക്കും.
ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെ ഇന്ത്യയിലെ വ്യവസായ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഏറ്റവും പഴക്കം ചെന്ന ടാറ്റാ വ്യവസായ കുടുംബത്തിന് തിരിച്ചടിയാണ് ഈ വിധി. ഇന്ത്യന്‍ വ്യവസായ മേഖലയുടെ ഐതിഹാസിക മുഖമായ രത്തന്‍ടാറ്റ ടാറ്റ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ 2012ലാണ് സൈറസ് മിസ്ത്രി പദവിയേറ്റെടുത്തത്. രത്തനും ഡയറക്ടര്‍ ബോര്‍ഡുമായുള്ള ഭിന്നതകളെ തുടര്‍ന്ന് 2016 ഒക്ടോബര്‍ പത്തിന് മിസ്ത്രിക്ക് സ്ഥാനം നഷ്ടമായി. രത്തന്‍ടാറ്റ ഇടക്കാല ചെയര്‍മാനായി. 2017 ഫെബ്രുവരിയില്‍ ടാറ്റാ കുടുംബത്തിന് പുറത്തു നിന്നുള്ള ആദ്യ ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്‍ ചുമതലയേറ്റു.
കഴിഞ്ഞ ജൂലായില്‍ ദേശീയ കമ്പനി ലാ ട്രിബ്യൂണല്‍ മിസ്ത്രിയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ഏതാണ്ട് 72000 കോടി രൂപയാണ് സൈറസ് മിസ്ത്രിയുടെ വ്യക്തിഗത ആസ്തി. ഭാര്യ റോഹിക്യ. രണ്ട് മക്കളുണ്ട്. മുംബായിലെ പാഴ്‌സി കുടുംബാംഗമാണെങ്കിലും ഐറിഷ് പൗരനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ 18.4% ഓഹരി മിസ്ത്രിയുടെ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റേതാണ്.