businessEntreprenuershipSuccess Story

എന്‍ സി ജെ അഗ്രോ ഫുഡ്; തോല്‍വിയില്‍ നിന്നും പടുത്തുയര്‍ത്തിയ സംരംഭം

വിജയമെന്നത് പരിശ്രമിക്കുന്നവന് മാത്രം സ്വന്തമായതാണ്. നാം എല്ലാവരും ചിലത് എത്തിപ്പിടിക്കാന്‍ ഓടുകയും ഓടുന്ന വഴിയ്ക്ക് വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ വീണിടത്തുനിന്നും എഴുന്നേല്‍ക്കാതെ വരുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ തോറ്റു പോകുന്നത്. വീണിടത്തു നിന്നും സ്വന്തം പ്രയത്‌നം കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന വ്യക്തിയാണ് മനോജ്. തന്റെയും കുടുംബത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും വിജയമാണ് ഹൈറേഞ്ച് എന്ന ബ്രാന്‍ഡും N C J ആഗ്രോ ഫുഡ് പ്രോസസ്സിംഗ് കമ്പനിയുമെന്ന് മനോജ് പറയുന്നു.

കോട്ടയം ജില്ലയിലെ മാന്‍വട്ടം എന്ന സ്ഥലത്താണ് ഈ കമ്പനി സ്ഥിതി ചെയ്യുന്നത്. 2008ലാണ് അദ്ദേഹം ആദ്യമായി ബിസിനസ് മേഖലയിലേക്ക് കാലെടുത്തു വയ്ക്കുകയും ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്ന തന്റെ സ്വപ്‌നത്തിനു തുടക്കം കുറിക്കുന്നതും. നിരവധി പ്രോഡക്റ്റുകള്‍ ഈ ചാനല്‍ വഴി ഡിസ്ട്രിബ്യൂഷന്‍ നടത്തി. അതിനിടയിലാണ് സ്വന്തമായി ഒരു ബ്രാന്‍ഡ് നിര്‍മിക്കണമെന്ന ആഗ്രഹം മനസ്സില്‍ ഉദിക്കുന്നത്. അങ്ങനെ 2011 ല്‍ ഹൈറേഞ്ച് ബ്രാന്‍ഡും N C J ആഗ്രോ ഫുഡ് പ്രോസസ്സിംഗ് കമ്പനിയും പിറന്നു.

അമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. ഭാര്യ ബിന്ദു ബിസിനസ്സില്‍ മനോജിനൊപ്പം പങ്കാളിയാണ്. പ്രൊഡക്ഷന്‍ യൂണിറ്റും പുതിയ പ്രൊഡക്റ്റ് ഡെവലപ്‌മെന്റും ക്വാളിറ്റി ചെക്കിങ്ങുമെല്ലാം പൂര്‍ണമായും ബിന്ദുവിന്റെ മേല്‍നോട്ടത്തിലാണ്. ഐഡന്‍ മനോജ്, എഡ്വിന്‍ മനോജ്, ഇവാന്‍ മനോജ് എന്നിവരാണ് മക്കള്‍.

കുറച്ചു പ്രൊഡക്റ്റുകളുമായി ആരംഭിച്ച കമ്പനി, ഇപ്പോള്‍ വിവിധ തലങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചിരിക്കുകയാണ്. വിവിധതരം പിക്കിള്‍സില്‍ മാത്രമായിരുന്നു കമ്പനിയുടെ തുടക്കം. പിന്നീട് അത് അമ്പതോളം വിവിധതരം റെഡി ടു ഈറ്റ് പ്രോഡക്റ്റുകളിലേക്ക് വികസിപ്പിക്കുകയായിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ 1200 ഓളം ഔട്ട്‌ലെറ്റുകള്‍ വഴി പ്രോഡക്റ്റുകള്‍ വില്‍പന നടത്തുന്നുണ്ട്. കൂടാതെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ആമസോണിലൂടെയും കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈക്കൊ) കണ്‍സ്യൂമര്‍ഫെഡ് (ത്രിവേണി) വഴിയും പ്രോഡക്ടുകള്‍ വില്‍പന ചെയ്യുന്നു. 2023 ല്‍ 2000 ഔട്ട്‌ലെറ്റുകളിലായി വില്‍പന ഉയര്‍ത്താനാണ് മനോജ് പദ്ധതിയിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രൊഡക്ടുകളുടെ ഡയറക്റ്റ് എക്സ്സ്‌പോര്‍ട്ട് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

ഏതൊരു ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുമ്പോഴും അതിന്റെ പിന്നില്‍ വളരെയധികം കഷ്ടത നിറഞ്ഞ ഒരു ഒരു കാലം ഉണ്ടായിരിക്കും അത്തരത്തില്‍ കാലിടറി വീണിടത്തുനിന്നും ഉയര്‍ന്നുവന്ന ഒരു സംരംഭമാണ് എന്‍ സി ജെ അഗ്രോ ഫുഡ്.

ലൈഫ് ചെയ്ഞ്ചിങ് മൊമെന്റ്

തുടക്കത്തില്‍ വളരെ നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോയി കൊണ്ടിരുന്ന ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് മാനുഫാക്ചറിങ്ങിലേക്ക് മാറിയപ്പോള്‍, അത് മറ്റൊരു ‘ലൈഫ് ചെയ്ഞ്ചിങ് മൊമെന്റ്’ ആവുകയായിരുന്നു. അവിടെവച്ച് ഡിസ്ട്രിബ്യൂഷന്‍ കമ്പനി നിര്‍ത്തേണ്ടിവന്നു.

അദ്ദേഹത്തിന്റെ വാക്കുകളില്‍;

വീടുപണിക്ക് വേണ്ടി കരുതി വച്ച പണമെടുത്ത് ബിസിനസ് നടത്തേണ്ടി വരികയും ബിസിനസും വീടും ഇല്ലാത്ത ഒരു സാഹചര്യത്തില്‍ എത്തുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നാട്ടില്‍ മുഴുവന്‍ പരന്നു. പിന്നീടങ്ങോട്ട് അഞ്ചുവര്‍ഷക്കാലം കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു, അതോടൊപ്പം അധ്വാനത്തിന്റെ നാളുകള്‍… ദിവസവും 15 മണിക്കൂര്‍ ജോലി. ആ നാളുകളിലൊക്കെ റെഡി ക്യാഷ് കൊടുത്തു വാങ്ങുന്ന മെറ്റീരിയലുകള്‍…

പക്ഷേ, അവിടെയൊന്നും തളരാതെ പിടിച്ചു നിന്നു, മുന്നോട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞത് അധ്വാനിക്കാനുള്ള മനസ് ഉണ്ടായതുകൊണ്ടു മാത്രം. ബിസിനസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചിലപ്പോഴെല്ലാം ഓടും… ചിലപ്പോള്‍ നടക്കും… ചിലപ്പോള്‍ തളര്‍ന്നിരിക്കും… പക്ഷേ ഒന്നുകൊണ്ടും തോറ്റു പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അത് തന്നെയാണ് ഇന്നത്തെ വിജയത്തിനുള്ള കാരണവും..

ഏറ്റവും നല്ല പ്രോഡക്ടുകള്‍ തന്നെ കസ്റ്റമറിന് എത്തിക്കുക എന്നതാണ് ഹൈറേഞ്ച് പ്രോഡക്റ്റിന്റെ ലക്ഷ്യം. ഗുണമേന്മക്ക് തന്നെ ആദ്യ പരിഗണന കൊടുക്കുകയായിരുന്നു. ഏറ്റവും ഗുണമേന്മയുള്ള റോ മെറ്റീരിയലുകള്‍ ഉപയോഗിച്ചുതന്നെ പ്രോഡക്റ്റുകള്‍ നിര്‍മിച്ചു. ആവശ്യമായ മസാലക്കൂട്ടുകള്‍ സ്വന്തമായി നിര്‍മിച്ചു. സ്വാദിനു വേണ്ടി യാതൊരു വിധത്തിലുള്ള പ്രിസര്‍വേറ്റീവുകളോ (അജിനോമോട്ടോ (msg)), നിറങ്ങളോ ചേര്‍ക്കില്ല.

അമ്മയുടെ സ്‌നേഹവും പാരമ്പര്യ രുചികൂട്ടുകളുടെ കലര്‍പ്പില്ലാത്ത വൈവിദ്ധ്യവുമാണ് നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കസ്റ്റമേഴ്‌സ് ഹൈറേഞ്ച് തേടി അന്വേഷിച്ചു വരികയാണ്. ഉപയോഗിച്ചവര്‍ തന്നെ വീണ്ടും വീണ്ടും തേടിയെത്തുന്നു. തന്റെ പ്രോഡക്ടുകള്‍ സ്വീകരിക്കാന്‍ മടിച്ചു നിന്നവര്‍ വരെ ഓര്‍ഡറുകള്‍ നല്കാന്‍ തുടങ്ങി. അങ്ങനെ, പടിപടിയായി ഉയര്‍ന്ന് ഇന്നു കാണുന്ന നിലയില്‍ എത്തി. ഇപ്പോള്‍ ഏകദേശം അമ്പതോളം ആളുകള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.

ഒരു ബിസിനസ്സുകാരന്‍ ആയതു കൊണ്ട് തന്നെ മനോജിന്റെ റോള്‍ മോഡല്‍ രത്തന്‍ ടാറ്റ ആണ്. ടാറ്റയുടെ പ്രോഡക്റ്റുകള്‍ 100% വിശ്വാസത്തോടെ വാങ്ങാം എന്ന് തന്നെയാണ് അദ്ദേഹത്തെ റോള്‍ മോഡല്‍ ആക്കാനുള്ള കാരണവും. അതുപോലെതന്നെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈസ്റ്റേണ്‍ കമ്പനിയുടെ മീരാന്‍ സാഹിബും മനോജിനെ വളരെയധികം സ്വാധീനിച്ച വ്യക്തികളാണ്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button