നഷീസ്; കാലത്തിനെയും അതിജീവിക്കുന്ന സൗന്ദര്യം
സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന വനിതകള്‍ക്ക് മുന്നില്‍ പരിമിതമായ ഓപ്ഷനുകളേ ഉണ്ടാകാറുള്ളൂ. അവര്‍ക്കു മുന്നിലുള്ള സാധ്യതകള്‍ക്കും പരിധിയുണ്ടായിരിക്കും. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു വിപണന മേഖല തന്നെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ നഷീദ കെ ടി സ്വന്തം ബിസിനസ് ആരംഭിക്കുന്നത്.
കലാപരമായ അഭിരുചി സംരംഭത്തില്‍ സന്നിവേശിപ്പിക്കുവാനുള്ള നഷീദയുടെ അന്വേഷണം ചെന്നുനിന്നത് പോളിമര്‍ ക്ലേ, റെസിന്‍ എന്നിവ കൊണ്ടുള്ള ആഭരണ/ഹോം ഡെക്കോര്‍ നിര്‍മാണത്തിലാണ്. അപൂര്‍വമായ പുഷ്പങ്ങളുടെ മനോഹാരിതയെ കാലത്തിന്റെ കേടുപാടുകള്‍ ഏല്ക്കാതെ, എന്നെന്നും നിലനിര്‍ത്തുന്ന നഷീദയുടെ കലാവിദ്യ വളരെ കുറച്ചു കാലം കൊണ്ട് മികച്ച ഒരു ‘യൂസര്‍ബേസ്’ ഉണ്ടാക്കിയെടുത്തു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി പേരെടുത്തു കഴിഞ്ഞതിനുശേഷമാണ് നഷീദ പുതിയ മേഖലയിലേക്ക് കടന്നു വരുന്നത്. ലളിതമായ ‘ടച്ചപ്പു’കളിലൂടെ പെണ്ണഴകുകള്‍ തെളിയിച്ചെടുക്കുന്ന മേക്കപ്പ് ബ്രഷിന്റെ സ്പര്‍ശം അനുഭവിച്ചറിഞ്ഞവരിലൂടെയാണ് നഷീദ പ്രശസ്തി നേടിയത്.
പ്രകൃതി സൗന്ദര്യത്തെ നിശ്ചലമാക്കി നിര്‍ത്തുന്ന നഷീദയുടെ ഓരോ കലാശില്പവും ദിവസങ്ങള്‍ നീളുന്ന കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. അനേകം തിക്താനുഭവങ്ങളെ അതിജീവിച്ച് സംരംഭം പടുത്തുയര്‍ത്തുന്ന നഷീദയുടെ ജീവിത സന്ദേശം തന്നെയാണ് നഷീദ നിര്‍മിക്കുന്ന കലാശില്പങ്ങളിലും നിഴലിക്കുന്നത്. പോളിമര്‍ ക്ലേ, റെസിന്‍ ആഭരണങ്ങള്‍ കേരളത്തില്‍ ട്രെന്‍ഡായി വരുന്നതിനാല്‍ ഈ സംരംഭകയ്ക്ക് മുന്നില്‍ തുറന്നുവരുന്ന സാധ്യതകളും അനേകമാണ്.
പുഷ്പങ്ങളുടെ സൗന്ദര്യം മാത്രമല്ല, നിങ്ങള്‍ക്ക് പ്രിയപ്പെട്ട എന്തും വാള്ഡെക്കൊര് മുതല്‍ പേപ്പര്‍ വെയിറ്റും പേനയും വരെയുള്ള രൂപത്തില്‍ ‘പ്രിസര്‍വ്’ ചെയ്തുതരുവാന്‍ നഷീദയ്ക്ക് കഴിയും. ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് നഷീദയുടെ കലാസൃഷ്ടികള്‍ കോഴിക്കോട്ടെയും കൊച്ചിയിലെയും മള്‍ട്ടി ബ്രാന്റ് സ്റ്റോറുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു കൗതുകം എന്നതിലുപരി കാലത്തിനെയും അതിജീവിച്ച് നിലനില്‍ക്കുന്ന സൗന്ദര്യം എന്ന ആശയം തന്നെയാണ് നഷീദയുടെ ആഭരണങ്ങളെയും അലങ്കാരങ്ങളെയും ആകര്‍ഷകമാക്കുന്നത്.
സ്വന്തം കാലില്‍ നില്ക്കുമ്പോള് ലഭിക്കുന്ന സുരക്ഷിതത്വവും കലാവാസനയുടെ ആവിഷ്കാരവും കൊണ്ട് സംതൃപ്തയാണിന്ന് നഷീദ. ഇതൊന്നും ലഭിക്കാതെപോയ സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്. അവര്‍ക്കൊരു വഴികാട്ടിയാകണം എന്നതു മാത്രമാണ് നഷീദയുടെ ലക്ഷ്യം.