EntreprenuershipSuccess Story

നന്ദനം ആര്‍ട് അക്കാദമി; പ്രായത്തെ വെല്ലുന്ന കലയുടെ കഥകള്‍

കുട്ടികളെല്ലാവരും കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്ന കാലത്ത്, പാലക്കാട് സ്വദേശിനി ഐശ്വര്യയുടെ കണ്ണുടക്കിയത് ടിവിയിലെ ക്ലാസിക്കല്‍ നൃത്തത്തിന്റെ താളത്തിലായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയുടെ പിന്തുണയോടെ ചേച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ദീപ്തിയുടെ ശിക്ഷണത്തില്‍ തന്റെ ആദ്യ നൃത്തചുവടുകള്‍ വെച്ചു. കുഞ്ഞുകാലുകളിലെ ആ താളങ്ങളാണ് കലയോടും നൃത്തത്തോടുമുള്ള ഐശ്വര്യയുടെ സമര്‍പ്പണത്തിന്റേയും യാത്രയുടേയും ചുവടായി മാറിയതും.

ബയോടടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയെങ്കിലും ഐശ്വര്യയെ സംബന്ധിച്ച് നൃത്തമാണ് ജീവിതം. ക്ലാസുകള്‍ അവസാനിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്ന അമ്മയുടെ പിന്തുണ കൂട്ടായെത്തിയതോടെ നൃത്തത്തോടുള്ള ഐശ്വര്യയുടെ ഇഷ്ടവും കാലക്രമേണ ആഴത്തിലായി. അക്കാലത്ത് നൃത്താധ്യാപികയായും ഐശ്വര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019ല്‍ വിവാഹത്തിന് ശേഷം പൂനെയിലേക്കുള്ള പറിച്ചുനടലും ഗര്‍ഭധാരണവുമെല്ലാം നൃത്തമെന്ന ലോകത്തുനിന്നും ഐശ്വര്യയെ കുറച്ചുകാലത്തേക്കെങ്കിലും അകറ്റിയിരുന്നു. ഈ കാലയളവിലുണ്ടായ മാനസിക പിരിമുറുക്കങ്ങളുടേയും നൃത്തമാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന തിരിച്ചറിവിന്റേയും ബാക്കി പത്രമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട നന്ദനം ആര്‍ട്‌സ് അക്കാദമി. നൃത്തം മാത്രമല്ല, മറ്റ് കലകളിലുള്ള പഠനവും അക്കാദമി ഉറപ്പാക്കുന്നുണ്ട്.

മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയ്ക്ക് പുറമെ കളരി, ഡ്രോയിങ്, മെഹന്ദി ഡിസൈനിങ്, ഉള്‍പ്പെടെയുള്ള മറ്റ് കലകളിലെ വിദഗ്ധ പഠനവും സ്ഥാപനം ഉറപ്പാക്കുന്നുണ്ട്. ചെണ്ട, നട്ടുവാങ്ങം, ഗിറ്റാര്‍, വയലിന്‍ ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ ക്ലാസുകളും സ്ഥാപനത്തിലുണ്ട്. മൂന്ന് മുതല്‍ 60 വയസുവരെ പ്രായമുള്ളവരുണ്ട് ഐശ്വര്യയുടെ ശിഷ്യരില്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈനായും വാരാന്ത്യങ്ങളില്‍ ഓഫ് ലൈനായും നൃത്തപഠനത്തിനുള്ള സൗകര്യവും ഐശ്വര്യ ഒരുക്കുന്നുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലയുടെ അടിസ്ഥാനപാഠങ്ങള്‍ മുതലുള്ള വിദ്യാഭ്യാസമാണ് നന്ദനം ആര്‍ട്‌സ് അക്കാദമി ഉറപ്പാക്കുന്നത്.

വേദികളാണ് ഒരു കലാകാരനെ വജ്രം പോലെ തിളക്കമുള്ളതാക്കുന്നതെന്നാണ് ഐശ്വര്യയുടെ വിശ്വാസം. നൃത്തമെന്ന കലയെ പലപ്പോഴും മത്സരാധിഷ്ഠിതമായി മാത്രം കണക്കാക്കുന്ന കാലത്ത്, നൃത്തമെന്നാല്‍ മത്സരമല്ലെന്നും ആന്തരിക ആത്മീയ സമര്‍പ്പണമാണെന്നും ഐശ്വര്യ ആവര്‍ത്തിക്കുന്നുണ്ട്. തുടക്കകാലത്ത് മോഹിനിയാട്ടമായിരുന്നു ഏറെ പ്രിയപ്പെട്ട കലാരൂപമെന്നും എന്നാല്‍ പിന്നീട് ആഴത്തിലുള്ള പഠനങ്ങളോടെ ഭരതനാട്യം ഏറെ പ്രിയപ്പെട്ടതായി മാറിയെന്നും ഐശ്വര്യ പറയുന്നുണ്ട്.

മുന്നോട്ടുള്ള യാത്രയില്‍ മാനസിക പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞുപോയ കാലങ്ങളെ തിരിച്ചറിവിന്റെ നല്ല കാലങ്ങളാക്കി മാറ്റുകയാണ് ഐശ്വര്യ. നിലവില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നും ഭരത നാട്യത്തില്‍ ബിരുദമെടുക്കുകയാണ് ഐശ്വര്യ. സൈനികനായ ഭര്‍ത്താവിന്റേയും ഇരുകുടുംബങ്ങളുടേയും പിന്തുണയോടെ നൃത്തവും പഠനവുമായി മുന്നോട്ടുള്ള ചുവടുകള്‍ ഉറപ്പിക്കുകയാണ് അവരിന്ന്. നന്ദനം ആര്‍ട്‌സ് അക്കാദമിയെ കൂടുതല്‍ ശാഖകളിലേക്ക് വളര്‍ത്തണമെന്നതാണ് ഐശ്വര്യയുടെ സ്വപ്‌നം.

കഥ കേട്ടുറങ്ങുമായിരുന്ന കുട്ടിയില്‍ നിന്നും ചലനങ്ങളിലൂടെ കഥകള്‍ പറയുന്ന ഐശ്വര്യയുടെ യാത്രയ്ക്ക് പിന്നില്‍ കലയോടുള്ള പ്രണയവും പാഷനുമാണ്. അഞ്ച് വയസുകാരിയായ മകള്‍ ഇവയുടെ കുഞ്ഞുചുവടുകളുടെ ഭംഗി ആസ്വദിക്കുകയാണ് ഐശ്വര്യ. നന്ദനം ആര്‍ട് അക്കാദമിയ്‌ക്കൊപ്പം ദൃഢനിശ്ചയവും പാഷനുമുണ്ടെങ്കില്‍ കല അതിന്റെ വഴികള്‍ കണ്ടെത്തുമെന്നതിന്റെ തെളിവായി കൂടി മാറുകയാണ് ഐശ്വര്യ.

Instagram: I’m on Instagram as @nandanam_arts_academy. Install the app to follow my photos and videos. https://www.instagram.com/nandanam_arts_academy?igsh=YzljYTk1ODg3Zg==

Contact: +91 86064 94896

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button