News Desk

ശത കോടീശ്വരന്മാരായ വ്യക്തികളുടെ രഹസ്യ ധന നിക്ഷേപം; ഇരുപത്തി അഞ്ച് വര്‍ഷമായി രഹസ്യമായിരുന്ന ആസ്തി വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ശത കോടീശ്വരന്മാരുടെ രഹസ്യ ധന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി പാന്‍ഡോറ പേപ്പേഴ്സ്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. നൂറു കണക്കിന് ലോക നേതാക്കള്‍, ശതകോടീശ്വരന്‍മാര്‍, സെലിബ്രിറ്റികള്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷത്തോളമായി ഒളിച്ചു വച്ച ആസ്തി വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

380 ഇന്ത്യന്‍ പൗരന്മാര്‍ പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഇതുവരെ അറുപതോളം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു. ഈ രേഖകള്‍ സ്വകാര്യ ഓഫ്‌ഷോര്‍ ട്രസ്റ്റുകളിലെ സെറ്റില്‍ഡ് ആസ്തികളുടെ ആത്യന്തിക ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയര്‍ ഹോള്‍ഡിങ്, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവ അടക്കമുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്തുത പട്ടികയിലുണ്ട്. അനില്‍ അംബാനി, സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി, വ്യവസായി കിരണ്‍ മജുംദാര്‍ ഷാ എന്നിവരുമായി ബന്ധപ്പെട്ടുള്ള രഹസ്യ രേഖകളും പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെടുന്നു

പാപ്പരാണെന്ന് കോടതിയെ അറിയിച്ച അനില്‍ അംബാനി നികുതി വെട്ടിപ്പിനായി വിദേശത്ത് 18 കമ്പനികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഐ.സി.ഐ.ജെ കണ്ടെത്തിയതെന്ന് പുറത്ത് വരുന്ന വിവരം. നികുതി വെട്ടിക്കുവാനും മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ച് സാമ്പത്തിക നേട്ടങ്ങള്‍ കൈയ്യിലാക്കുന്നതിനും വേണ്ടിയാണ് ഈ രഹസ്യ നിക്ഷേപങ്ങളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, യു.കെ.

മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിസ്, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാറ്റ, ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലസ്സോ തുടങ്ങി 330ല്‍ അധികം സജീവ രാഷ്ട്രിയ പ്രവര്‍ത്തകരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button