നഫീസത്തുല്‍ മിസ്‌രിയ; പ്രതിസന്ധികളെ തോല്പിച്ച ധീര സംരംഭക
മനോഭാവം, ജീവിത വിജയത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന എന്തുകാര്യത്തെയും എങ്ങനെ നേരിടണമെന്നു ഒരു വ്യക്തിയുടെ തീരുമാനത്തെ ആശ്രയിച്ചു തന്നെയാണ് അയാളുടെ തുടര്‍ജീവിതവും ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും. അത്തരത്തില്‍ സ്വന്തം മനോഭാവം കൊണ്ട് തന്റെ കുറവുകളെ മറികടക്കുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്ത വനിതയാണ് തൃശ്ശൂര്‍ക്കാരിയായ നഫീസത്തുല്‍ മിസ്‌രിയ. അലങ്കാര വാചകങ്ങള്‍ ഒന്നും ഇല്ലാതെതന്നെ നഫീസത്തുല്‍ മിസ്‌രിയ എന്ന വനിതയുടെ പച്ചയായ ജീവിതത്തെക്കുറിച്ച് നമുക്കറിയാം…
ജീവിതത്തില്‍ വളരണമെന്നും തന്റെ കുറവുകള്‍ ഒരിക്കലും ആ വളര്‍ച്ചയ്ക്കു തടസ്സമാകരുതെന്നും മനസിലുറപ്പിച്ചു ഉറച്ച ചുവടുകളുമായി ജീവിതത്തെ സമീപിച്ച വ്യക്തിയാണ് നാഫീസത്തുല്‍. ബാല്യത്തില്‍തന്നെ പോളിയോ ബാധിച്ചു ഒരു കാല്‍ തളര്‍ന്നുപോയ പെണ്‍കുട്ടി, വീട്ടുകാര്‍ക്ക് മകളുടെ കാര്യത്തില്‍ ഉണ്ടാകാവുന്ന വിഷമത്തിന്റെ പാരമ്യത കണ്ടുവളര്‍ന്ന അവള്‍ക്ക് അതിജീവനം എന്നത് പ്രാണവായു പോലെയായിരുന്നു.
കാലിന്റെ തളര്‍ച്ച ഏറ്റവും കൂടുതല്‍ തളര്‍ത്തിയത് നഫീസത്തുള്ളിന്റെ പിതാവ് അബ്ദുല്‍ ഖാദറിനെയായിരുന്നു. എങ്ങനെയും പഠിച്ചു സ്വന്തമായി ഒരു ജോലി നേടി സ്വന്തം നിലയില്‍ ജീവിത വിജയം കൈവരിക്കണമെന്നും അതിലൂടെ പിതാവിന്റെ വിഷമത്തിന് ഒരു പരിധിവരെ മാറ്റം ഉണ്ടായേക്കാം എന്നു വിശ്വസിച്ചു. അതിനായി നഫീസത്തുല്‍ മിസ്‌രിയ മനോബലം സ്വരൂപിച്ചു കഠിന പരിശ്രമം തന്നെ നടത്തി.
പഠനത്തില്‍ മിടുക്കിയായിരുന്ന നഫീസത്തുല്‍ പ്രാഥമിക പഠനത്തിനു ശേഷം പാലക്കാട് വിക്‌ടോറിയ കോളേജില്‍ തുടര്‍പഠനത്തിന് ചേര്‍ന്നെങ്കിലും വിധി ന്യുമോണിയയുടെ രൂപത്തില്‍ വീണ്ടും ആക്രമിച്ചു. പഠനം പകുതി വഴിക്ക് നിര്‍ത്തേണ്ടി വന്നു. എങ്കിലും തോറ്റു കൊടുക്കാന്‍ നഫീസത്തുല്‍ തയ്യാറായില്ല.
കുട്ടിക്കാലം മുതല്‍ക്കേ ചിത്രരചനയോട് താല്‍പര്യമുണ്ടായിരുന്ന നഫീസത്തുല്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലി നേടുക എന്നതായിരുന്നു നഫീസത്തുള്ളിന്റെ ഏറ്റവും വലിയ ആഗ്രഹം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടുകയും ചെയ്തു.
എന്നാല്‍, തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ നഫീസത്തുല്‍ ആ ഒരു മേഖലയിലെ ജോലിയില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്റേതായ രീതിയില്‍ ഉയര്‍ന്നു വരിക എന്നതായിരുന്നു നഫീസത്തുള്ളിന്റെ ആഗ്രഹം. അങ്ങനെ പുരുഷന്മാര്‍ മാത്രം കയ്യടക്കിയിരുന്ന നിര്‍മാണമേഖലയില്‍ സജീവമാകാന്‍ അവര്‍ തീരുമാനിച്ചു.
തന്റെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ വീടുവയ്ക്കാന്‍ ആവശ്യമായ പ്ലാനുകള്‍ വരച്ചു നല്‍കാന്‍ തുടങ്ങി. പഠിക്കുന്ന സമയത്ത് തന്നെ നഫീസത്തുള്‍ വീടുകള്‍ക്ക് പ്ലാന്‍ വരയ്ക്കുമായിരുന്നു. തന്റെ പ്ലാനുകളില്‍ ആള്‍ക്കാര്‍ മാറ്റം വരുത്തുന്നത് ശ്രദ്ധയില്‍പെട്ട അവര്‍ അതിന്റെ കാരണം തേടിയിറങ്ങി. അത് നഫീസത്തുള്ളിനെ കൊണ്ടെത്തിച്ചത് വാസ്തുശാസ്ത്രത്തിന്റെ ലോകത്താണ്.
തന്റെ പ്ലാനുകളിലൂടെ ഉയരുന്ന ഓരോ ഭവനവും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും വാസസ്ഥാനം ആകുന്നതുപോലെ സ്വസ്ഥതയും താമസക്കാര്‍ക്ക് പൂര്‍ണ്ണ ആരോഗ്യ- ഐശ്വര്യദായകം കൂടി ആകണമെങ്കില്‍ താന്‍ വാസ്തുകല കൂടി സ്വായത്തമാക്കേണ്ടിവരും എന്ന് മനസ്സിലാക്കിയ അവര്‍ വാസ്തുശാസ്ത്രത്തില്‍ അഗാധമായ അറിവ് നേടി. ഇന്ന് രണ്ടായിരത്തി അഞ്ഞൂറില്‍പരം പ്ലാനുകള്‍ ഡിസൈന്‍ ചെയ്ത നഫീസത്തുള്‍ ഓരോ വര്‍ക്കിലും വാസ്തുവിദ്യാ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അവ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന തന്റെ സ്ഥാപനത്തിലൂടെ ഇന്ന് 550 പരം പ്രോജക്ടുകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാതരം കെട്ടിട നിര്‍മാണത്തിലും മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഫാക്ടറികള്‍, ഓഫീസ് കെട്ടിടങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ തുടങ്ങിയ നിരവധി ബില്‍ഡിങ്ങുകള്‍ ഈ കൂട്ടത്തില്‍പ്പെടുന്നു. എങ്കിലും ഒരു മനുഷ്യായുസ്സില്‍ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായ ഭവന നിര്‍മാണ രംഗത്താണ് ഈ സ്ഥാപനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭവന നിര്‍മാണം നടത്തുന്നതിനു ഒപ്പം തന്നെ പഴയ കെട്ടിടങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി, നവീകരിച്ചു നല്കുന്നതും ഇവരുടെ പ്രത്യേകതയാണ്. പഴമയുടെ സൗന്ദര്യം നഷ്ടപ്പെടാതെ തന്നെ പുതുമയിലേക്ക് ഭവനനിര്‍മാണത്തെ നയിക്കുന്നതിലൂടെയാണ് ഈ സ്ഥാപനം വ്യത്യസ്തമാകുന്നത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി വച്ച മിന്‍ഹാജ് ബില്‍ഡേഴ്സ് ഇപ്പോള്‍ കേരളം മുഴുവനും വര്‍ക്കുകള്‍ ഏറ്റെടുത്തു ഓടി നടക്കുന്നു.
ഒറ്റക്കാലില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ മൈലുകള്‍ സധൈര്യം താണ്ടിയ വനിതയാണ് നഫീസത്തുല്‍ മിസ്‌രിയ. തനിക്കൊപ്പം തന്റെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി അധ്വാനിക്കുന്ന സൈറ്റ് എന്‍ജിനീയര്‍, കമ്പനി സൂപ്പര്‍വൈസര്‍ തുടങ്ങിയ ഒരു കൂട്ടം പിന്നണി പോരാളികള്‍ കൂടി ചേരുമ്പോള്‍ നിര്‍മാണമേഖലയില്‍ മിന്‍ഹാജ് ബില്‍ഡേഴ്‌സ് ഒരു പുതുചരിത്രം തന്നെ സൃഷ്ടിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു, നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുതാര്യതയോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുത്ത ‘വര്‍ക്ക്’ പൂര്‍ത്തിയാക്കി, ഉടമസ്ഥനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുക എന്ന രഹസ്യമാണ് ഈ വിജയത്തിന്റെ ഏറ്റവും വലിയ രഹസ്യം.
ഏതൊരു കാര്യത്തിനും പൂര്‍ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ്, കുടുംബം… അതും നഫീസത്തുള്ളിന്റെ നേട്ടമാണ്. സങ്കടങ്ങളുടെ തടവറയില്‍ അകപ്പെട്ടു പോകാമായിരുന്ന തന്റെ ജീവിതത്തെ ഉയര്‍ത്തിയെടുത്ത ഈ വനിതാ സാരഥിയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.
MINHAJ BUILDERS
Mob: 9048964848
E-mail: minhajbuilders@gmail.com