സംരംഭകന് ആകാനാഗ്രഹിച്ച് സംരംഭകര്‍ക്ക് വഴികാട്ടിയായി മാറിയ ‘മുഹമ്മദ് നിസാര്‍’
പരാജയം ഒന്നിന്റെയും അവസാന വാക്കല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് എബ്രഹാം ലിങ്കന് പറഞ്ഞത് നിങ്ങളൊക്കെയും കേട്ടിട്ടുണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, വിജയത്തിനായി കഠിനമായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുക തന്നെയാണ് ഒന്നാമനായി മാറാനുള്ള ഏകമാര്‍ഗമെന്ന് തന്റെ ജീവിതത്തിലൂടെ ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് നിസാര്‍.
വിശക്കുന്നവന് ആഹാരം ഉണ്ടാക്കി വിളമ്പുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ ഫുഡ് ഇന്‍ഡസ്ട്രിയില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് നിസാര്‍ തുടക്കം മുതല്‍ തന്നെ ആഗ്രഹിച്ചത്. അതിന്റെ ഫലമായി 2009 കാലഘട്ടം മുതല്‍ തന്നെ നിരവധിയായ സംരംഭങ്ങള്‍ ആരംഭിച്ച് ഇദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു.
പക്ഷേ സംരംഭക മേഖലയിലെ പരിചയക്കുറവും മറ്റ് പ്രശ്നങ്ങളും കൂടിയായപ്പോള്‍ നിസാര്‍ ആരംഭിച്ച കഫെകളും ജ്യൂസ് ഷോപ്പുകളും ഒക്കെ ഒന്നിന് പിറകെ ഒന്നായി പരാജയത്തിലേക്ക് കൂപ്പുകുത്തി. താങ്ങാനാരുമില്ലെന്ന് മനസ്സിലാക്കിയിടത്തു നിന്നും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജവം ഉള്‍ക്കൊണ്ട ഈ ചെറുപ്പക്കാരന് ഫുഡ് ഇന്‍ഡസ്ട്രിയെ കുറിച്ച് കൂടുതല്‍ പഠിക്കാനിറങ്ങിത്തിരിച്ചു. താന്‍ അറിഞ്ഞ കാര്യങ്ങളും ജീവിതപാഠങ്ങളും മുന്നോട്ടുള്ള യാത്രയിലുടനീളം ചേര്‍ത്തുപിടിച്ച നിസാര്‍ പതിയെ സംരംഭകന് എന്ന നിലയില്‍ നിന്ന് മാറി ‘സംരംഭകര്ക്കായൊരിടം’ എന്ന ചിന്തയിലേക്ക് എത്തിച്ചേര്‍ന്നു.
പാലക്കാട് പട്ടാമ്പി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിസാറിന്റെ ‘മല്ലു ചാറ്റ്’ എന്ന സംരംഭത്തിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള ഫുഡ് ബിസിനസുകാര്‍ക്ക് കിച്ചന് ഉപകരണങ്ങള്‍, മെനു ക്രിയേഷന്, സ്റ്റാഫ് ട്രെയിനിങ്, ആര് ആന്‍ഡ് ഡി സപ്പോര്‍ട്ട്, റെസിപ്പി ആര് ആന്‍ഡ് ഡി തുടങ്ങിയ കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്കിവരുന്നു. ഫുഡ് ഇന്‍ഡസ്ട്രി മേഖലയിലെ പതിനാല് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് മുഹമ്മദ് നിസാര്‍ എന്ന ചെറുപ്പക്കാരനെ ഷെഫ് നിച്ചുവാക്കി മാറ്റിയത്.
ഒരു വ്യക്തി ഭക്ഷണവുമായി ബന്ധപ്പെട്ട് ഏത് ബിസിനസ് ചെയ്യാന്‍ ആഗ്രഹിച്ചാലും അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും നല്കാന് ഷെഫ് നിച്ചു ഒപ്പം തന്നെയുണ്ടാകും. എന്തിനേറെ പറയുന്നു, ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ റോ മെറ്റീരിയല്‍ വരെ മല്ലു ചാറ്റ് എന്ന ബ്രാന്‍ഡിലൂടെ മുഹമ്മദ് നിസാര്‍ ആളുകളിലേക്ക് എത്തിച്ചു നല്കുന്നു.
‘ഇന്ന് നമ്മുടെ നാട്ടിലുള്ള എല്ലാ കഫേകളും റസ്റ്റോറന്റുകളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ബാക്കിയാകുന്ന ഭക്ഷണം എന്ത് ചെയ്യും എന്നത് തന്നെയാണ്. ഇതിനുള്ള പ്രതിവിധിയും മുഹമ്മദ് നിസാറിന്റെ കൈകളില്‍ ഭദ്രമാണ്. യാതൊരു വേസ്റ്റേജും ഇല്ലാതെ എങ്ങനെ ഫുഡ് തയ്യാറാക്കാം എന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും തന്നെ തേടിയെത്തുന്ന കസ്റ്റമറിന് ഇദ്ദേഹം പകര്‍ന്ന് നല്കുന്നു.
നോര്‍ത്ത് ഇന്ത്യയിലും മറ്റും സര്‍വസാധാരണമായി കാണുന്ന സ്ട്രീറ്റ് ഫുഡിന് നമ്മുടെ നാട്ടില്‍ പ്രചാരം കുറവാണെന്നത് കണക്കിലെടുത്ത് ‘ദി മല്ലു ബ്രാന്‍ഡ്’ എന്ന ഫ്രാഞ്ചൈസിക്ക് കീഴില്‍ ചാറ്റ് ഫുഡുകള്‍ക്ക് (സ്ട്രീറ്റ് ഫുഡ്) മാത്രമായൊരിടവും ഇദ്ദേഹം ഒരുക്കുന്നു.