1
നികുതി കൃത്യമായി അടക്കുക
വില്‍ സ്മിത്ത് കരിയര്‍ തുടങ്ങിയത് ഹോളിവുഡ് നടനായിട്ടായിരുന്നില്ല. ഒരു റാപ് ഗായകനായിട്ടായിരുന്നു. ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ പക്ഷേ, ചെറുപ്പക്കാരനായ ആ റാപ്പര്‍ നികുതി അടക്കാന്‍ വിട്ടുപോയി. അവസാനം ഇന്റേണല്‍ റവന്യൂ സര്‍വീസ് (യുഎസിലെ നികുതി വകുപ്പ്) അധികൃതര്‍ വാതിക്കല് എത്തിയപ്പോഴാണ് സ്മിത്തിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിഴയും എല്ലാം ചേര്‍ത്ത് 30 ലക്ഷം ഡോളര്‍ നികുതി അടക്കേണ്ടി വന്നു. അടുത്ത ആല്‍ബം പൊട്ടിയതോടെ കയ്യിലുണ്ടായിരുന്ന കാശെല്ലാം പോയി.
നിയമങ്ങളെ ഗൗനിക്കാതിരുന്നതുകൊണ്ടാണ് പേരെടുത്ത ഒരു ഗായകന് അതിസമ്പന്നനില് നിന്ന് ദരിദ്രനായി തീര്‍ന്നത്. അതുകൊണ്ട് നിയമപരമായി പ്രവര്‍ത്തിക്കുക.
2
പരാജയം സംഭവിച്ചോ? റീബൂട്ട് ചെയ്യാം
ജീവിതത്തില്‍ പരാജയം മണക്കാത്ത ആരുമുണ്ടാകില്ല. തോല്‍വി എപ്പോഴെങ്കിലും ഏറ്റുവാങ്ങേണ്ടി വന്നാല്‍ ജീവിതം ഒന്നേന്ന് ഫ്രഷ് ആയി വീണ്ടും തുടങ്ങുക. സ്മിത്തിന്റെ വാക്കുകളില്‍: സംഗീതത്തില്‍ നിന്ന് സിനിമയിലേക്കുള്ള എന്റെ മാറ്റം ഞാനായിട്ട് തെരഞ്ഞെടുത്ത ഒന്നല്ല. റവന്യൂ സര്‍വീസുകാര്‍ എന്റേതായിട്ടുണ്ടായിരുന്ന എല്ലാം കൊണ്ട് പോയി, ഞാനങ്ങനെ ലോസ് ആഞ്ചെലെസിലേക്ക് താമസം മാറി. കുറച്ച് കാശുണ്ടാക്കാനാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്.”
ഇതുപോലെയല്ലെങ്കിലും, നമ്മില്‍ പലരും ഇത്തരം പ്രതിസന്ധി നേരിട്ടിട്ടുണ്ടാകും. പെട്ടെന്ന് ജോലി നഷ്ടപ്പെടുക, വലിയ വ്യക്തിപരമായ പ്രശ്നങ്ങള്‍ നേരിടുക എന്നത് ഉണ്ടാകുമ്പോള്‍ തളരാതെ ജീവിതം റീസ്റ്റാര്‍ട്ട് ചെയ്യാം.
3
ജീവിതത്തില്‍ അച്ചടക്കം
കൊണ്ടുവരുക
ഒരു ഹോളിവുഡ് ഷോയുമായാണ് സ്മിത്ത് രണ്ടാമത്തെ കരിയര്‍ ആരംഭിച്ചത്. പക്ഷേ, അപ്പോഴും റവന്യൂ സര്‍വീസ് 70 ശതമാനം പണം പിടിക്കുന്നുണ്ടായിരുന്നു. ഇനി വീണ്ടും ദരിദ്രമായ ആ ജീവിതത്തിലേക്ക് തിരിച്ച് പോകില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ജീവിതത്തിന് വ്യക്തമായ ഒരു പ്ലാന്‍ തയ്യാറാക്കി. ”ഒരു പ്ലാന്‍ ഉണ്ടാക്കി അത് സത്യസന്ധമായി പിന്തുടരുക എന്നത് ഒരാളുടെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഞാന്‍ പ്ലാന്‍ ചെയ്ത പോലെ തന്നെ ചെയ്തു,” സ്മിത്ത് പറഞ്ഞു.
നിങ്ങള്‍ക്ക് ഒരുപക്ഷേ ധാരാളം പണം ഉണ്ടാകാം. പക്ഷെ അച്ചടക്കം പിന്തുടര്ന്നില്ലെങ്കില് സമ്പത്ത് നിലനില്‍ക്കില്ല.
തോല്‍ക്കാം, തോല്‍വിയില്‍ നിന്ന് പഠിക്കാം, വീണ്ടും ശ്രമിക്കാം
നമ്മള് ആരും തന്നെ എല്ലാം തികഞ്ഞ ഒരു സാമ്പത്തിക രൂപരേഖ ഉണ്ടാക്കിയിട്ടല്ല ജീവിതം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പരാജയം സ്വാഭാവികമാണ്. ജീവിതത്തില്‍ എത്ര തവണ വേണമെങ്കിലും തോല്‍ക്കാം. പക്ഷേ എല്ലാത്തിന്റെയും അവസാനം വിജയമായിരിക്കണം. ”പരാജയങ്ങള്‍ നിരവധി ഏറ്റുവാങ്ങേണ്ടി വന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. എന്തുകൊണ്ട് നിങ്ങള്‍ പരാജയപ്പെട്ടു എന്ന് പരിശോധിക്കുക. വീണ്ടും ശ്രമിക്കുക,” സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
4
ഭയമുള്ള കാര്യങ്ങള്‍ ചെയ്യുക
സ്മിത്തിന്റെ അന്‍പതാമത്തെ ജന്മദിനത്തില് തനിക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. അമേരിക്കയിലെ പ്രശസ്തമായ ഗ്രാന്‍ഡ് കാന്യനില്‍ ഹെലികോപ്റ്ററില്‍ നിന്ന് ജംപ് ചെയ്തു. ”ഒരിക്കല്‍ നിങ്ങള്‍ക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ള ജീവിതം ആ ഭയമില്ലാതെ ജീവിക്കാം,” സ്മിത്ത് പറയുന്നു.
ബിസിനസ് തന്ത്രങ്ങള്‍ മാറ്റി പയറ്റാനും, പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനും, പുതിയ ഇടങ്ങളില്‍ നിക്ഷേപിക്കാനും ഭയമുള്ളവര്‍ നമുക്കിടയില്‍ ഉണ്ടാകാം. ആ ഭയത്തെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരേയൊരു വഴി അതിലേക്ക് നടന്ന് ചെല്ലുക, അതിനെ നേരിടുക എന്നതാണ്.
5
ആവശ്യമുള്ള സാധനങ്ങള്‍
മാത്രം വാങ്ങിക്കുക
സ്മിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം: നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍, ഇല്ലാത്ത കാശുണ്ടാക്കി, നമ്മെ ഒട്ടും വിലകല്‍പ്പിക്കാത്ത ആളുകളെ ഇംപ്രസ് ചെയ്യിക്കാനായി വാങ്ങിക്കൂട്ടുന്നതാണ് കൂടുതല്‍ ആളുകളുടെയും പ്രശ്നം.