സ്ത്രീശാക്തീകരണത്തിന്റെ നവലോകത്ത് മുഹ്‌സിന അഷ്‌കര്‍ മെനഞ്ഞെടുത്ത സ്വയംപര്യാപ്തതയുടെ മാതൃക: ‘BRODHA CRAFTS’
കല്‍പ്പനചൗള, സരോജിനി നായിഡു, ഇന്ദിരാഗാന്ധി, അന്നചാണ്ടി, റോസമ്മ പുന്നൂസ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീരത്‌നങ്ങള്‍ രാഷ്ട്രീയസാമൂഹ്യസാങ്കേതിക രംഗത്ത് സ്വന്തം പേര് തങ്കലിപികളാല്‍ കോറിയിട്ടുകൊണ്ട് സ്ത്രീശക്തിയെ പുണരുന്ന ഉദ്‌ബോധനത്തിന്റെ പുതുലോകം സൃഷ്ടിച്ചവരാണ്. ഇന്നു നമ്മുടെ രാജ്യം സംവരണമെന്ന ആധുനിക ജനാധിപത്യ മൂല്യത്തിലൂടെ നാനാമേഖലകളിലും സ്ത്രീപ്രാധിനിത്യം ഉറപ്പുവരുത്തുന്നുണ്ട്.പക്ഷേ സ്ത്രീകള്‍ സമ്പൂര്‍ണമായ സാമ്പത്തിക സ്വയംപര്യാപ്തത നേടുകയെന്നത് ഒരു ശ്രമമായി തന്നെ തുടരുകയാണ്.
വനിതാ സ്വയംപര്യാപ്തത ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ്. കഴിയുന്നത്ര സ്ത്രീകള്‍ സ്വയം സംരംഭകരാകുകയെന്നതാണ് ഇതിനുള്ള മികച്ച മാര്‍ഗം. സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലൊതുക്കുന്ന സമൂഹത്തിന്റെ വികലമായ യാഥാസ്ഥിതികബോധം തീര്‍ത്ത അതിരുകളെ മറികടന്ന്, സ്വന്തം ഭാവനാവൈദഗ്ധ്യത്തെ കൈകളിലേക്ക് ആവാഹിച്ചുകൊണ്ട് മനോഹരമായ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെ സ്ത്രീസംരംഭകത്വ വിപ്ലവത്തിന് ശക്തി പകരുകയാണ് മലപ്പുറം സ്വദേശിനിയായ മുഹ്‌സിന അഷ്‌കര്‍ എന്ന യുവതി.
ചെറിയ പേപ്പര്‍ കമ്മലുകള്‍ നിര്‍മിച്ചു തുടങ്ങി ഇന്ന് ‘BRODHA CRAFTS’ എന്ന ബ്രാന്‍ഡിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു സംരംഭകയായിമുഹ്‌സിന വളര്‍ന്നത്ചുറ്റുമുള്ളവരില്‍ നിന്നുള്ള പരിഹാസത്തെയും നിരുത്സാഹപ്പെടുത്തലുകളെയുമൊക്കെ അതിജീവിച്ചുകൊണ്ടാണ്.
പ്ലസ് ടു കാലത്തുതന്നെ ചെറിയ തോതില്‍ ക്രാഫ്റ്റു വര്‍ക്കുകളും പെയിന്റിങുമൊക്കെ ചെയ്യുമായിരുന്നതിനാല്‍ ഫാഷന്‍ ഡിസൈനിങ്ങിലാണ് ഡിഗ്രി പഠനം തെരഞ്ഞെടുത്തത്. എംബ്രോയിഡറി, മേക്കപ്പ്, പെയിന്റിംഗ് തുടങ്ങിയ നിരവധി സ്‌കില്ലുകള്‍ ആ കോഴ്‌സിലൂടെ കൂടുതല്‍ വികസിപ്പിച്ചത് മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ക്കൂട്ടായി. പേപ്പര്‍ പൂക്കള്‍പോലുള്ള ലളിതമായ ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്തു വരുന്നതിനിടയ്ക്കാണ് എംബ്രോയ്ഡറി ഹൂപ്പുകള്‍ നിര്‍മിക്കുന്നതിലേക്ക് തിരിഞ്ഞത്.
ആദ്യ ഓര്‍ഡര്‍ വെറും നാന്നൂറ്റി അന്‍പതു രൂപയ്ക്കാണ് ചെയ്തുനല്‍കിയത്. ലാഭം വെറും അന്‍പതുരൂപ മാത്രം!ഒപ്പമുള്ള സുഹൃത്തുക്കളൊക്കെ നിരുത്സാഹപ്പെടുത്തിയെങ്കിലും കുടുംബം തന്ന പിന്തുണയോടെ ക്രാഫ്റ്റ് വര്‍ക്ക് ഒരു കരിയറായി തന്നെ മുന്നോട്ടു കൊണ്ടുപോയി. കടുത്ത മത്സരമുള്ള മേഖലയായതിനാല്‍ മതിയായ വര്‍ക്കുകളില്ലാതെയും വരുമാനമൊന്നും ലഭിക്കാതെയും ധാരാളം പ്രതിസന്ധികള്‍ നേരിട്ടു. തുടക്കകാലത്തുതന്നെ ലാഭനഷ്ടത്തിന്റെ ഏറ്റക്കുറച്ചിലുകളെ അഭിമുഖീകരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി.
സ്വന്തം കാലില്‍ നില്‍ക്കാനാഗ്രഹിക്കുന്ന ഏതൊരു പെണ്‍കുട്ടിക്കും മാതൃകയെന്നോണം ‘സ്വയംപര്യാപ്തതയുടെ’ ആദ്യപടിയായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമാണ് 2022 ല്‍ മുഹ്‌സിന തന്റെ വിവാഹജീവിതം ആരംഭിക്കുന്നത്.ഭര്‍ത്താവിനൊപ്പം 2023 ഏപ്രിലില്‍ യുഎഇയിലെത്തി അവിടെ തന്റെ ക്രാഫ്റ്റ് വര്‍ക്കുകള്‍ ആരംഭിച്ചതോടെയാണ് കരിയറിലെ ത്വരിതഗതിയിലുള്ളൊരു വളര്‍ച്ച ആരംഭിക്കുന്നത്. ആദ്യം ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ സ്വയം മാര്‍ക്കറ്റ് ചെയ്തു. അങ്ങനെ ഒരു സുഹൃത്തില്‍ നിന്നും ആദ്യ വര്‍ക്ക് ലഭിച്ചു. ഓരോ പ്രോഡക്റ്റിലുമുള്ള മുഹ്‌സിനയുടെ കരകൗശലവൈദഗ്ധ്യം തിരിച്ചറിഞ്ഞ് ധാരാളം പേര്‍ സമീപിച്ചതിനാല്‍ വെറും ഒറ്റ വര്‍ഷം കൊണ്ടായിരുന്നു ആ ബിസിനസ് വളര്‍ന്നത്.
തുടര്‍ന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിന് ‘Brodha Craft’ എന്ന പേര് നല്‍കിക്കൊണ്ട് നല്ലൊരു ബ്രാന്‍ഡ് അവതരിപ്പിക്കുന്ന സംരംഭമാക്കി മാറ്റി. വെഡിങ് വര്‍ക്കുകള്‍, ഗിഫ്റ്റ് ഹാംപര്‍, വെഡിങ് ഹാമ്പര്‍, എന്‍ഗേജ്‌മെന്റ് ഹാപ്പര്‍ എന്നിങ്ങനെ ക്രാഫ്റ്റ് മേഖലയിലെ നിരവധി ‘കളര്‍ഫുള്‍’ ഓപ്ഷനുകള്‍ ലഭിക്കുന്ന ഒരു സ്ഥാപനമാണ് ഇപ്പോള്‍ ‘Brodha Craft’.
ഓരോ മാസവും ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കൂടി വരുന്നുണ്ട്. എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഹ്‌സിനക്കൊപ്പം നിലവില്‍ രണ്ട് സ്റ്റാഫുകളുണ്ട്.ഇപ്പോള്‍ യു എ ഇയില്‍ തന്നെ മറ്റൊരു പുതിയ സംരംഭം കൂടി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മുഹ്‌സിന. ആറു വര്‍ഷമായി ഒരു മേഖലയെ തന്നെ പിന്തുടര്‍ന്ന്, അതില്‍ ഒരു വര്‍ഷം കൊണ്ട് യുഎഇ പോലൊരു വിദേശ മണ്ണില്‍ തന്റെ സംരംഭം വളര്‍ത്തി, ആ വരുമാനം കൊണ്ട് തന്റെ സ്വപ്‌നങ്ങളോരോന്നും നേടുന്ന ഈ പെണ്‍കുട്ടി സ്ത്രീ സമൂഹത്തിനാകെ ഒരു മാതൃകയാണ്.
ഏതൊരു കാര്യത്തിനും പരമാവധി പിന്തുണ നല്‍കി ഒപ്പം നിന്ന ഭര്‍ത്താവിനോട് നന്ദി പറഞ്ഞുകൊണ്ട് മാത്രമേ മുഹ്‌സിനയ്ക്ക് തന്റെ വിജയകഥ പറയാനാകൂ. സ്വന്തം പാഷനു പുറകെ പോകാന്‍ ജീവിതപങ്കാളികള്‍ പരസ്പരം പിന്തുണയ്ക്കണമെന്ന സന്ദേശമാണ് സമൂഹത്തിന് ഇതില്‍നിന്നും ലഭിക്കുന്നത്.സ്വന്തം വരുമാനത്തിന്റെ ഒരു വിഹിതം അനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുകൂടി മാറ്റിവയ്ക്കുകയാണ് ഈ യുവസംരംഭക.സമൂഹത്തിലെ ഓരോ സ്ത്രീയും തന്നിലെ കഴിവുകളെ തിരിച്ചറിഞ്ഞ് ആ പാഷനെ മുറുകെപ്പിടിച്ചുകൊണ്ട് അതില്‍നിന്നും വരുമാനം കണ്ടെത്തി തുടങ്ങുന്നിടത്താണ് ‘സ്വയം പര്യാപ്തതയുടെ’ യഥാര്‍ത്ഥ സ്ത്രീശാക്തീകരണം ആരംഭിക്കുന്നതെന്ന് മുഹ്‌സിന അഷ്‌കര്‍ പറയുന്നു.
https://www.instagram.com/brodha_craft._uae/?igsh=c2Uzem83MWQxOW4z