മാനസിക ഉണര്‍വിനും ഏകാഗ്രതയ്ക്കും യോഗ
സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വീട്ടില്‍ നിന്നുമൊക്കെ നാം സ്ഥിരം കേള്‍ക്കുന്ന വാക്കുകളാണ് സ്ട്രെസ്സ്, ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവ. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി നമ്മുടെ ജീവിതത്തോട് ഇഴുകി ചേര്‍ന്നവയാണ് ഇതെല്ലാം. ജോലി സംബന്ധമായോ, ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ എല്ലാവരും ഇതിന് വിധേയരാകേണ്ടി വരുന്നു.
സാങ്കേതികവിദ്യയുടെയും മറ്റും അതിപ്രസരമുള്ള സമൂഹത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. ഇവിടെ ജീവിതമെന്നത് നേടാനും കീഴടക്കാനുമൊക്കെയുള്ള മരണപ്പാച്ചിലാണ്. കരിയര്‍ നേടാന്‍, കുടുംബം സുരക്ഷിതമാക്കാന്‍, സാമ്പത്തിക ഉന്നതി നേടാന്‍… ഈ ഓട്ടത്തില്‍ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ ഇന്നത്തെ സന്തോഷമാണെന്ന് ആരും ചിന്തിക്കുന്നില്ല.
അസന്തുലിതമായ മനസ്സും, ടെന്‍ഷനും, പ്രവര്‍ത്തികളും മനുഷ്യനെ രോഗത്തിന്റെ അടിമയായി മാറ്റിക്കൊണ്ടിരിക്കുന്നു. ഏകാഗ്രമായ മനസിന് ആരോഗ്യവും ഉന്മേഷവുമുള്ള ശരീരത്തെ വാര്‍ത്തെടുക്കാന്‍ കഴിയുന്നതിനോടൊപ്പം നമ്മുടെ പ്രവൃത്തികളെയും ചിന്തകളെയും സ്വാധീനിക്കാന്‍ കഴിയുമെന്നു തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് ‘Guru: The School of Self Mastery’ എന്ന സ്ഥാപനത്തിന്റെ സാരഥി അരുണ്‍ പ്രസാദ്.
യോഗയിലൂടെ അസന്തുലിതമായ മനസ്സിനെ നിയന്ത്രിക്കാനും ഏകാഗ്രതയില്‍ ഊന്നി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന്റെ ക്ലാസുകളിലൂടെ നിരവധി പേര്‍ക്ക് സാധിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകനായിരിക്കുമ്പോഴും ലഭിക്കുന്ന അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിച്ച് യോഗ ക്ലാസുകള്‍ കൈകാര്യം ചെയ്യാറുണ്ട് അദ്ദേഹം. അരുണിന്റെ വിജയവഴികളിലൂടെ…
ആത്മീയപരമായ കാര്യങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന ഒരു ബാല്യമായിരുന്നു അരുണ്‍ പ്രസാദിന്റേത്. പിതാവ് കൃഷ്ണപ്രസാദിന് ഇക്കാര്യങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അമൃതാനന്ദമയി ആശ്രമത്തിലും ശിവാനന്ദ ആശ്രമത്തിലുമെല്ലാം സ്ഥിരം സന്ദര്‍ശകനായിരുന്നു അരുണ്‍. അച്ഛന്റെ ഗുരുവായിരുന്ന ആത്മീയാചാര്യന്‍ സുദര്‍ശന്‍ ഹരിദാസ് തന്നെയായിരുന്നു അരുണിന്റെയും ഗുരുനാഥന്‍. പിതാവിന്റെ മരണശേഷം ഗുരുനാഥനെ തന്റെ വഴികാട്ടിയായും ഉപദേശകനായും സ്വീകരിച്ചു.
യാത്രകളും വായനയുമൊക്കെ ഇഷ്ടപ്പെടുന്നതിനോടൊപ്പം അദ്ദേഹം പഠനത്തിലും മുന്നിലായിരുന്നു. NIPM ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ പി.ജി നേടുകയും പിന്നീട് മാനേജ്‌മെന്റ് ടീച്ചറായി കഴിഞ്ഞ എട്ടു വര്‍ഷമായി സേവനം തുടരുകയുമാണ്. ഇതിനിടയില്‍ 2012ല്‍ ശിവാനന്ദ യോഗ വേദാന്ത ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ യോഗയില്‍ ഒരു കോഴ്‌സിനു ചേര്‍ന്നു. അതിനുശേഷം കോളേജുകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി.
തുടക്കത്തില്‍ ഫീസ് വാങ്ങാതെയാണ് അദ്ദേഹം ക്ലാസുകള്‍ എടുത്തത്. എന്നാല്‍ തന്റെ സേവനം വ്യര്‍ത്ഥമായി പോകാന്‍ പാടില്ലെന്ന തീരുമാനത്തില്‍ പിന്നീട് ചെറിയ ഫീസ് വാങ്ങി കേരളത്തിലുടനീളവും തെക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. യോഗ ക്ലാസുകള്‍ക്കൊപ്പം മോട്ടിവേഷന്‍ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗും നല്‍കാറുണ്ട്. സ്വന്തമായി ഒരു സ്ഥാപനം ഉണ്ടെങ്കിലും ഫ്രീലാന്‍സായാണ് അദ്ദേഹം ക്ലാസുകള്‍ കൂടുതലായി കൈകാര്യം ചെയ്യുന്നത്.
കായികാഭ്യാസത്തോടൊപ്പം മനസ്സിനെ നിയന്ത്രിക്കാനുള്ള വിദ്യകളും അരുണിന് ഹൃദിസ്ഥമാണ്. വ്യത്യസ്തമായ മൂന്ന് കോഴ്‌സുകളിലൂടെയാണ് അദ്ദേഹം യോഗ പരിശീലിപ്പിക്കുന്നത്.
1. ഇന്നര്‍ പെഡഗോഗി പ്രോഗ്രാം
അഥവാ സെല്‍ഫ് റിയലൈസേഷന്‍ പ്രോസസ്, അതുമല്ലെങ്കില്‍ പ്രാണായാമം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പൂര്‍ണമായി ശ്വാസഗതിയെ നിയന്ത്രിച്ചുകൊണ്ട് ഒരു വ്യക്തി തന്നെത്തന്നെ നിയന്ത്രിക്കുന്ന വിദ്യ.
2. സൂര്യ നിഷ്ഠ
സൂര്യ നമസ്‌കാരത്തോടൊപ്പം മെയ്യ് വഴക്കത്തിന് വേണ്ടിയുള്ള കായികാഭ്യാസങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യ.
3. ഫിസിയോ മാസ്റ്ററി
ഇതില്‍ കൂടുതല്‍ ആസനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അഡ്വാന്‍സ് ആയിട്ടുള്ള ശാരീരികാഭ്യാസങ്ങളാണ് ഇതില്‍. ഈ വിദ്യാ സ്വായത്തമാക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമാണ്.
മൂന്നു വിധത്തിലുള്ള ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ബുക്കിംഗുകള്‍ വരുന്നത് ഇന്നര്‍ പെഡഗോഗി പ്രോഗ്രാമിനാണ്. മാനസികമായി പൂര്‍ണമായ വിശ്രമമാണ് ഇതിലൂടെ ലഭ്യമാകുന്നത്. വ്യത്യസ്തമായ ബ്രീത്തിങ് ടെക്‌നിക്കുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഒരു മിനിറ്റില്‍ ഏകദേശം 70 ചിന്തകളാണ് നമ്മുടെ മനസ്സിലേക്കു വരുക. അതില്‍ 70 ശതമാനവും കഴിഞ്ഞുപോയ കാര്യങ്ങളും ബാക്കി 25 ശതമാനം വരാന്‍ പോകുന്ന കാര്യങ്ങളുമാണ്.അതായത് അഞ്ച് ശതമാനം മാത്രമാണ് വര്‍ത്തമാനകാലത്തെ കുറിച്ചുള്ളത്. നാം ഇന്നിലാണ് ജീവിക്കുന്നത്. പക്ഷേ ചിന്തകളോ ഇന്നലകളെയും നാളെയെകുറിച്ചുമാണ്. ഇന്നത്തെ സന്തോഷം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല.
പ്രാണായാമത്തിലൂടെ മനസ്സിന്റെ വേരായുള്ള ശ്വാസത്തെ നിയന്ത്രിച്ച് ഒരാളുടെ ജീവിതത്തിന്റെ അടിസ്ഥാനത്തിലേക്ക് പോയി അയാളെ സ്വയം കണ്ടെത്തുന്നതിനും സ്വന്തമായ ഒരു ബോധം ഉണ്ടാക്കിയെടുക്കുന്നതിനും സാധിക്കുന്നു. അതിലൂടെ മനസ്സിനെ നിയന്ത്രിക്കുവാനും സ്‌ട്രെസ് എന്ന ഭീമനെ അതിജീവിക്കാനും സാധിക്കുന്നു.
അരുണ്‍ പ്രസാദ് തന്റെ ക്ലാസുകളിലൂടെ ‘മനസ്’ എന്ന മായയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള വിദ്യകളാണ് അഭ്യസിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആശയത്തില്‍, മനസ് ഒരു വൃക്ഷത്തിന്റെ വേരായും ചിന്തകള്‍ അതിന്റെ ചില്ലകളും പ്രവൃത്തികള്‍ അതിന്റെ ഇലകളും നമ്മുടെ പ്രവര്‍ത്തികളുടെ ഫലങ്ങള്‍ വൃക്ഷത്തിന്റെ കായ്കളും പ്രതിഫലം വൃക്ഷത്തിന്റെ ഫലങ്ങളായും സങ്കല്‍പ്പിച്ചിരിക്കുന്നു.
ഇവിടെ വൃക്ഷത്തിന്റെ വേരുകള്‍ക്കാണ് വെള്ളമൊഴിച്ചു കൊടുക്കേണ്ടത്. അതായത് അസ്വസ്ഥമായ മനസ്സിനാണ് മരുന്ന് വേണ്ടത്. മനസ് സ്ഥിരത കൈവരിച്ചാല്‍ അതിന്റെ ചില്ലകളായ ചിന്തകള്‍ സ്ഥിരതയുള്ളതാകും, അതിന്റെ ഇലകളായ പ്രവൃത്തികള്‍ക്ക് സ്ഥിരത കൈവരും. പിന്നെ ലഭിക്കുന്ന ഫലങ്ങളും പ്രതിഫലവും നന്മയുള്ളതായിരിക്കും. അങ്ങനെ മേന്മയുള്ളൊരു ജീവിതം ലഭ്യമാകുകയും ചെയ്യും. ഈ ആശയത്തെ തന്റെ പ്രവൃത്തികളിലൂടെ മനുഷ്യ നന്മയ്ക്കായ് ആവിഷ്‌കരിക്കുകയാണ് അദ്ദേഹം.
കുടുംബം :
ഭാര്യ : ഡോ. അഷിത (ആയൂര്‍വേദം)
മകന്‍ : ധ്രുവ മാധവ് ദാസ്
അച്ഛന്‍ : കൃഷ്ണപ്രസാദ് (CSBO Military Service)
അമ്മ : ചന്ദ്രിക
സഹോദരന്‍ : ഹരിപ്രസാദ്
സഹോദര ഭാര്യ : അശ്വതി
സഹോദര പുത്രന്‍ : ഗൗതം കൃഷ്ണ
അമ്മമ്മ : കമലമ്മ