തോല്‍വികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രസംഗ കലയുടെ ട്രെയിനറും മെന്ററുമായി മാസ്റ്റര്‍ ഗുരു പ്രേംജി
പല കാര്യങ്ങളും ചെയ്യാനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു തവണ പരാജയപ്പെട്ടാല്‍ ആളുകള്‍ പറയും: അതു ചെയ്യേണ്ട, നിന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ. ഇതുകേട്ട് പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജീവിതത്തില്‍ വിജയിച്ചവരെല്ലാം മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ചു മുന്നോട്ടു പോയവരാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂളിലെ പ്രസംഗവേദിയില്‍ നിന്നും പരാജിതനായി തല താഴ്ത്തി മടങ്ങേണ്ടിവന്ന പതിനൊന്നു വയസ്സുകാരന് പയ്യന് ഇന്ന് ലോകം അറിയപ്പെടുന്ന മാസ്റ്റര്‍ ഗുരു പ്രേംജി എന്ന പബ്ലിക് സ്പീക്കിങ്ങ് ട്രെയിനര്‍ ആന്‍ഡ് മെന്ററാണ്.
ആള്‍ക്കൂട്ടത്തില്‍ എത്ര വായാടിയാണെങ്കിലും നാല് പേരുടെ മുന്നില്‍ ചെന്ന് നിന്ന് സംസാരിക്കാന്‍ പറഞ്ഞാല്‍ പേടിച്ച് വിറക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ചെറുയോഗത്തില്‍ എഴുന്നേറ്റ് നിന്ന് സ്വന്തം പേരും പഠിച്ച സ്ഥലവും പറയാന്‍ പോലും മിക്കവര്‍ക്കും സാധിക്കുന്നില്ല. ഭയമാണ് പലരെയും അതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. അങ്ങനെ പേടിച്ച് വിറച്ച് മുട്ടിടിച്ച് വാക്കുകളൊക്കെ മുറിഞ്ഞ് ഒടുവില്‍ വാക്കുകള്‍ക്ക് പകരം വിറയല്‍ മാത്രമായി, പറയാന്‍ വന്ന കാര്യങ്ങള്‍ മുഴുപ്പിക്കാന്‍ സാധിക്കാതെ പതിയെ തല താഴ്ത്തി ഇറങ്ങിപ്പോരേണ്ടി വരുന്ന അവസ്ഥ… അതായിരുന്നു പ്രേംജിയുടെ തുടക്കം. അന്ന് അധ്യാപകരും കൂട്ടുകാര്‍ അടക്കമുള്ളവര്‍ കളിയാക്കലുകള്‍ മാത്രമാണ് നല്‍കിയത്.
എന്നാല്‍ ആ കളിയാക്കലുകളായിരുന്നു പ്രേംജിയെ പബ്ലിക് സ്പീക്കിങ്ങ് മേഖലയില്‍ വളര്‍ന്നുവരാന്‍ പ്രചോദനമായത്. പിന്നീട് എല്ലാ വര്‍ഷങ്ങളിലും സ്കൂളിലെ പരിപാടിയുടെ സമയമാകുമ്പോള്‍ പ്രസംഗത്തിന് വേണ്ടി തയ്യാറെടുക്കുമായിരുന്നു. ആരും ഇല്ലാത്ത സ്ഥലങ്ങളില്‍ പോയി നിന്ന്, ഒറ്റക്ക് ഉറക്കെ സംസാരിച്ചു തന്റെ ഭയം മാറ്റിയെടുക്കാന്‍ ശ്രമിച്ചു. അതിനായി വര്‍ഷങ്ങള്‍ വേണ്ടിവന്നു. എങ്കിലും പരാജയം മാത്രമായിരുന്നു ഒരു സമയം വരെ ലഭിച്ചിരുന്നത്.
കഠിനപ്രയത്നവും വിജയിക്കാനുള്ള മനസ്സും കൃത്യമായ ലക്ഷ്യവുമുള്ളതുകൊണ്ട് തന്നെ ജയം കൈപ്പിടിയില്‍ ഒതുക്കാന്‍ പ്രേംജിയ്ക്ക് സാധിച്ചു. ആ ജയത്തില്‍ നിന്നും പഠിച്ച പാഠമാണ് പ്രേംജി തന്റെ ക്ലാസുകളിലൂടെ പകര്‍ന്ന് നല്‍കുന്നത്. അറിവോ വിദ്യാഭ്യാസമോ ഒരു പ്രാസംഗികനാകാന്‍ ആവശ്യമില്ല, ആത്മവിശ്വാസമാണ് പ്രധാനം എന്ന് ഇതിനകം അനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി.
സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സ്വകാര്യ മേഖലയില്‍ പഠനം നടത്തുന്നതിനിടയില്‍തന്നെ ദിവസ വേതനത്തില്‍ പോസ്റ്റല്‍ ആന്‍ഡ് ടെലികോം, ഇന്ത്യന്‍ റെയില്‍വേ എന്നിവിടങ്ങളില്‍ പ്രേംജി ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കെ, ദിവസ വേതനത്തില്‍ 240 ദിവസം തൊഴില്‍ ചെയ്തവരെ സ്ഥിരപ്പെടുത്താന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഭാഗ്യമെന്നോണം പോസ്റ്റല്‍ ആന്‍ഡ് ടെലികോം സര്‍വീസില്‍ പ്രേംജിയ്ക്ക് ജോലി സ്ഥിരപ്പെട്ടു. വളരെ ചെറുപ്പത്തില്‍, ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്തന്നെ ഒരു നല്ല ജോലി സമ്പാദിക്കാന്‍ സാധിച്ചതും പ്രേജിയുടെ നേട്ടങ്ങളില്‍ ഒന്നായിരുന്നു.
P&Tയിലെ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തന്റെ പ്രസംഗശൈലി വളര്‍ത്തിയെടുക്കുകയും 1985 മുതല്‍ കുട്ടികളെ പ്രസംഗം പരിശീലിപ്പിക്കുകയും ചെയ്തു. ഒരു മാസമായിരുന്നു ആദ്യം പരിശീലന കാലം. അത് മൂന്ന് ആഴ്ചയായും രണ്ടാഴ്ച യായും അതിന് ശേഷം 10 ദിവസമായും ശേഷം ഒരാഴ്ചയായും കാലാവധി കുറച്ച് കൊണ്ടുവന്നു. രണ്ടായിരം മുതല്‍ മൂന്ന് ദിവസം മാത്രമായി പരിശീലനം. നൂറ് ശതമാനമാണ് പ്രേംജിയുടെ ഈ പരിശീലന പരിപാടിയുടെ വിജയം. അവിടെ നിന്നുമാണ് 9 മണിക്കൂര്‍ കോഴ്സ് എന്ന മാജിക്കിലേക്ക് പ്രേംജി കടക്കുന്നത്.
39 വര്‍ഷമായി പബ്ലിക് സ്പീക്കര്‍ എന്ന നിലയില്‍ പ്രേംജി പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ 35 വര്‍ഷവും സേവനം തികച്ചും സൗജന്യമായിരുന്നു. വരുമാനം എന്നതിലുപരി, നാളെ നാടിനു ഉപകാരമാകുന്ന ആളുകളെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പല മേഖലകളില്‍ ഉയര്‍ന്ന സ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ അടക്കം നിരവധി ആളുകള്‍ മാസ്റ്റര്‍ ഗുരു പ്രേംജിയുടെ കീഴില്‍ ട്രെയിനിങ്ങിന് വരാറുണ്ട്.
പലര്‍ക്കും പലതരത്തിലുള്ള ഭയമാണ്… ചിലര്‍ക്ക് വേദിയില്‍ കയറുമ്പോള്‍…. മറ്റ് ചിലര്‍ക്ക് ആളുകളെ കാണുമ്പോള്‍ തന്നെ ഭയം… മറ്റു ചിലര്‍ക്ക് ഉദ്ദേശിച്ച കാര്യം പറയാന്‍ മറന്നുപോകുന്നു… മറ്റ് ചിലര്‍ക്കാകട്ടെ പ്രസംഗ ശൈലി ലഭിക്കുന്നില്ല… അങ്ങനെ പലതും. ഭയം കാരണം തോറ്റു പിന്‍വാങ്ങേണ്ടി വരുന്നു. ഭയത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി, അതിനു പരിഹാരം നല്‍കുക എന്നതാണ് പ്രേംജി ആദ്യം ചെയ്യുക. പബ്ലിക് സ്പീക്കറാകാന്‍ വരുന്നവര്‍ക്ക് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക എന്ന കടലോളം ആഗ്രഹമാണ് ആദ്യം വേണ്ടത് എന്ന നിര്‍ബന്ധം മാത്രമാണ് പ്രേംജിക്ക് ഉള്ളത്.
പ്രേംജിയുടെ ഓരോ സെഷന് കഴിയുംതോറും മാറ്റങ്ങള്‍ കണ്ടു തുടങ്ങും. വളരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു വ്യക്തിയെ പബ്ലിക് സ്പീക്കറാക്കാന്‍ സാധിക്കുന്നു എന്നത് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള മറ്റു അംഗീകാരങ്ങള്‍ക്ക് പുറമേ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. ഈ മേഖലയില്‍ ആദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളും ബഹുമതികളും ചെറുതല്ല.
ഒന്‍പത് മണിക്കൂറിനുളില്‍ 10 പേരെ പബ്ലിക് സ്പീക്കേഴ്സാക്കി മാറ്റിയതിന് തൃശൂരില്‍ വച്ച് 2022ല്‍ ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്’ അദ്ദേഹം സ്വന്തമാക്കി. പിന്നീട് ‘ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്’ എന്നതായിരുന്നു അടുത്ത ലക്ഷ്യം. 2023 ല്‍ കണ്ണൂരില്‍ വച്ച്, 10 പേരെ 7 മണിക്കൂര്‍ കൊണ്ട് പ്രാസംഗികരാക്കി ട്രെയിന്‍ ചെയ്തതിനു ആ അംഗീകാരവും കരസ്ഥമാക്കി. കൂടാതെ കേരളത്തിന് പുറത്തും വിദേശത്തുമുള്ളവരെയും ഓണ്‍ലൈന്‍ ക്ലാസ്സ് വഴി പ്രാസംഗികരാക്കിയതിന് ‘ഇന്ത്യാസ് വേള്‍ഡ് റെക്കോര്‍ഡു’ം ലഭിച്ചു. ഇങ്ങനെ, നിരവധി അംഗീകാരങ്ങളിലൂടെ ലോകത്തിന്റെ തന്നെ അഭിമാനമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇനി അടുത്ത ലക്ഷ്യം ‘ഗിന്നസില്‍ ഇടം നേടുക’ എന്നതാണ്. അതിനായുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ പ്രേംജി.
കണ്ണൂര്‍ സ്വദേശിയായ പ്രേംജിയുടെ ഭാര്യയും രണ്ടു മക്കളും ഇക്കാര്യത്തില്‍ ഒപ്പം തന്നെയുണ്ട്. തന്റെ പാത പിന്തുടരുന്നതിനായി ഡോക്ടര്‍ കൂടിയായ മകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പ്രേംജി. ഒരു പുസ്തകങ്ങളില്‍ നിന്നും കിട്ടുന്നതിന് അപ്പുറം അരനൂറ്റാണ്ട് കാലത്തെ ജീവിത അനുഭവങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഒക്കെ നിറഞ്ഞതാണ് മാസ്റ്റര്‍ ഗുരു പ്രേംജിയുടെ ട്രെയിനിങ്ങ്.
അദ്ദേഹം അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്, തന്റെ കോഴ്സില്‍ ലോകത്തിലെ ഒരു ഗ്രന്ഥത്തില്‍ നിന്നും ഒരു പാരഗ്രാഫ് പോലും ഉപയോഗിക്കില്ല. മാത്രമല്ല, ലോകത്തിലെ മഹാന്മാരുടെ വചനങ്ങള്‍ പരിചയപ്പെടുത്തില്ല. പകരം തന്റെ അര നൂറ്റാണ്ട് കാലത്തെ അനുഭവം മാത്രമാണ് പങ്ക് വയ്ക്കുക എന്ന്.
നീണ്ട 40 വര്‍ഷത്തിനടുത്ത് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തു. കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നു ജൂനിയര്‍ എന്‍ജിനീയറായാണ് അദ്ദേഹം വിരമിച്ചത്. പാട്ടെഴുത്തുകാരന്, നാടക നടന്, ആകാശവാണി ആര്‍ട്ടിസ്റ്റ്, കഥാകാരന് എന്നീ നിലകളിലെല്ലാം തന്റേതായ ഒരിടം അടയാളപ്പെടുത്താന്‍ പ്രേംജിയ്ക്ക് കഴിഞ്ഞു.