മാരുതി ഉത്പാദനം ഉയര്‍ത്തി
ന്യൂഡല്‍ഹി: ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ഉത്പാദനം ഉയര്‍ത്തി. നവംബറില്‍ 4.33 ശതമാനമാണ് ഉത്പാദന വര്‍ദ്ധന. വില്പനമാന്ദ്യം മൂലമാണ് മാരുതിക്ക് നേരത്തേ തുടര്‍ച്ചയായി ഉത്പാദനം കുറയ്ക്കേണ്ടി വന്നത്.
നവംബറില്‍ 1.41 ലക്ഷം യൂണിറ്റുകളാണ് മാരുതി ഉത്പാദിപ്പിച്ചത്. 2018 നവംബറില്‍ 1.35 ലക്ഷം യൂണിറ്റുകളായിരുന്നു ഉത്പാദനം. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 1.34 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 3.67 ശതമാനം വര്‍ദ്ധിച്ച് 1.39 ലക്ഷമായി. അതേസമയം, മിനി/കോംപാക്ട് കാറുകളായ ഓള്‍ട്ടോ, വാഗണ്‍ആര്‍, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്്, ബലേനോ, ഡിസയര്‍ എന്നിവയുടെ ഉത്പാദനം 30,129 യൂണിറ്റുകളില്‍ നിന്ന് 24,052 യൂണിറ്റുകളായി താഴ്ന്നു. 20.16 ശതമാനമാണ് കുറവ്.
യൂട്ടിലിറ്റി ശ്രേണിയിലെ വിറ്റാര ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുടെ ഉത്പാദനം 23,038 യൂണിറ്റുകളില്‍ നിന്ന് 18 ശതമാനം ഉയര്‍ന്ന് 27,187 യൂണിറ്റുകളിലെത്തി. മിഡ്-സൈസ് സെഡാനായ സിയസിന്റെ ഉത്പാദനം 1,460ല്‍ നിന്ന് 1,830 യൂണിറ്റുകളായും ഉയര്‍ന്നു. ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി 1,797ല്‍ നിന്ന് 2,750 യൂണിറ്റുകളിലേക്കും ഉത്പാദന നേട്ടം കുറിച്ചു.