അഗ്രികള്‍ച്ചറല്‍ രംഗത്ത് മാറ്റത്തിന്റെ വിപ്ലവം തീര്‍ക്കുന്ന യുവ സംരംഭക മഞ്ജു മാത്യു
പൂക്കള്‍, ചെടികള്‍, പുഴുക്കള്‍ പൂമ്പാറ്റകള്‍ ഇവയോട് എല്ലാം ഇണങ്ങി ജീവിക്കുകയാണെങ്കില്‍ അത് നമുക്ക് സമ്മാനിക്കുന്ന ലോകം മറ്റൊന്നാണ്. നമ്മള്‍ കാണാത്ത ഒരു ആന്തരിക സൗന്ദര്യമുണ്ട് ഇവയ്‌ക്കെല്ലാം. പക്ഷേ ഏറ്റവും ആദ്യം വേണ്ടത് ഇവയെല്ലാം സ്‌നേഹിക്കാനുള്ള ഒരു നല്ല മനസ്സാണ്. അതുണ്ടെങ്കില്‍ മാത്രമേ പ്രകൃതിയെ അറിയാന്‍ സാധിക്കു… ‘ഒരു മരം പത്ത് പുത്രന്മാര്‍ക്ക് സമം’ എന്ന് കേട്ടിട്ടില്ലേ ! അതുതന്നെയാണ് ഓരോ സസ്യങ്ങളും മനുഷ്യനു വേണ്ടി ചെയ്യുന്നത്. അത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങി തന്റെ തൊഴില്‍ മേഖലയും ജീവിതവും കെട്ടിപ്പടുത്ത വ്യക്തിയാണ് മഞ്ജു മാത്യു.
ഇടുക്കി വലിയ തോവാള അഞ്ചുമുക്ക് ആണ് മഞ്ജുവിന്റെ സ്വദേശം. ഇവിടം കേന്ദ്രമാക്കിയാണ് മഞ്ജു തന്റെ ‘ഹരിതശ്രീ ഓര്‍ഗാനിക് നഴ്‌സറി’ എന്ന സംരംഭം നടത്തി വരുന്നത്. മഞ്ജുവിനൊപ്പം എല്ലാ സഹായസഹകരണങ്ങളും നല്‍കി ഭര്‍ത്താവ് മാത്യു മത്തായി ഉള്ളാട്ട്, മക്കളായ അഞ്ജിത്ത് മാത്യു, അഞ്ചു മാത്യു, ആല്‍ബിന്‍ മാത്യു എന്നിവരുമുണ്ട്. മഞ്ജുവിന്റെ കുടുംബവും കൃഷി മേഖലയില്‍ സജീവ സാന്നിധ്യമാണ്.
യാതൊരുവിധ മുന്‍കാല പരിചയവുമില്ലാതെയാണ് മഞ്ജു അഗ്രികള്‍ച്ചര്‍ മേഖലയിലേക്ക് എത്തിപ്പെടുന്നത്. 2010 ല്‍ കൃഷി മേഖലയിലേക്ക് ഇറങ്ങുകയും തുടര്‍ന്ന് 2014 ല്‍ ഹരിതശ്രീ ഓര്‍ഗാനിക് നഴ്‌സറി എന്ന തന്റെ സംരംഭം തുടങ്ങുകയും ചെയ്യുന്നു. തുടക്കം നഷ്ടത്തില്‍ നിന്നായിരുന്നെങ്കിലും നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളാണ് അഗ്രികള്‍ച്ചര്‍ മേഖലയില്‍ മഞ്ജുവിനെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചത്.
ഇന്ന് കേരളത്തിനകത്ത് മാത്രമല്ല, പുറത്തേക്കും നിരവധി തൈകളാണ് ഹരിതശ്രീ ഓര്‍ഗാനിക് നഴ്‌സറിയില്‍ നിന്നും വിപണനം ചെയ്യുന്നത്. പ്രധാനമായും പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, കുറ്റികുരുമുളക് എന്നിവയാണ് ഇവിടെ വിപണനം നടത്തുന്നത്. മറ്റ് അലങ്കാര ചെടികളിലേക്ക് സംരംഭം പതുക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
കസ്റ്റമേഴ്‌സിന് ആവശ്യാനുസരണം ഓണ്‍ലൈന്‍ ഡെലിവറിയും ഹരിതശ്രീ ഓര്‍ഗാനിക് നഴ്‌സറി വഴി നടത്തുന്നുണ്ട്. കൊറോണക്കാലം വന്നതോടുകൂടി അഗ്രികള്‍ച്ചറല്‍ നഴ്‌സറി രംഗത്ത് വലിയൊരു ഉയര്‍ച്ചയാണ് ഉണ്ടായത്. ഒരുപക്ഷേ ലോക് ഡൗണ്‍ സമയം ആളുകള്‍ കൂടുതല്‍ ചെടി പരിപാലനത്തിലേക്ക് മറ്റും തിരിഞ്ഞത് കൊണ്ടായിരിക്കാം അത്. അതുകൊണ്ടുതന്നെ ഇന്ന് നിരവധി അഗ്രികള്‍ച്ചറല്‍ നഴ്‌സറികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വരും വര്‍ഷങ്ങളില്‍ മറ്റ് പല കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു സമ്മിശ്ര കൃഷി രീതിയിലേക്ക് തന്റെ സംരംഭം വളര്‍ത്തിയെടുക്കാനാണ് മഞ്ജു ആഗ്രഹിക്കുന്നത്. കൂടാതെ ഇപ്പോള്‍ ഒരു പാക്കിംഗ് ഹൗസ് കൂടി ഇതിനൊപ്പം നടത്തി വരുന്നുണ്ട്. അതില്‍ പ്രധാനമായും പല തരത്തിലുള്ള അച്ചാറുകള്‍, ചിപ്‌സുകള്‍, ചക്കയുടെ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.
നിരവധി അവാര്‍ഡുകളാണ് കാര്‍ഷിക രംഗത്ത് ഈ സംരംഭക നേടിയിട്ടുള്ളത്. 2015-16 ല്‍ സംസ്ഥാന സര്‍ക്കാര്‍ യുവകര്‍ഷക അവാര്‍ഡ്, 2018ല്‍ ജില്ലാ അവാര്‍ഡ് ഒരു മുറം പച്ചക്കറി, മഹിളാ കിസാന്‍ കാര്‍ഷിക യോജന അവാര്‍ഡ്, കുടുംബശ്രീ കര്‍ഷക അവാര്‍ഡ് ഇവയെല്ലാം മഞ്ജുവിന് സ്വന്തമാണ്. കാര്‍ഷിക രംഗത്ത് മാറ്റത്തിന്റെ മറ്റൊരു വിപ്ലവം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഈ യുവ കര്‍ഷക.