കേരളത്തില്‍ 100-ാമത്തെ സ്റ്റോറുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100-ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം 22-ന് പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന മികച്ച സേവനം ലഭ്യമാക്കുന്ന ഇലക്ട്രോണിക്സ് ഡീലര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാണ് കേരളത്തിലെ ബിസിനസ് അന്തരീക്ഷം. 2023-ഓടെ കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ 50 മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി 2022 തുടക്കത്തില്‍ സംസ്ഥാനത്ത് പുതിയ ഏഴ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും. ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്.
കേരളത്തില്‍ 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കുന്നതോടെ 4000 മലയാളികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 2000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത്.
ഓരോ വീടുകളിലും മൈജിയുടെ സാന്നിധ്യവും ബിസിനസ് വ്യാപനവും ആഘോഷിക്കുന്നതിനായി ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാലിനൊപ്പം ഇനി മഞ്ജു വാര്യരും ചേരും. ‘മൈജിയുടെ ബ്രാന്‍ഡ് പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി മോഹന്‍ലാല്‍ വലിയ പങ്ക് വഹിച്ചു വരികയാണ്.
ബ്രാന്‍ഡിന്റെ മുഖമെന്ന നിലയ്ക്ക് ഭാവിയിലെ എല്ലാ സംരംഭങ്ങളിലും തുടര്‍ന്നും മോഹന്‍ലാല്‍ മൈജിക്കൊപ്പമുണ്ടാകും. ഗൃഹോപകരണങ്ങളുടെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നതും തീരുമാനം എടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതും സ്ത്രീകളാണെന്നാണ് ഞങ്ങളുടെ വിശ്വാസം. മലയാളി സ്ത്രീയുടെ കരുത്തിന്റെ പ്രതീകമാണ് മഞ്ജു വാര്യര്‍.
ചെയ്യുന്ന ജോലിയില്‍ മികവും വിശ്വാസ്യതയും പുലര്‍ത്തുന്നതില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ഥത മൈജിയുടെ മൂല്യങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാനായി മറ്റൊരാളെക്കുറിച്ചും ചിന്തിക്കാനാകുമായിരുന്നില്ല. മഞ്ജുവുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്,’ എ.കെ. ഷാജി പറഞ്ഞു.