EntreprenuershipSuccess Story

എം എ സക്കീര്‍; ‘വൈവിധ്യമാര്‍ന്ന കലവറയ്ക്കുള്ളിലെ വ്യത്യസ്ത സ്വാദിനുടമ’

കഴിക്കുന്നവരുടെ വയറുമാത്രമല്ല, മനസ്സും നിറയ്ക്കുന്നതാവണം ഭക്ഷണം. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒരു കലയാണ്. രുചിക്കൂട്ടുകളുടെ ഉള്ളടക്കത്തിനു മേമ്പൊടിയായി ഒരു ഷെഫിന്റെ വിജയം എന്നു പറയുന്നത് കുക്കിങ്ങിനോടുള്ള ആത്മാര്‍ത്ഥ പ്രണയമാണെന്ന് തെളിയിക്കുകയാണ് വടകര സ്വദേശി എം എ സക്കീര്‍.

പാചക പാരമ്പര്യമുള്ള കുടുംബാംഗമായതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാചകകലയുടെ ബാലപാഠങ്ങള്‍ എം എ സക്കീര്‍ സ്വായത്തമാക്കിയിരുന്നു. ഹൈസ്‌ക്കൂള്‍ കാലം മുതല്‍ കലവറയിലെ കൂട്ടുകാരനായി സക്കീറുമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവം… പ്രാസംഗികന്‍, അഭിനേതാവ്, ഗായകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വടകരയില്‍ നിറ സാന്നിധ്യവുമായിരുന്ന ഇദ്ദേഹം കോളേജ് പഠനത്തിനു ശേഷം തന്റെ വഴി പാചകം തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് കൊച്ചിന്‍ ഐ ഐ എം എസില്‍ പ്രൊഫഷണല്‍ കുക്കറിയില്‍ ഡിപ്രോമയെടുത്ത ശേഷം വടകര മേഖലയിലെ ഒട്ടുമിക്ക പാചകക്കാരുടേയും സഹായിയായി നിന്ന അദ്ദേഹം കലവറയിലെ മാജിക്കുകളെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി.

കഴിഞ്ഞ 26 വര്‍ഷമായി കേരളത്തിലും വിദേശത്തും ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫായി ജോലി നോക്കുന്ന എം എ സക്കീര്‍ രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങളാണ് തീന്മേശയില്‍ ഒരുക്കുന്നത്. 2010ല്‍ വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സക്കീര്‍ ‘പരമ്പരാഗത വെപ്പുകാരന്‍’ എന്ന സങ്കല്‍പ്പത്തെ മാറ്റി മറിച്ചു കൊണ്ട് വടകരയില്‍ ആദ്യ പ്രൊഫഷണല്‍ കിച്ചണ്‍ കാറ്ററിംഗ് ‘കൊഹിനൂര്‍’ ആരംഭിച്ചു. ശേഷം വിവാഹം, കലോത്സവം തുടങ്ങി ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളിലും വടകരയിലെ മജീഷ്യന്‍ ഷെഫിന്റെ രുചിക്കൂട്ട് ഒരു തരംഗമായി മാറി.

ഒരു ഷെഫിന്റെ ജീവിതത്തിലെ ഒരു ദിവസം, ചേരുവകള്‍ തയ്യാറാക്കുന്നത് മുതല്‍ അടുക്കളയിലെ ജീവനക്കാരുടെ ഏകോപനവും, സമയബന്ധിതമായ ഓര്‍ഡര്‍ ഡെലിവറി ഉറപ്പാക്കുന്നും തുടങ്ങി ഒന്നിലധികം ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൂടിയാണ്. അത്തരത്തില്‍ ഒരു സംരംഭകന്‍ എന്ന നിലയിലും കലവറയിലെ പ്രധാനിയായും രുചിക്കൂട്ടുകളില്‍ മാസ്മരികത ഒരുക്കുകയാണ് സക്കീര്‍. സദ്യയും ബിരിയാണിയുമാണ് ഇവിടുത്തെ ‘മാസ്റ്റര്‍പീസെ’ങ്കിലും ഏത് ‘കോണ്ടിനന്റല്‍ ഡിഷു’കളും കൈപുണ്യത്തോടെ നല്‍കുന്നതാണ് സക്കീറിന്റെ കുക്കിങ് ഹൈലൈറ്റ്.

രുചിക്കൂട്ടുകളുടെ മാന്ത്രിക കലവറയായി സ്വന്തം പ്രദേശമായ കുട്ടോത്ത് സ്ഥാപിതമായ വലിയ പാചകപ്പുരയും കാറ്ററിംഗ് യൂണീറ്റും ഇന്ന് സക്കീറിന്റെ നേതൃത്വത്തില്‍ ഏവരുടേയും ആദ്യ ചോയ്‌സായി മുന്നേറുകയാണ്. ഭക്ഷണം തയ്യാറാക്കുക മാത്രമല്ല, ഏറ്റെടുത്തു നടത്തുന്ന ഏതൊരു ചടങ്ങിലും ഒരു പഴയ ‘നാട്ടുകാരണവരു’ടെ സ്ഥാനത്തെന്ന പോലെ എന്തിനും ഏതിനും സക്കീര്‍ ഉണ്ടാകും. ആ നിറ സാന്നിധ്യമാണ് വര്‍ക്ക് ഏല്‍പ്പിക്കുന്നവര്‍ക്ക് അദ്ദേഹത്തോടുള്ള വിശ്വാസത്തെ ആഴത്തിലാക്കുന്നതും.

കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങളില്‍ ഓണസദ്യ മുതല്‍ വിവിധ ചടങ്ങുകള്‍ക്ക് രുചിക്കൂട്ട് ഒരുക്കാനും ഈ ഷെഫ് റെഡിയാണ്. കൂടാതെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉപജില്ലാ പാചകത്തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കാനും, വിവിധ പാചക പരിപാടികളില്‍ വിധികര്‍ത്താവായും സക്കീറിനെ കാണാം. കൂടാതെ കുറ്റിയാടി മണ്ഡലം വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’യുടെ പാചകത്തൊഴിലാളികളുടെ പരിശീലകനായും, വടകര മുന്‍സിപ്പാലിറ്റി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ SPAC-യുടെ ഉച്ചഭക്ഷണ നിലവാര പരിശോധകനായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

പുതുതലമുറയെ ആഹാര സാക്ഷരതരാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനകം 200ഓളം ആഹാര സാക്ഷരതാ ക്ലാസുകളില്‍ സംസാരിച്ച ഇദ്ദേഹം തന്റെ പാചകത്തിലെയടക്കം തെറ്റായ രീതികളെ തുറന്നു കാട്ടുന്നു. ആസ്വദിച്ചു കഴിക്കുമ്പോഴല്ല, അതില്‍ നന്മയുടെ ചേരുവ കൂടി ചേര്‍ക്കുമ്പോഴാണ് രുചിയെന്ന് സക്കീര്‍ വിശ്വസിക്കുന്നു. ഈ ആശയം എല്ലാവരിലേക്കും എത്തിക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും അദ്ദേഹം പറയുന്നു.

ഭക്ഷണത്തോടുള്ള അഭിനിവേശം, സര്‍ഗാത്മകത എന്നിവയ്‌ക്കൊപ്പം പരീക്ഷണങ്ങളും കണ്ടെത്തലുകളുമെല്ലാം ഒരു ഷെഫിന്റെ കഴിവാണ്. എന്നാല്‍, ഒരു ഷെഫ് എന്ന നിലയില്‍ കരിയര്‍ അവിശ്വസനീയമാം വിധം പ്രതിഫലദായകമാകുന്നത് തന്റെ സ്വാദ് മനം നിറഞ്ഞ് ആസ്വദിച്ചു കഴിക്കുന്നവരെ കാണുമ്പോഴാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വൈവിധ്യമാര്‍ന്ന രുചിക്കൂട്ടിനൊപ്പം അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും കൂടി കൈമുതലായതോടെയാണ് എം എ സക്കീര്‍ എന്ന ഷെഫ് ഇന്ന് ഉയരങ്ങള്‍ തൊടുന്നത്.

Instagram : https://www.instagram.com/kohinoorkitchen1998/?igsh=M3NzaXVieDJ1aXZz
Facebook : https://www.facebook.com/sakkeersasneham?mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button