മെയ്ക്കപ്പ് എന്ന പ്രൊഫഷനെ പ്രണയിച്ചത് 15 വര്‍ഷത്തോളം; ഇന്നത് രജനി ബാബുവിന്റെ ജീവിതവിജയം
ജീവിതത്തില്‍ നേടണം എന്ന് ആഗ്രഹിക്കുന്ന എന്തിനേയും സ്വന്തമാക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ; കഠിനാധ്വാനം. മേക്കപ്പ് എന്ന പ്രൊഫഷനെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് അതിനെ തന്റെ ജീവവായുവായി കണ്ടു, അതിനെ പ്രണയിച്ച് ഒരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി എടുത്ത് നമുക്കു മുന്നില്‍ തന്റെ സംരംഭം എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത പെണ്‍കരുത്തിന്റെ പ്രതീകമാണ് രജനി ബാബു എന്ന വനിത…
രജനി ബാബുവിന്റെ വിശേഷങ്ങളിലൂടെ…
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് രജനി ബാബു. ഇപ്പോള്‍ കോട്ടയത്താണ് താമസം. കഴിഞ്ഞ 22 വര്‍ഷമായി തന്റെ പ്രൊഫഷനില്‍ നിറസാന്നിധ്യമാണ് ഈ സംരംഭക. കതിര്‍മണ്ഡപത്തിലേക്ക് ജീവിത സ്വപ്നങ്ങളുമായി കയറുന്ന ഓരോ നവവധുവിനെയും സ്വന്തം കൈകള്‍ കൊണ്ട് മനോഹരികളാക്കി മാറ്റുന്നതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തു്ന്ന വ്യക്തിയാണ് രജനി.
2008 ജനുവരി 1 നാണ് സ്വന്തം വീടിനോട് ചേര്‍ന്ന് ഒരു ബ്യൂട്ടി പാര്‍ലറിന് രജനി തുടക്കമിട്ടത്. ആരംഭം ചെറിയ തോതിലായിരുന്നു. പിന്നീട് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും കരുതലും സ്നേഹവും അതിനെ ഉന്നതിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിച്ചു. ബ്രൈഡല്‍ മെയ്ക്കപ്പുകള്‍ (എച്ച് ഡി മെയ്ക്കപ്പ്, സിമ്പിള്‍ മെയ്ക്കപ്പ്) പലതരം ഹെയര്‍ ട്രീറ്റ്മെന്റുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബ്യൂട്ടി ട്രീറ്റ്മെന്റുകള്‍ തുടങ്ങിയവയെല്ലാം ഇന്ന് ചെയ്തു നല്‍കുന്നുണ്ട്.
1500ല്‍ പരം ബ്രൈഡല്‍ മെയ്ക്കപ്പുകള്‍ ഇതിനോടകം ചെയ്തുകഴിഞ്ഞ രജനി അത് തന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി തന്നെ നോക്കിക്കാണുന്നു. പ്രൊഫഷനോടുള്ള ആത്മബന്ധം കൊണ്ടാവാം തൊട്ടതെല്ലാം പൊന്നാക്കി മുന്നോട്ടുപോകാനും തന്റെ പ്രൊഫഷനില്‍ വിജയം കൈവരിക്കാനും ഈ വനിതാ സംരംഭകയ്ക്ക് കഴിഞ്ഞത്.
ഓരോ ബ്രൈഡല്‍ മെയ്ക്കപ്പുകള്ക്കും അവരുടെ സാഹചര്യം കൂടി മനസ്സിലാക്കി കൊണ്ടാണ് ഫീസ് ഈടാക്കാറുള്ളത്. സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ ആയാലും പാവപ്പെട്ടവര്‍ ആയാലും എല്ലാ ജീവിത സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന പെണ്‍കുട്ടികളെ അണിയിച്ചൊരുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കാശുള്ളവര്‍ മാത്രം അണിഞ്ഞൊരുങ്ങിയാല്‍ പോരാ, അല്ലാത്തവരും ഒരുങ്ങണം…സുന്ദരികളാകണം എന്നതാണ് രജനിയുടെ ചിന്താഗതി. സാമ്പത്തിക പ്രശ്നം നേരിടുന്നവരെ സ്വന്തം മനസാക്ഷിക്ക് പാകമായ രീതിയില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട് ഈ വനിത.
രജനി ബാബുവിന്റെ ജീവിതത്തില്‍ പടിപടിയായുള്ള ഉയര്‍ച്ചയുടെ കാരണം അവരുടെ നിസ്വാര്‍ത്ഥമായ സമീപനം തന്നെയാണ്. ”ഇന്ന് എന്റെ കുടുംബം സാമ്പത്തികമായി നല്ല രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. എന്റെ ജീവിതം സന്തോഷ പൂര്‍ണമാണ്”, എന്നാണ് രജനി പറയുന്നത്.
സ്ത്രീകള്‍ക്ക് മെയ്ക്കപ്പ് എന്ന പ്രൊഫഷന് നല്ലൊരു ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ മാനസിക സമ്മര്‍ദ്ദങ്ങളോ, ശാരീരിക ചൂഷണങ്ങളോ നേരിടേണ്ടി വരില്ല. നവവധുവിനെയും സൗന്ദര്യ സംരക്ഷകരെയും മനസ്സു കൊണ്ടാണ് ഇവര്‍ സ്വീകരിക്കുന്നത്. ഓരോ പെണ്‍കുട്ടികളുടെയും വിവാഹ സ്വപ്നങ്ങള്‍ക്ക് നിറം പകരുമ്പോള്‍ കണ്ണും മനസ്സുമാണ് നിറയുന്നത്. ചെയ്യുന്ന ജോലി എന്തുമായിക്കൊള്ളട്ടെ, അതില്‍ കൃത്യതയും വൃത്തിയും വ്യക്തതയുമുണ്ടെങ്കില്‍ സ്വന്തം ഭാവിയെ അവിടെ ഊട്ടിയുറപ്പിക്കാം എന്ന പാഠമാണ് രജനി ബാബു സ്വന്തം ജീവിതം കൊണ്ട് ഓരോ വനിതകള്‍ക്കും കാട്ടിത്തരുന്നത്.