വില വാങ്ങാതെ സ്‌നേഹം വില്‍ക്കപ്പെടും…! ‘സ്വപ്‌നക്കൂട്’ ഒരു സ്‌നേഹക്കൂട്…

അകാലത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക്, എന്തൊക്കെ ചെയ്താല്‍ തന്നെ മൂടിയ മഞ്ഞില്‍ നിന്ന് പുറത്ത് വരാന്‍ കഴിയും? മാവേലിക്കര മാന്നാര്‍ സ്വദേശിയായ ഈ അമ്മ ചെയ്തത് തങ്ങളുടേതല്ലാത്ത കാരണത്താല്‍ തെരുവിലാക്കപ്പെട്ട കുറച്ചേറെ മനുഷ്യരെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ്. സ്വന്തം മുറിവുകളെ ഉണക്കാന്‍ മറ്റുള്ളവര്‍ക്ക് ഏറ്റ മുറിവുകള്‍ ഉണക്കുക എന്ന വ്യത്യസ്ത മാര്‍ഗം കണ്ടെത്തിയ ഈ അമ്മ പതിനാലുവര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിച്ച ‘സ്വപ്‌നക്കൂട്’ എന്ന സ്ഥാപനമാണ് ഡോ. രമണി നായര്‍ എന്ന നാടറിയുന്ന സാമൂഹ്യ പ്രവര്‍ത്തകയെ ഉരുവാക്കിയത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മുളക്കുഴ എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു വളര്‍ന്ന രമണി നായര്‍, മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവിഭാഗ മേഖലയില്‍ സ്‌കൂള്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് മകന്റെ മരണവാര്‍ത്ത തേടിയെത്തുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തോടെ അന്യസംസ്ഥാനത്തെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഡോ. രമണി പിന്നീട് ആലോചിച്ചതും അന്വേഷിച്ചതും തന്നെ ചൂഴ്ന്നു നില്‍ക്കുന്ന ഏകാന്തതയെയും വിഷാദത്തെയും എങ്ങനെ മറികടക്കാം എന്നതായിരുന്നു.

സ്വദേശത്തു മടങ്ങിയെത്തി മറ്റൊരു ജോലിയില്‍ പ്രവേശിച്ച ഡോ. രമണി, സമീപപ്രദേശത്ത് പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന കൊച്ചു കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അത്യാവശ്യ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നതിലൂടെയാണ്, ഇനി തന്റെ നിയോഗം സാമൂഹിക സേവനമാണെന്ന് തിരിച്ചറിഞ്ഞത്. സാമൂഹിക പ്രവര്‍ത്തകനായ പി. ബി. ഹാരിസിനെ ആ കാലത്ത് അവിചാരിതമായി പരിചയപ്പെട്ടത് ആ തിരിച്ചറിവിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കൃത്യമായി പറഞ്ഞു തരാന്‍ ഒരു വഴികാട്ടിയെ കിട്ടുക എന്നതിന് സമാനമായിരുന്നു. അധ്യാപന കാലഘട്ടത്തില്‍ പഠിച്ചതും പഠിപ്പിച്ചതുമായ ധാര്‍മികതയും സാമൂഹിക മൂല്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ തനിക്ക് മുന്നില്‍ കിട്ടിയ അവസരം ഏറ്റവും അര്‍ഹരായവര്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച ഇടത്തുനിന്ന് സ്വപ്‌നക്കൂട് എന്ന സ്‌നേഹാഭയകേന്ദ്രത്തിന് ഉദയമായി.
ജീവിതത്തില്‍ തീര്‍ത്തും തനിച്ചാക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, വയോജനങ്ങളെയാണ് ഡോ. രമണി ‘സ്വപ്‌നക്കൂട്ടി’ലേക്ക് കൂടെ കൂട്ടിയത്. ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ സ്വപ്‌നക്കൂട് എന്ന കൊച്ചുകുടുംബത്തില്‍ പന്ത്രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ പതിനാലാം വര്‍ഷത്തില്‍ അത് എഴുപത് കടന്നിരിക്കുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന മൂന്ന് പാര്‍പ്പിടങ്ങളിലായാണ് ഡോ. രമണി സ്വപ്‌നക്കൂടിനെ നടത്തിക്കൊണ്ടുപോകുന്നത്. ജീവിത സായാഹ്നത്തില്‍ തനിച്ചായിപ്പോയ ഒരുകൂട്ടം അമ്മമാരുടെ സ്വന്തം മകളാണ് ഇന്ന് ഡോ. രമണി നായര്‍. അവരെ കേട്ടും പരിചരിച്ചും സംരക്ഷിച്ചും അവര്‍ക്കുവേണ്ടി തന്റെ സമയവും ആരോഗ്യവും ഉഴിഞ്ഞുവച്ചും അവരെ സ്വന്തമായി കണ്ടു പരിചരിക്കുകയാണ് ഈ ടീച്ചറമ്മ… !

തെരുവില്‍ നിന്ന് കണ്ടെടുക്കുന്നവരും മക്കള്‍ കൊണ്ടേല്‍പ്പിച്ചു പോരുന്നവരുമടക്കമുള്ള അമ്മമാരുണ്ട് ആ കൂട്ടത്തില്‍. പരിഭവങ്ങളേതുമില്ലാതെ അവരെയെല്ലാം മികച്ച ശാരീരിക-മാനസിക ആരോഗ്യ പരിരക്ഷ നല്‍കി സംരക്ഷിച്ചു പോരുമ്പോഴും ഇതിന് തക്കതായ സാമ്പത്തിക ഭദ്രത ഇപ്പോഴും സ്വപ്‌നക്കൂടിന് സ്വന്തമല്ല. സ്വന്തമായി ഭൂമിയോ, അതിലൊരു കെട്ടിടമോ ഇപ്പോഴും സ്വപ്‌നക്കൂടിനില്ല. പതിനഞ്ചു വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച സമ്പാദ്യവും, തികയാതെ വന്നപ്പോള്‍ കയ്യില്‍ ആകെയുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റുകിട്ടിയ തുകയും ചേര്‍ത്ത് പതിനാല് വര്‍ഷം മുന്‍പ് സ്വപ്‌നക്കൂട് ആരംഭിക്കുമ്പോള്‍ നേരിട്ട അതേ സാമ്പത്തിക അരക്ഷിതാവസ്ഥ ഇപ്പോഴും ഡോ. രമണിക്കുണ്ട്.
എച്ച്ഡിഎഫ്‌സി യിലെ ജോലിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മുഴുവനും ഡോ. രമണി സ്വപ്‌നക്കൂടിനു വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പോലും താന്‍ സംരക്ഷിക്കുന്ന അമ്മമാരുടെ കാര്യത്തില്‍ യാതൊരു വീഴ്ചയും സംഭവിക്കരുത് എന്ന ദൃഢനിശ്ചയമാകാം; ഓരോ തവണയും സഹൃദയരായ ആളുകളുടെ സമയബന്ധിതമായ ഇടപെടലുകളും സംഭാവനകളും സ്വപ്‌നക്കൂടിനെ വീഴാതെ താങ്ങി നിര്‍ത്തുന്നുണ്ട്.

വയോജനങ്ങളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ നിലവില്‍ ഉണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങള്‍ ഒന്നും തന്നെ ഇതുവരെ സ്വപ്‌നക്കൂടിന് ലഭിച്ചിട്ടില്ല എന്ന് ഡോ. രമണി പറയുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതു നിമിഷവും കുടിയൊഴിപ്പിച്ചേക്കാം എന്ന ഭീഷണിയും തലയ്ക്കു മുകളിലുണ്ട് എന്നതും സ്വപ്‌നക്കൂട് നേരിടുന്ന വലിയ ആശങ്കകളില്‍ ഒന്നാണ്. ഒന്നിനുമേല്‍ ഒന്നായി ഒട്ടേറെ അരക്ഷിതാവസ്ഥകളെ നേരിടേണ്ടി വരുമ്പോഴും സ്വപ്‌നക്കൂട് എന്ന സ്‌നേഹ ഭവനത്തെയോ താന്‍ സംരക്ഷിക്കുന്ന അമ്മമാരെയോ വിട്ടുകൊടുക്കാന്‍ ഡോ. രമണി നായര്‍ ഒരുക്കമല്ല.
പ്രതിഫലേച്ഛയില്ലാത്ത പ്രയത്‌നത്തിനുള്ള അനുമോദനം എന്ന നിലയില്‍ ഡോക്ടറേറ്റ്, അയണ്‍ ലേഡി എന്നിവ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ രമണി നായരെ തേടിയെത്തി. 2024 – 25 കാലഘട്ടത്തില്‍ മാത്രം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും ലോക വനിതാചരണ പുരസ്‌കാരം, ജനമിത്ര പുരസ്‌കാരം, കേരളീയ വനിതാ പുരസ്‌കാരം, വിശ്വരത്‌ന ഇന്റര്‍നാഷണല്‍ യൂണിറ്റി അവാര്‍ഡ് (പൂനെ), കാരുണ്യ ജ്യോതി പുരസ്‌കാരം (ബോംബെ), ബെസ്റ്റ് സോഷ്യല്‍ വര്‍ക്ക് ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്, സ്വരാജ് പുരസ്‌കാരം, രവീന്ദ്രനാഥ് ടാഗോര്‍ കര്‍മ്മ പുരസ്‌കാരം എന്നിങ്ങനെ വിവിധ നേട്ടങ്ങളാണ് ഡോ: രമണി നായര്‍ക്കും സ്വപ്‌നക്കൂടിനും ലഭിച്ചത്.

ഇപ്പോഴും പാര്‍ശ്വവത്കൃത സമൂഹമായി തുടരുന്ന ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് നല്‍കുവാനായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന ‘ഗോത്രസഞ്ചലനം’ എന്ന പദ്ധതിക്കും ഡോ. രമണി നായര്‍ നേതൃത്വം നല്‍കുന്നുണ്ട്. നിലവില്‍ ഇരുപത്തിയേഴോളം കുട്ടികള്‍ക്ക് പഠനസഹായവും ആവശ്യമായ മറ്റു സാമ്പത്തിക സഹായവും തന്നാല്‍ കഴിയും വിധം മുടക്കം ഇല്ലാതെ നല്‍കാന്‍ ഡോ. രമണി ശ്രമിക്കുന്നുണ്ട്.
ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളോട് പടവെട്ടിയാണ് ഡോ. രമണി സ്വപ്‌നക്കൂടിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. രണ്ടു വര്‍ഷം മുന്‍പ് സ്‌ട്രോക്ക് വന്നപ്പോഴും ഇപ്പോള്‍ അര്‍ബുദത്തോട് മല്ലിടുമ്പോഴും തന്റെ ആരോഗ്യത്തേക്കാളേറെ ഡോ: രമണിയെ ആശങ്കപ്പെടുത്തുന്നത് സ്വപ്‌നക്കൂടിന്റെ ഭാവിയാണ്. സ്വന്തമായി അടച്ചുറപ്പുള്ള ഒരു കെട്ടിടം എന്ന സ്വപ്‌നം എത്രയും പെട്ടെന്ന് സത്യമാക്കാനുള്ള തത്രപ്പാടുകള്‍ക്ക് നടുവിലും പക്ഷേ ഡോ: രമണി ചിരിക്കാന്‍ മറക്കാറില്ല. മറികടക്കേണ്ട കടമ്പകള്‍ക്ക് മുന്നില്‍ ഒരു പുഞ്ചിരിയോടെ തന്റെ ശുഭാപ്തി വിശ്വാസത്തെ മുറുകെപ്പിടിച്ച് സ്വപ്‌നക്കൂട് എന്ന സ്‌നേഹത്തണലുമായി മുന്നോട്ടു പോവുകയാണ് ഡോ: രമണി നായര്‍ എന്ന ടീച്ചറമ്മ…!



