EntreprenuershipSuccess Story

മണ്ണറിഞ്ഞ്, മനസ്സ് നിറഞ്ഞ്, മൂല്യം വിളിച്ചു പറഞ്ഞ് ലിപിന്റെ ജൈത്രയാത്ര…

ലയ രാജന്‍

സാധാരണ ഗതിയില്‍ പഠനവും കൂട്ടുകാരുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന ഒരു പത്തൊന്‍പതുകാരന്‍ ഇടക്കാലത്ത് തലയിലുദിച്ച ഒരു തോന്നല്‍ കൊണ്ട് കൃഷിയിലേക്ക് തിരിയുന്നു; പിന്നീട് കൃഷിയോടുള്ള ഇഷ്ടം കൊണ്ട് അതില്‍ തന്നെ തുടരുന്നു. ഒട്ടും പുതുമയില്ലാത്തൊരു തുടക്കത്തില്‍ നിന്ന് പാലക്കാട് സ്വദേശി ലിപിന്‍ നേടിയെടുത്തത് ജൈവ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉത്പന്ന വിപണിയില്‍ തന്റെതായൊരു സ്ഥാനമാണ്. ഹെല്‍ത്ത്‌നെസ്റ്റ് എന്ന തന്റെ സംരംഭത്തിലൂടെ, ഇഷ്ടങ്ങളെ വരുമാനമാക്കുന്ന മായാജാലം പ്രാവര്‍ത്തികമാക്കുകയാണ് ലിപിന്‍.

കഴിക്കുന്ന ഭക്ഷണം മായമില്ലാത്തതാവണമെന്ന നിര്‍ബന്ധത്തിന്മേലും കാര്‍ഷിക മേഖലയിലെ അധ്വാനത്തിനൊപ്പിച്ച വരുമാനം പലപ്പോഴും അന്യമാകുന്നുവെന്ന തിരിച്ചറിവിന് പുറത്തുമാണ് മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് ലിപിന്‍ തിരിയുന്നത്. കൃത്രിമ പദാര്‍ഥങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ മുന്‍കാലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. അതേ നൈസര്‍ഗിക മാര്‍ഗ്ഗങ്ങളാണ് ലിപിനും പിന്തുടരുന്നത്. ഭക്ഷ്യ വസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാന്‍ രാസപദാര്‍ഥങ്ങളുടെ യാതൊരു ആവശ്യവുമില്ല; മറിച്ച് ഈര്‍പ്പത്തോട് സമ്പര്‍ക്കം വരാതെ ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നാണ് ലിപിന്റെ പക്ഷം.

ആറുമാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കു ഉള്‍പ്പടെ ഉപയോഗിക്കാവുന്ന മരച്ചക്കിലാട്ടിയ പലതരം എണ്ണകള്‍ മുതല്‍ രക്തശാലി, ഞവര തുടങ്ങിയ വിവിധയിനം അരികള്‍, ചാമ, റാഗി തുടങ്ങിയ ധാന്യങ്ങള്‍, മസാലപ്പൊടികള്‍ മുതലായവയാണ് പ്രധാനമായും ഹെല്‍ത്ത്‌നെസ്റ്റ് മാര്‍ക്കറ്റിലെത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍, ഗുണമേന്മയില്‍ തീര്‍ത്തും വിട്ടുവീഴ്ച്ച ചെയ്യാതെയാണ് ഹെല്‍ത്ത്‌നെസ്റ്റിന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി ഹെല്‍ത്ത്‌നെസ്റ്റ് വിപണിയില്‍ സജീവമാണ്. സ്വന്തം കൃഷിസ്ഥലത്തും പോരാതെ വരുന്ന സ്ഥലം പാട്ടത്തിനെടുത്തുമാണ് ലിപിന്‍ കൃഷി ചെയ്യുന്നത്. ഓരോ പ്രദേശത്തെയും മനസ്സിലാക്കി അതിനനുസരിച്ചു മാത്രം കൃഷി മുന്നോട്ട് കൊണ്ടുപോകുന്ന രീതിയാണ് ലിപിന്റേത്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളൊക്കെയും സ്വയം ഉത്പാദിപ്പിക്കുകയാണ് ഇവിടുത്തെ രീതി. വിളകള്‍, പ്രോസസ്സിംഗ് യൂണിറ്റില്‍ വച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റും. തുടര്‍ന്ന് അവ മാര്‍ക്കറ്റിലേക്ക്.

ഗുണമേന്മയുള്ള ഉത്പന്നങ്ങളാണെങ്കില്‍, അവ തന്നെ സ്വയം പരസ്യം ചെയ്തുകൊള്ളുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ലിപിന്‍ പറയുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനു പുറമേ ഹെല്‍ത്ത്‌നെസ്റ്റിനുള്ളത് സംതൃപ്തരായ ഉപഭോക്താക്കളുടെ ശുപാര്‍ശകളാണ്. വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം പേജ് മുതലായവ വഴി ഓണ്‍ലൈന്‍ ആയും നേരിട്ടും ഹെല്‍ത്ത്‌നെസ്റ്റിന്റെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാം. ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ഇടനിലക്കാരില്ല എന്നതാണ് ഹെല്‍ത്ത്‌നെസ്റ്റിന്റെ മറ്റൊരു പ്രത്യേകത.

ഭാവിയില്‍ വിദേശ രാജ്യങ്ങളിലേക്ക് കൂടി ഹെല്‍ത്ത്‌നെസ്റ്റിന്റെ ഉത്പന്നങ്ങള്‍ ലഭ്യാക്കുന്നതിനു വേണ്ട പരിശ്രമത്തിലാണ് ലിപിന്‍. നിലവില്‍ നാട്ടില്‍ വന്നുപോകുന്ന ആളുകളില്‍ നിന്ന് മാത്രം അന്യരാജ്യങ്ങളില്‍ ലഭ്യമാകുന്ന ഉത്പന്നം എന്നതില്‍ നിന്ന് വിദേശ രാജ്യങ്ങളിലും പ്രചാരമുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്ന നിലയിലേക്ക് കമ്പനി വളര്‍ത്തുക എന്നതാണ് ലിപിന്റെ ആഗ്രഹം.

തന്റെ സംരംഭത്തിലൂടെ, കൂടുതല്‍ കര്‍ഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരെ സംരംഭത്വത്തിലേക്ക് നയിക്കുക അതുവഴി അവരുടെ സാമൂഹിക നില മെച്ചപ്പെടുത്തുക എന്നതാണ് നിലവില്‍ ലിപിന്റെ ലക്ഷ്യം.

വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് കൃഷിക്ക് പിന്നാലെ പോകുന്നതില്‍ കുടുംബത്തില്‍ നിന്ന് പിന്തുണയുണ്ടായിരുന്നില്ല എന്ന് എം.ബി.എ ബിരുദധാരിയായ ലിപിന്‍ ഇന്നൊരു ചിരിയോടെ ഓര്‍മിക്കുന്നു. കാരണം ഇന്ന് അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം തന്നെയാണ് ലിപിന്റെ ഏറ്റവും വലിയ പിന്തുണ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button