എല്‍ഐസി ഓഹരികള്‍ വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ അനുമതി ; പൊതുജനങ്ങള്‍ക്ക് വാങ്ങാം
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ വില്ക്കാന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്കി. സര്‍ക്കാര്‍ ഓഹരികളാണ് പ്രാഥമിക പബ്ലിക് ഓഫറിങ് അഥവ ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്.
എല്‍ഐസിയുടെ ഓഹരികള്‍ വില്ക്കാന് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് സാമ്പത്തികകാര്യ സമിതിയുടെ അനുമതി.
എന്നാല്‍ എത്ര ശതമാനം ഓഹരികളാണ് വില്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. കോവിഡ് വ്യാപനംമൂലം നീണ്ടുപോയ ഓഹരി വില്‍പ്പന ഇനി അതിവേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുററിന്റെ ഐപിഒയുടെ വലുപ്പവും സര്‍ക്കാരിന്റെ ഓഹരി ദുര്‍ബലപ്പെടുത്തുന്നതിന്റെ വ്യാപ്തിയും ചര്‍ച്ച ചെയ്ത സമിതി കഴിഞ്ഞയാഴ്ചയാണ് എല്‍ഐസി ഐപിഒയ്ക്ക് അനുമതി നല്‍കിയത്. ഐപിഒ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.