ആത്മവിശ്വാസത്തോടെ ഇനി സംരംഭം ആരംഭിക്കാം; ‘ആരംഭത്തിലൂടെ’
പുത്തന്‍ സംരംഭകരുടെ ആശയങ്ങളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷ. പക്ഷേ ബിസിനസ്സിലെ നിരന്തരം മാറുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് വേണ്ടവിധത്തില്‍ ആസൂത്രണം ചെയ്യാത്തതിനാല്‍ നിരവധി നൂതന സംരംഭങ്ങള്‍ ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നു.
പരമ്പരാഗതമായ രീതികള്‍ മാത്രം പിന്തുടരുകയും ഓണ്‍ലൈന്‍ ബിസിനസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പോലുള്ള നൂതന മാര്‍ഗങ്ങളെ പരിജ്ഞാനക്കുറവ് നിമിത്തം ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ന് ബിസിനസ്സില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. അതിനാല്‍ ബിസിനസ്സില്‍ സമ്പൂര്‍ണമായ സാക്ഷരത നല്കുന്ന ഹ്രസ്വകാല പരിശീലനം സംരംഭകര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്.
മാറിയ കാലത്തിനൊപ്പം സഞ്ചരിച്ച്, പുത്തന്‍ സാങ്കേതിക വിദ്യയെ ആയുധമാക്കി താന്‍ സ്വപ്നം കണ്ട സംരംഭത്തിന്റെ വിജയത്തിന് ഏതൊരാളെയും പ്രാപ്തമാക്കാന്‍, ‘ആരംഭം’ എന്നൊരു ‘ഏകദിന ശില്പശാല’ യിലൂടെ ശ്രമിക്കുകയാണ് യുവ സംരംഭകനും ബിസിനസ്സ് കണ്‍സള്‍ട്ടന്റുമായ ജസ്റ്റിന് ജോസ്.
ഒരു നവാഗത സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസ്സിന് ആവശ്യമായ സേവനദാതാക്കളെയെല്ലാം ഓരോരുത്തരെയായി സമീപിക്കുക, വളര്‍ച്ചക്ക് അനിവാര്യമായ കാര്യങ്ങളെ ഓരോന്നായി പഠിക്കുക, എന്നതൊക്കെ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍, ബാങ്ക് പ്രതിനിധികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരോടൊക്കെ നേരിട്ട് സംവദിക്കുന്നതുള്പ്പെടെ ഒരു തുടക്കക്കാരനുവേണ്ട എല്ലാ സേവനങ്ങളും ഒറ്റ ദിവസം കൊണ്ട് ലഭ്യമായാലോ? അതെ, സ്വന്തം സംരംഭം എന്ന സ്വപ്നത്തിന് ചിറകേകാന്‍ ഇറങ്ങിയ ഒരു ജനതയ്ക്ക് അവന്റെ എല്ലാ സംശയങ്ങള്‍ക്കും ‘ഒറ്റ ദിനം’ കൊണ്ട് ഉത്തരം നല്കുന്ന പരിശീലന പദ്ധതിയാണ് ‘ലീഫ് ബസാര്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ജസ്റ്റിന് ജോസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘ആരംഭം’ എന്ന ഏകദിന സംരംഭകത്വ ശില്പശാല’.
ആയുര്‍വേദ മരുന്നുകളുടെ വിതരണം, ഭക്ഷ്യോത്പന്നങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങി നിരവധി സെക്ഷനുകളുള്ള ലീഫ് ബസാര്‍ എന്റര്‍പ്രൈസസിന്റെ പ്രധാന വിഭാഗമായ ‘ഡിജി ക്യു’ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനങ്ങളാണ് ആരംഭം പോലൊരു പദ്ധതിയിലേക്ക് നയിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സോഫ്റ്റ്വെയര് നിര്‍മിച്ചുനല്‍കുന്ന സേവനമാണ് ഡിജി ക്യു ചെയ്തു വരുന്നത്.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഡിജി ക്യു കേരള വ്യവസായവകുപ്പുമായി ചേര്‍ന്നുകൊണ്ട് സംരംഭകര്‍ക്കായുള്ള പരിശീലനം നല്‍കിവരികയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെ ഒരു ബിസിനസിന്റ എല്ലാ സാങ്കേതികവശങ്ങളും കൈകാര്യം ചെയ്യുന്ന ഈ പരിശീലന ക്ലാസ്സിന്റെ അവതരണശൈലിയും അറിവിന്റെ സാധ്യതയും തിരിച്ചറിഞ്ഞ് ധാരാളം പേര് കുറച്ചുകൂടി ദൈര്‍ഘ്യമേറിയ ക്ലാസ്സിനായി നിരന്തരം ആവശ്യപ്പെട്ടതിനാല്‍ ട്രെയിനര്‍ കൂടിയായ ജസ്റ്റിന് ജോസിന്റെ സംഘാടനത്തില്‍ ഒരു ‘മുഴുവന്‍ ദിവസ’ പരിശീലന ക്ലാസ്സ് എന്ന നിലക്ക്, ‘ആരംഭം ഏകദിന സംരംഭകത്വ ശില്പശാല’ തുടങ്ങുകയായിരുന്നു.
മുന്നോട്ടുപോകുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള വീഴ്ചകളെ മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ ഏതൊരു പുതിയ സംരംഭവും നിലനില്ക്കും. ആരംഭത്തിന്റെ എല്ലാ സെഷനുകളും ബിസിനസ്സിലെ ലാഭനഷ്ട സാധ്യതകളെ വിശദീകരിച്ച്, അവയെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ ബിസിനസിന്റെയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെയും സാധ്യതയെ പ്രയോഗിക്കേണ്ടതെങ്ങനെയെന്നുമുള്ള കൃത്യമായ പരിശീലനം നല്‍കുന്നുണ്ട്.
സംരംഭകര്‍ക്കായി ഇന്ന് ധാരാളം മോട്ടിവേഷന്‍ ക്ലാസുകളുണ്ടെങ്കിലും അവരുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്കുന്ന തരത്തിലുള്ളവ വിരളമാണെന്നുതന്നെ പറയാം. സാമ്പത്തിക മേഖലകളിലെ വിദഗ്ധര്‍ക്കു പുറമെ മെഷീന് കമ്പനി പ്രതിനിധികള്‍, ബില്ലിംഗ് സോഫ്റ്റ്വെയര് പ്രതിനിധികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ അവസരമൊരുക്കിക്കൊണ്ട് ആരംഭം മേല്പറഞ്ഞ വിടവ് നികത്തുന്നു.
രാവിലെ 10 മുതല്‍ 5 വരെ നീളുന്ന സെഷനില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങിലൂടെ ഉത്പന്നം എങ്ങനെ മികച്ച ബ്രാന്‍ഡ് ആക്കാമെന്നും Flipkart, മീശോ, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ച് ഇന്ത്യയിലുടനീളം എങ്ങനെ ബിസിനസ് എത്തിക്കാമെന്നും പരിചയസമ്പന്നരായ ടീം ട്രെയിനിങ് നല്കുന്നു. സംരംഭം ആരംഭിക്കുമ്പോഴുള്ള നൂലാമാലകളെ സുഗമമാക്കാന്‍ രജിസ്ട്രേഷന് സര്‍വീസ് ചെയ്യുന്ന കമ്പനികളുടെ സേവനങ്ങളും സ്വന്തമായി ലോഗോ ക്രമീകരിക്കുന്നതിനുള്ള സഹായവും ഒക്കെ ഒരു ഏകദിന ശില്പശാലയിലൂടെ ലഭിക്കും എന്ന സാധ്യതയാണ് നിരവധി സംരംഭകര്‍ ആരംഭത്തിലൂടെ വളരാന്‍ കാരണമായത്.
ആരംഭം സംരംഭകര്‍ക്ക് സ്ഥിരമായ ഒരു കൈത്താങ്ങാണ്. കാരണം ഒരുദിന പരിശീലനത്തിനു ശേഷവും എല്ലാ സഹായത്തിനും ഒപ്പമുണ്ടാവുകയും കൂടാതെ ‘ഡിജി ക്യു’ സോഫ്റ്റ്വെയര് സൊല്യൂഷന്‍സിലൂടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വെബ്സൈറ്റ്, ആപ്പുകള്‍ എന്നിവ വികസിപ്പിച്ചു നല്‍കുകയും ചെയ്യുന്നു. ഇതോടൊപ്പം അവരുടെ ബ്രാന്‍ഡിനെ പരമാവധി പ്രമോട്ട് ചെയ്യുകയും ഒപ്പം ബിസിനസ്സ് സംബന്ധമായ മാര്‍ക്കറ്റിങ്, സ്ട്രക്ച്ചറിങ് ട്രെയിനിങ് എന്നിവയും പ്രദാനം ചെയുന്നു.
ഇന്നത്തെ മത്സര ലോകത്ത് പകച്ചു നിലക്കുന്ന സംരംഭകരോടൊപ്പം മേല്പറഞ്ഞ സേവനനങ്ങളുമായി എപ്പോഴും കൂടെനില്ക്കാന് ‘ആരംഭം’ ടീം സന്നദ്ധരാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി തങ്ങളുടെ സംരംഭക വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് സ്റ്റാര്‍ ഹോട്ടലുകളാണ് ഈ ഏകദിന ശില്പശാലക്ക് സ്ഥിരം വേദിയാകുന്നത്. പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ ആരംഭത്തിന്റെ വെബ്സൈറ്റ് വഴിയോ ഫോണ്‍ മുഖേനയോ ബുക്ക് ചെയ്യാവുന്നതാണ്.
ഒരു ഏകദിന ശില്പശാലയിലൂടെ നേടിയ ആത്മവിശ്വാസത്തിന്റെ കരുത്തോടെ പുത്തന്‍ സംരംഭകരെ തയ്യാറാക്കുക എന്നതാണ് ആരംഭം നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്കുന്ന സംഭാവന.