EntreprenuershipSuccess Story

മനസ്സ് തുറക്കാം… മാനസികാരോഗ്യ പ്രശ്‌നങ്ങളെ ക്ഷമയോടെ കേള്‍ക്കാന്‍ NEYA PSYCHIATRIC CLINIC

സഹ്യന്‍ ആര്‍.

” Leave behind the stigma towards mental health. Embrace receptivity, share your feelings with the ‘caring concierge’ of mind”

ആധുനിക സമൂഹം എല്ലാത്തിനെയും തുറന്ന സമീപനത്തോടെ സ്വീകരിക്കുന്നു എന്ന് പറയുമ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നു കേട്ടാല്‍ നെറ്റിചുളിക്കുന്നവരാണ് നമുക്കുചുറ്റും. ഊളമ്പാറയും കുതിരവട്ടവുമൊക്കെ ചിലപ്പോഴെങ്കിലും പരിഹാസത്തിന്റെ പ്രതിപാദ്യങ്ങളാകുമ്പോള്‍ മാനസികാരോഗ്യം, സൈക്കാട്രി ഇവയൊക്കെ മുഖ്യധാരാ ചര്‍ച്ചാ വിഷയങ്ങളില്‍ നിന്നും ‘ഭ്രാന്തിന്റെ കോളത്തില്‍’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്നു. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ മുന്‍വിധികളില്ലാതെ വളരെ ക്ഷമയോടെ കേട്ടുകൊണ്ട് സൈക്യാട്രിയോടുള്ള സമൂഹത്തിന്റെ ‘സ്റ്റിഗ്മ’യെ മാറ്റിയെടുക്കുന്ന സാമൂഹ്യപരിഷ്‌കരണമാണ് സൈക്യാട്രിസ്റ്റായ ഡോക്ടര്‍ പ്രിയ ആര്‍. നായര്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘NEYA PSYCHIATRIC CLINIC’ എന്ന സ്ഥാപനത്തിലൂടെ ചെയ്തുവരുന്നത്.

ടി കെ ആര്‍ നായര്‍ – ഓമന കുഞ്ഞമ്മ ദമ്പതികളുടെ മകളായ ഡോ. പ്രിയ ആര്‍. നായര്‍ മാനസികാരോഗ്യത്തില്‍ എപ്പോഴും ആകാംക്ഷയും താത്പര്യവും പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അവിടുത്തെ ഒരു കണ്‍സള്‍ട്ടന്റാണ് ഇന്ത്യയില്‍ വുമണ്‍ സൈക്കാട്രിസ്റ്റുകള്‍ വിരളമായതിനാല്‍ അതില്‍ ‘സ്‌പെഷ്യലൈസ്’ ചെയ്യുന്നത് നല്ലതാണെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. പൊതുവേ താത്പര്യമുള്ള മേഖലയുമായതിനാല്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ സൈക്കാട്രിയില്‍ തന്നെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി, ഈ കാലഘട്ടത്തിലുണ്ടായ മറക്കാനാകാത്ത അനുഭവങ്ങളിലൂടെ മാനസികാരോഗ്യത്തെ സാമൂഹികമായും ചികിത്സാപരമായും എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നേടിയെടുത്തു.

ആ അനുഭവജ്ഞാനത്തിലൂടെ ഹൈദരാബാദില്‍ സ്വന്തമായി, ‘Neya Psychiatric Clinic’ ആരംഭിച്ചപ്പോള്‍ അവിടെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടുന്ന പദ്ധതികള്‍ ചിട്ടപ്പെടുത്തി. മനസ്സിന്റെ താളംതെറ്റി തന്റെ അടുത്തെത്തുന്ന ഒരാളെ ക്ഷമയോടെ, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക എന്നതാണ് ഒരു സൈക്യാട്രിസ്റ്റ് ചികിത്സയുടെ പ്രാഥമിക ഘട്ടമായി ചെയ്യേണ്ടത് എന്നാണ് ഡോ.പ്രിയയുടെ കാഴ്ചപ്പാട്.

കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധര്‍ എന്നിങ്ങനെ ‘Neya Psychiatric Clinic ല്‍ എത്തുന്ന ഏതു പ്രായക്കാരുടെ പ്രശ്‌നങ്ങളെയും ഒരു ആത്മസുഹൃത്തിനെപ്പോലെ കേള്‍ക്കുന്നു. മെഡിറ്റേഷനും സൈക്കോതെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാരീതിയാണ് ഇവിടെയുള്ളത്. ഏതു പ്രായത്തിലുള്ള രോഗികള്‍ക്കും ശ്രദ്ധനല്‍കുന്ന വിധത്തിലുള്ള സൈക്കോതെറാപ്പി സെക്ഷനുകളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പുതുതലമുറ നേരിടുന്ന മാനസിക വെല്ലുവിളികള്‍ക്ക് ഡോ. പ്രിയ ആര്‍. നായര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തിന് പ്രത്യാഘാതമേല്‍പ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രധാന പങ്കുണ്ടെന്ന് തന്റെ നിരീക്ഷണത്തിലൂടെ അവര്‍ മനസ്സിലാക്കുന്നു. തീവ്രമായ മത്സരം നിലനില്‍ക്കുന്ന പുതുലോകം യുവതലമുറയ്ക്ക് മേല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുന്നു. തന്റെ ക്ലിനിക്കിലെത്തുന്ന ധാരാളം ചെറുപ്പക്കാര്‍ മാനസിക രോഗങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത, മാനസികാരോഗ്യത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറിയ യുവതലമുറയുടെ പ്രതീകങ്ങളാണെന്ന് ഡോ. പ്രിയ പറയുന്നു.

ഔദ്യോഗിക ജീവിതത്തില്‍ ഏറെ സന്തോഷം നല്‍കുന്നത് എന്തെന്ന് ചോദിച്ചാല്‍ ഡോക്ടര്‍ പ്രിയ ആര്‍ നായര്‍ എന്ന സൈക്യാട്രിസ്റ്റ് പറയുന്നതിങ്ങനെ; ”ഡിപ്രഷന്‍ അനുഭവിക്കുന്നവരുടെ മുഖത്ത് ഒരു ചിരി നിറയ്ക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഹാപ്പിയാണ്.”

മാനസികാരോഗ്യത്തോടുള്ള സമൂഹത്തിന്റെ സ്റ്റിഗ്മയെ ദൂരീകരിച്ച്, രോഗികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന, തുറന്ന സമീപനമുള്ള ലോകത്തെ സൃഷ്ടിക്കാനുള്ള ഈ സൈക്യാട്രിസ്റ്റിന്റെ ശ്രമങ്ങള്‍ക്ക് നമുക്ക് പിന്തുണ നല്‍കാം…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button