EntreprenuershipSuccess Story

ലക്ഷ്മി ജി കുമാര്‍; പാഷനെയും പ്രൊഫഷനെയും ചേര്‍ത്ത് ലോകം കീഴടക്കിയ വനിത

അക്ഷരങ്ങളിലും വരകളിലും മാത്രമല്ല, മനുഷ്യഹൃദയങ്ങളിലുമാണ് ലക്ഷ്മി ജി കുമാറിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലക്ഷ്മി, ഇപ്പോള്‍ ട്രെയിനിങ് രംഗത്തും ചരിത്രം രചിച്ചിരിക്കുകയാണ്. JCI ഇന്ത്യ സോണ്‍ 22ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ മുഖേന, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ട്രെയിനിങ് സംഘടിപ്പിച്ചുകൊണ്ട്, ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ലക്ഷ്മി ജി കുമാറിന് സാധിച്ചു.

സോണ്‍ ഡയറക്ടര്‍ ട്രെയിനിങ് എന്ന നിലയില്‍ ലക്ഷ്മി ഈ മഹത്തായ പരിപാടിയെ നയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ട്രെയിനര്‍മാരെ ഒന്നിപ്പിച്ച ഈ വന്‍മാരത്തോണ്‍, മികച്ച ഒരു ദൗത്യമെന്നതിലുപരി പരിശീലന മേഖലയിലെ നവോത്ഥാന ചുവടുവയ്പായി മാറി.

സമൂഹത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തുന്ന ലക്ഷ്മിയുടെ പാതകള്‍ ഇതിനകം തന്നെ നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ പരീക്ഷാഭയം അകറ്റിയ അവരുടെ ‘Exam Eaze’ സെഷനുകള്‍, പരിശീലന രംഗത്തെ ലക്ഷ്മിയുടെ ദൗത്യത്തെ കൂടുതല്‍ ശക്തമാക്കി.

കുട്ടികളെ പുതിയ വഴിയിലേക്ക് നയിക്കുന്നത് മാത്രമല്ല, സ്വന്തം കഴിവിലൂടെ സമൂഹത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കാനും ലക്ഷ്മിക്ക് സാധിച്ചു. കൗതുകം ഉണര്‍ത്തുന്നതും, സമകാലിക പ്രസക്തിയുള്ള വരികളിലൂടെ സമൂഹത്തെ വാര്‍ത്തെടുക്കാനും ലക്ഷ്മി ശ്രമിക്കുന്നു. രണ്ട് ധ്രുവങ്ങളിലുള്ള വ്യത്യസ്തമായ ആശയങ്ങളാണ് ഇവിടെ ഒരുമിച്ച് ചേര്‍ന്നിരിക്കുന്നത്. ഒന്നാമത്തേത് കലയുടെയും സാഹിത്യത്തിന്റെയും ലോകം, മറ്റൊന്ന് സന്നദ്ധ സേവനത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകള്‍. അങ്ങനെ വ്യത്യസ്തമായ അധ്യായങ്ങള്‍ നിറഞ്ഞതാണ് ലക്ഷ്മിയുടെ ജീവിതം.

2020ല്‍ JCI കഴക്കൂട്ടം പ്രസിഡന്റായാണ് ലക്ഷ്മി പ്രവര്‍ത്തനം ആരംഭിച്ചത്. 2020ലെ കോവിഡ് കാലത്ത് 1000 ട്രെയിനിങ് പ്രോഗ്രാമുകള്‍ നോണ്‍ സ്‌റ്റോപ്പായി നടത്തി ട്രെയിനിങ് മാരത്തണ്‍ സംഘടിപ്പിച്ച ചരിത്രവും ലക്ഷ്മിക്കുണ്ട്. 2021ല്‍ JCI സോണ്‍ 22 വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തുകൊണ്ടാണ് ലക്ഷ്മി തന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായത്. 2025ല്‍ സോണ്‍ ഡയറക്ടര്‍ ട്രെയിനിങ് എന്ന നിലയില്‍, ഒരു മാസത്തിനുള്ളില്‍ 5000 കുട്ടികളിലേക്ക് പരീക്ഷാഭയം അകറ്റാനുള്ള സെഷനുകള്‍ വിജയകരമായി സംഘടിപ്പിച്ചു. നാലുവര്‍ഷക്കാലം കൊണ്ട് ലക്ഷ്മി നേടിയെടുത്തത് അനവധി നേട്ടങ്ങളും അവാര്‍ഡുകളുമാണ്.

Agni – Igniting Lives എന്ന പേരില്‍ തിരുവനന്തപുരത്ത് പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനത്തിന്റെ എം.ഡിയായി 2015 മുതല്‍ ലക്ഷ്മി പ്രവര്‍ത്തനം തുടരുകയാണ്. ഗവണ്‍മെന്റ് അംഗീകൃത ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി ചികിത്സ നല്‍കുകയും, നെഴ്‌സിങ് കെയര്‍, ഫിസിയോതറാപ്പി തുടങ്ങിയ ആരോഗ്യ സേവനങ്ങള്‍ Agni വഴി ചെയ്ത് നല്‍കുന്നുണ്ട്.

കലയും സാഹിത്യവും ചേര്‍ന്ന ‘അഗ്‌നി’ എന്ന പുസ്തകത്തിലൂടെ ലക്ഷ്മി തന്റെ സൃഷ്ടിയുടെ ആഴം തുറന്നുകാട്ടി. സ്ത്രീശാക്തീകരണത്തെയും സമൂഹത്തെ ഉണര്‍ത്തുന്ന ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന പുതിയ പുസ്തകം ഇപ്പോള്‍ പ്രകാശനത്തിനൊരുങ്ങുകയാണ്.

സന്നദ്ധ സേവനവും വിദ്യാഭ്യാസവും കലയും ഒരുമിച്ച് ചേര്‍ന്നാണ് ലക്ഷ്മി തന്റെ ജീവിതം തീര്‍ത്തത്. ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ഈ നേട്ടം, അവളുടെ പാഷനും പ്രൊഫഷനും ചേര്‍ന്ന് സൃഷ്ടിച്ച അത്ഭുതത്തിന്റെ തെളിവാണ്. കേരളത്തിന്റെ അഭിമാനമായ ലക്ഷ്മി ജി കുമാര്‍, ലോകം കീഴടക്കിയ ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button