EntreprenuershipSuccess Story

കുറുക്ക്; സ്‌നേഹം ചേര്‍ത്തൊരുക്കിയ തനിമയുള്ള രുചി

തൃശൂര്‍ക്കാരിയായ മര്‍വ സിറാജ് എന്ന ഉമ്മയുടെയും ‘കുറുക്ക്’ (Kurukku) എന്ന ബ്രാന്‍ഡിന്റെയും കഥ വെറുമൊരു ബിസിനസ്സ് വിജയഗാഥയല്ല; അത് കരുതലിന്റെയും ഗുണമേന്മയുടെയും ഒരു മനോഹരമായ യാത്രയാണ്.

മൂന്ന് മക്കളുടെ ഉമ്മയായ മര്‍വ തന്റെ ആദ്യ രണ്ട് കുട്ടികള്‍ക്കും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്‍കിയിരുന്നത്. എന്നാല്‍ മൂന്നാമത്തെ കുഞ്ഞിന്റെ സമയത്ത് ജോലിയോടൊപ്പം കുഞ്ഞിനുള്ള ഭക്ഷണമൊരുക്കുകയെന്നത് മര്‍വയെ സംബന്ധിച്ച് ഒരു വെല്ലുവിളി കൂടിയായി മാറി. ഈ കാലത്ത് വിപണിയിലെ ബേബി ഫുഡ് ബ്രാന്‍ഡുകളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്; വിശ്വസിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന, കൃത്യമായ ചേരുവകളുള്ള ഭക്ഷണങ്ങള്‍ കണ്ടെത്തുക പ്രയാസകരമാണ്. ഈ ഒരു ആശങ്കയാണ് തന്റെ അടുക്കളയില്‍ നിന്ന് ‘കുറുക്ക്’ എന്ന സംരംഭത്തിന് തുടക്കമിടാന്‍ മര്‍വയെ പ്രേരിപ്പിച്ചത്.

”എന്റെ കുഞ്ഞിന് നല്‍കാന്‍ എനിക്ക് ധൈര്യമില്ലാത്ത ഒന്ന് മറ്റൊരു കുഞ്ഞിനും ഞാന്‍ നല്‍കില്ല”, എന്ന മര്‍വയുടെ ഉറച്ച നിലപാടാണ് ഈ സംരംഭത്തിന്റെ അടിത്തറ. മൂന്ന് വര്‍ഷം മുന്‍പ് കണ്ണന്‍കായപ്പൊടി, നവര അരി, സൂജിഗോതമ്പ് തുടങ്ങി കേവലം നാല് ഉത്പന്നങ്ങളുമായി തുടങ്ങിയ ഈ യാത്ര ഇന്ന് 27ഓളം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളില്‍ എത്തിനില്‍ക്കുന്നു. മില്ലറ്റുകള്‍, പഴങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഇന്ന് കുറുക്കിന്റെ പ്രത്യേകതയാണ്.

ജൈവകര്‍ഷകരെ നേരിട്ട് കണ്ട് ചേരുവകള്‍ ശേഖരിക്കുന്നത് മുതല്‍ നിര്‍മാണം വരെ തികച്ചും ഓര്‍ഗാനിക് രീതിയിലാണ് കുറുക്കിലെ ഓരോ വിഭവങ്ങളും ഒരുങ്ങുന്നത്. ഓര്‍ഗാനിക് എന്ന് പേരിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തി തന്നെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളും. മുന്‍പ് വെയിലില്‍ ഉണക്കിയായിരുന്നു നിര്‍മാണമെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഇപ്പോള്‍ ഡ്രയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വീട്ടിലുണ്ടാക്കുന്ന അതേ ഗുണമേന്മ നിലനിര്‍ത്തുന്നുണ്ട്.

ഓരോ ആഴ്ചയും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് മാത്രം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ ‘ഫ്രഷ്’ ആയി തന്നെ ഉപഭോക്താക്കളില്‍ പ്രോഡക്റ്റ് എത്തിക്കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
ഒരു ഫിസിക്കല്‍ സ്‌റ്റോര്‍ പോലുമില്ലാതെ ഇന്‍സ്റ്റാഗ്രാമിലൂടെയും വാമൊഴിയിലൂടെയും വളര്‍ന്ന ‘കുറുക്ക്’ ഇന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുപോലും വലിയ തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഒരു സംരംഭമായി മാറിയിട്ടുണ്ട്.

മര്‍വയുടെ കുടുംബം നല്‍കുന്ന വലിയ പിന്തുണയും ഈ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. നിലവില്‍ ഇതൊരു ‘ഹോംമെയ്ഡ് കണ്‍സെപ്റ്റ്’ ആണെങ്കിലും, ഭാവിയില്‍ സ്വന്തമായി ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിച്ച് കൂടുതല്‍ കുഞ്ഞുങ്ങളിലേക്ക് ഈ സ്‌നേഹവും ആരോഗ്യവും എത്തിക്കാനാണ് മര്‍വ ലക്ഷ്യമിടുന്നത്. ഒരു സംരംഭക എന്നതിലുപരി ഒരു ഉമ്മയുടെ ജാഗ്രതയോടെ മര്‍വ ഒരുക്കുന്ന ഓരോ പാക്കറ്റും ഇന്ന് അനേകം അമ്മമാരുടെ ആശങ്കകള്‍ക്കുള്ള ഉത്തരം കൂടിയായി മാറുകയാണ്.

https://www.instagram.com/kurukku_babyfoods?igsh=enhibHoxaHV3d2xr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button